/sathyam/media/media_files/XKWVPSwvMTiwGEwf2BNQ.jpg)
ആലപ്പുഴ; മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച അനില്‍ മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
പ്രതികളിലൊരാളായ പ്രമോദ് ഭാര്യയുമായുള്ള വഴക്കിനിടെ 'കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്' ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വര്‍ഷത്തിനു ശേഷം പുറത്തുവരാന്‍ ഇടയാക്കിയത്. ഇതിനു പിന്നാലെയാണ് കൊലപാതകം അറിയിച്ച് പൊലീസിന് ഊമക്കത്ത് ലഭിച്ചത്.
കലയുടെ മൃതദേഹം സംസ്‌ക്കരിച്ചെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കില്‍നിന്നു ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല. കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
അനിലിന്റെ ബന്ധുക്കളും ഇരമത്തൂര്‍ സ്വദേശികളുമായ കണ്ണമ്പള്ളില്‍ ആര്‍.സോമരാജന്‍ (56), കണ്ണമ്പള്ളില്‍ കെ.സി.പ്രമോദ് (40), ജിനു ഭവനത്തില്‍ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടത്.
മൂന്നു മാസം മുന്‍പ് പൊലീസിനു ലഭിച്ച ഊമക്കത്താണ് നിര്‍ണായകമായത്. കത്തിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മാന്നാര്‍ കൊലക്കേസില്‍ അറസ്റ്റിലായ കെ.സി.പ്രമോദ് സ്‌ഫോടകവസ്തുവും പെട്രോളുമായെത്തി ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
ഉപദ്രവത്തെ തുടര്‍ന്നാണ് പ്രമോദിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. അവിടെ സ്‌ഫോടക വസ്തുക്കളുമായി എത്തിയ പ്രമോദ് വഴക്കുണ്ടാക്കി. മാര്‍ച്ച് 24ന് നടന്ന സംഭവത്തെ തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു.
'കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്' പ്രമോദ് വെല്ലുവിളിച്ചു. ഇതിനു ശേഷമാണ് മാന്നാര്‍ പോസ്റ്റ് ഓഫിസില്‍നിന്ന് ഊമക്കത്ത് അമ്പലപ്പുഴ പൊലീസിനു ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us