ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ ജനറൽ മാനേജർ അജയ് രാമൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
എൻ.ടി.ബി.ആർ. സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ.കെ. കുറുപ്പ്, സീനിയർ സൂപ്രണ്ട് ഷാജി ബേബി, ജൂനിയർ സൂപ്രണ്ട് ബി. പ്രദീപ്, കെ.ജി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ ആർ.ഡി. ഓഫീസിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. കൂടാതെ, വിവിധ താലൂക്കുകളിലേക്കുള്ള ടിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും തിരുവല്ല താലൂക്ക് ഓഫീസിലും ആലപ്പുഴ കോട്ടയം ഡി.ടി.പി.സി. ഓഫീസുകളിലും സപ്ലൈ ഓഫീസുകളിലും ആർ.ടി.ഒ., ജോയിൻറ് ആർ.ടി.ഒ., സെയിൽ ടാക്സ് തുടങ്ങിയ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
3000 രൂപയുടെ ഗോൾഡ്, 2500 രൂപയുടെ സിൽവർ, 1500 രൂപയുടെ റോസ്, 500, 400, 200, 100 എന്നിങ്ങനെ രൂപയുടെ ടിക്കറ്റുകളാണ് ലഭ്യമായിത്തുടങ്ങിയത്.