/sathyam/media/media_files/2025/09/21/kgmcta-2025-09-21-20-45-13.jpg)
ആലപ്പുഴ: സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപക തസ്തികകളുടെയും കാര്യത്തിലുള്ള ഗുരുതരമായ അപര്യാപ്തതകളും നാളിതുവരെ പരിഹരിക്കപ്പെടാത്ത ശമ്പള പരിഷ്കരണത്തിലെ അപാകതകളിലും പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) പ്രക്ഷോഭ പരിപാടികളിലേക്ക്. മെഡിക്കൽ കോളേജുകളുടെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
വിദ്യാർത്ഥി-അധ്യാപക അനുപാതവും, ത്രിതല രോഗീപരിചരണ സംവിധാനത്തിൽ, മെഡിക്കൽ കോളേജുകളിൽ രോഗി ബാഹുല്യത്തിന് ആനുപാതികമായ ഡോക്ടർമാരുടെ എണ്ണവും തമ്മിൽ വളരെ അന്തരം ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതും, പ്രത്യേകിച്ച് ഡിഎംഇ, സർക്കാർ എന്നിവർക്ക് ഉത്തമ ബോധ്യം ഉള്ളതുമാണ്.
ഇപ്പോൾ കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകൾക്ക് അനുമതി ലഭിച്ചു. ഇത് സ്വാഗതാർഹമായ കാര്യമാണെങ്കിലും ആവശ്യത്തിനുള്ള അദ്ധ്യാപക തസ്തിക സൃഷ്ടിക്കാതെ മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നും താത്കാലികമായി സ്ഥലംമാറ്റിയാണ് ഇതു നേടിയത്.
അനുമതി ലഭിച്ചതിനു ശേഷവും ആവശ്യത്തിനു തസ്തികകൾ സൃഷ്ടിച്ചിട്ടില്ല, പകരം താത്കാലിക സ്ഥലമാറ്റത്തിലൂടെ പ്രവർത്തനം തുടങ്ങാനാണ് ശ്രമിക്കുന്നത്. ഇത് എല്ലാ മെഡിക്കൽ കോളേജുകളുടെയും അദ്ധ്യാപനം, ചികിൽസ ഉൽപ്പെടെയുള്ള പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
കോന്നി ഇടുക്കി മെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങി മൂന്നാം വർഷമായിട്ടും ഇതുവരേയും ആവശ്യത്തിനു അദ്ധ്യാപക തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിച്ചിട്ടില്ല. ഇങ്ങനെ ഉള്ള മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ വളരെ അധികം സമ്മർദങ്ങൾ നേരിടുന്നു.
നിലവിൽ എല്ലാ ജില്ലകൾ തോറും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുക എന്ന ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ നയത്തിലൂടെ, വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ എന്‍എംസി നിഷ്കര്ഷിക്കുന്ന മിനിമം അധ്യാപകരുടെ അഭാവം പോലും നില നിൽക്കുന്നു.
ഈ അവസരത്തിലും രോഗീ പരിപാലനവും, ബിരുദാനന്തര അധ്യാപനവും അവതാളത്തിലാക്കുന്ന താൽക്കാലികം എന്ന് അവകാശപ്പെടുന്ന കൂട്ട സ്ഥലംമാറ്റങ്ങൾ അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണ്. പകിട കളിക്കുന്ന ലാഘവത്തോടെ അധ്യാപകരെ നിരന്തരം പുതിയ കോളേജുകളിലേക്ക് മാറ്റി കൊണ്ടിരിക്കുന്നു.
പുതിയതായി സർവീസിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർമാർക്ക് ഉണ്ടായ ശമ്പളക്കുറവ് യുവ ഡോക്ടർമാരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഇത്, നിലവിലുള്ള പല യുവ അധ്യാപകരെയും ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.
കൂടാതെ, നാല് വർഷത്തിലധികം വൈകിയെത്തിയ ശമ്പള പരിഷ്കരണത്തിൽ വലിയ അപാകതകൾ ഉണ്ടായിട്ടുണ്ടെന്നും, നാല് വർഷം ഒമ്പത് മാസത്തെ കുടിശ്ശിക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെജിഎംസിടിഎ താഴെപ്പറയുന്ന ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നു:
* എൻ.എം.സി. (National Medical Commission) മാനദണ്ഡങ്ങൾ അനുസരിച്ച് കാസർഗോഡ്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ മതിയായ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക.
* എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ തസ്തികകൾ അനുവദിക്കുക.
* മെഡിക്കൽ കോളേജുകളിൽ എൻ.എം.സി. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക.
* എൻട്രി കേഡറിലെ ശമ്പള അപാകതകൾ
പരിഹരിക്കുക.
* മെഡിക്കൽ കോളേജ് അധ്യാപകർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശികയും, മറ്റ് ശമ്പള അപാകതകളും അടിയന്തരമായി പരിഹരിക്കുക.
* കേന്ദ്രനിരക്കിൽ ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും ഉടൻ അനുവദിക്കുക. കേരളത്തിലെ കേന്ദ്ര സിവിൽ സർവീസ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചതുപോലെ ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക.
ഈ ആവശ്യങ്ങൾ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ സംഘടന നിർബന്ധിതമായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സെപ്റ്റംബർ 22-ന് കരിദിനവും 23-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി.എം.ഇ. ഓഫീസിലും ധർണ്ണയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ, അധ്യാപനം, ഒ.പി. സേവനങ്ങൾ തുടങ്ങിയവ നിർത്തിവെച്ചുകൊണ്ടുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസനാരാ ബീഗം ടി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ് സി.എസ്. എന്നിവർ അറിയിച്ചു.