ആലപ്പുഴ: മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പ് നൽകിയ ഖനനാനുമതി ഉൾപ്പെടെയുള്ള നിയമവശങ്ങൾ പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ മാവേലിക്കര റസ്റ്റ് ഹൗസിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം.
ഇതിനായി ജില്ല കളക്ടറെ യോഗം ചുമതലപ്പെടുത്തി. വൻകിട പദ്ധതികൾക്കായി ഖനനാനുമതി നൽകുമ്പോൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ പറയുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട വകുപ്പ് പരിശോധിക്കേണ്ടതുണ്ട്. എന്നാൽ ഇതു സംബന്ധിച്ച രേഖകൾ ഫയലുകളിൽ കാണുന്നില്ല എന്നാണ് ജിജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചത്.
വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നടത്തേണ്ട പരിശോധനകൾ സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പാലിച്ചതായി കാണുന്നില്ല. ഇക്കാര്യത്തിൽ ജില്ല കളക്ടർ പരിശോധന റിപ്പോർട്ട് സമർപ്പിക്കുമ്പോൾ വ്യക്തത വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജിയർ പാലിക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലാ കളക്ടറുടെ വിശദമായ റിപ്പോർട്ട് ലഭിക്കുന്നതുവരെ സ്ഥലത്തെ മണ്ണെടുപ്പ് നിർത്തിവയ്ക്കുന്നതിനും തീരുമാനിച്ചു. പാലമേൽ പഞ്ചായത്തിലെ മണ്ണെടുപ്പ് സംബന്ധിച്ച തുടർ അപേക്ഷകൾ ജിയോളജി വകുപ്പ് പരിഗണിക്കുമ്പോൾ അവിടം പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂവെന്ന് മന്ത്രി പി. പ്രസാദ് നിർദ്ദേശിച്ചു.
സ്ഥലത്തിന്റെ പരിസ്ഥിതി ദുർബല സ്വഭാവം, കുടിവെള്ള ലഭ്യത, ഈ ഭാഗത്ത് മുമ്പു നടന്നിട്ടുള്ള പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുടെ വികസനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും അതിനായി പരിസ്ഥിതി ആഘാതം കുറഞ്ഞ ബദൽ സ്ഥലങ്ങൾ കണ്ടെത്തി മണ്ണ് എടുക്കാൻ സർവ്വകക്ഷിയോഗം ശുപാർശ ചെയ്തു.
കഴിഞ്ഞ ദിവസം സ്ഥലത്ത് മണ്ണെടുപ്പ് സ്ഥലത്ത് പോലീസിന്റെ ഭാഗത്തുനിന്ന് സ്വീകാര്യമല്ലാത്ത നടപടികൾ ഉണ്ടായിട്ടുണ്ടെന്നും യോഗം വിലയിരുത്തി. പോലീസ് ഡ്രസ്സ് കോഡ് പോലും പാലിക്കാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരോട് മോശമായി പെരുമാറി എന്ന പരാതിയിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ല പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. നാട്ടുകാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ ഗൗരവമല്ലാത്തത് ഒഴിവാക്കുന്ന കാര്യം പരിശോധിക്കാനും നിർദ്ദേശിച്ചു.
പാലമേൽ പഞ്ചായത്തിന്റെ കാർഷികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകൾ പരിഗണിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാര്യമായ വീഴ്ച സംഭവിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. യോഗത്തിൽ പറഞ്ഞു.
പോലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവുന്നതല്ലെന്നും പരിസ്ഥിതിയും കുടിവെള്ളവും സംരക്ഷിക്കാൻ നടത്തിയ സമരത്തിന് നേരെ പോലീസ് ചെയ്ത പ്രവർത്തികൾ പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും എം.എസ്. അരുൺകുമാർ എം.എൽ.എ. പറഞ്ഞു.
പാലമേലിന്റെ പരിസ്ഥിതി സംരക്ഷണം പ്രധാന്യമർഹിക്കുന്നതാണ്. യോഗത്തിന്റെ മൊത്തം വികാരം ജനങ്ങൾക്കൊപ്പമാണെന്നും കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ പറഞ്ഞു.
സർവ്വകക്ഷി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എം. എസ് അരുൺകുമാർ എം.എൽ.എ., ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, എ.ഡി. എം. എസ്. സന്തോഷ് കുമാർ, പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ബി. വിനോദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, മുൻ എം.എൽ.എ. ആർ രാജേഷ്, സമരസമിതി ചെയർമാൻ മനോജ് സി. ശേഖർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.