/sathyam/media/media_files/2026/01/28/thieves-2026-01-28-19-59-10.jpg)
കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചു വന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെ തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല.
സമാന രീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും, മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.
നാല്പതോളം വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്ന ശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ സന്ധ്യയോടു കൂടി തന്‍റെ ബുള്ളറ്റിൽ ചുറ്റിനടന്ന് വീടുകൾ കണ്ടുവച്ചതിനു ശേഷം അവിടെ കയറിയായിരുന്നു മോഷണം. രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി ക്യാമറകളിൽ പതിയും എന്നുള്ളതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയുമാണ് സഞ്ചാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us