ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ആലപ്പുഴ ജില്ലാ വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ റാലി സംഘടിപ്പിച്ചു

New Update
orange the world campaign

ആലപ്പുഴ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഗാർഹിക പീഡനം, സ്ത്രീധന-സൈബർ അതിക്രമങ്ങൾ എന്നിവ അവസാനിപ്പിക്കുന്നതിന്  ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. 

Advertisment

നവംബർ 25 മുതൽ ഡിസംബർ 10 വരെ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി എഡിഎം ആശാ സി എബ്രഹാം  ഫ്‌ളാഗ് ഓഫ് ചെയ്തു. 

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഡിജിറ്റൽ ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഓറഞ്ച് തൊപ്പികള്‍ അണിഞ്ഞ് പ്ലക്കാഡുകളേന്തി ആലപ്പുഴ ഗവ. ടിടിഐയിലെയും യുഐടിയിലെയും കളർകോട് ജോബ്സ് അക്കാദമിയിലെയും വിദ്യാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. 

കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച റാലി ആലപ്പുഴ ജെൻഡർ പാർക്കിൽ അവസാനിച്ചു. സ്ത്രീ സുരക്ഷയുടെ പ്രാധാന്യം വിളിച്ചോതി ടിടിഐ വിദ്യാർഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി. 

വനിത സംരക്ഷണ ഓഫീസർ മായ ജി പണിക്കർ, ആലപ്പുഴ അർബൻ സിഡിപിഒ കാർത്തിക, ജില്ലാ വനിത ശിശു വികസനവകുപ്പ് ജൂനിയർ സൂപ്രണ്ട് ഷീബ, ജെൻഡർ സ്പെഷ്യലിസ്റ്റ് ആതിര ഗോപി, ഡിസ്ട്രിക്ട് സങ്കല്പ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജില്ലാ കോഓർഡിനേറ്റർ സിജോയ് തോമസ്, മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Advertisment