'ഭഗവാന്റെ വേറെ വിധിയുണ്ടല്ലോ, പ്രകൃതിയുടെ നീതിയുണ്ട്. അതു പിറകെ വരും; വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്'; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ

New Update
reksssjkfd

ആലപ്പുഴ: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ. വിധി കേട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.

Advertisment

'ഭഗവാന്റെ വേറെ വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അതു പിറകെ വരും. അത്യപൂര്‍വമായ കേസു തന്നെയാണിത്. അതുകൊണ്ടു തന്നെ കോടതി വിധിയില്‍ കുടുംബം സംതൃപ്തരാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങള്‍ കോടതിയിലെത്തിച്ച ഡിവൈഎസ്പി ജയരാജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നു.'

'പ്രോസിക്യൂട്ടറോടും വളരെ നന്ദിയുണ്ട്. അദ്ദേഹത്തോട് നന്ദി പറഞ്ഞാല്‍ തീരില്ല. അതിക്രൂരമായ കൊലപാതകമാണ് നടത്തിയത്. വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് ഏട്ടനെ അവര്‍ കാണിച്ചു വെച്ചത്. അതു കണ്ടത് ഞാനും അമ്മയും മക്കളും അനിയനുമാണ്. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്ന്' രഞ്ജിത്തിന്റെ ഭാര്യ പറഞ്ഞു.

കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന് രഞ്ജിത്തിന്റെ അമ്മയും പ്രതികരിച്ചു. കോടതി ഞങ്ങളെ രക്ഷിച്ചു. വധശിക്ഷ തന്നെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വിചാരണ നേരിട്ട 15 പ്രതികള്‍ക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

Advertisment