/sathyam/media/media_files/DxGXcVqMhjgTvDse6TE0.jpg)
ആലപ്പുഴ: ജൂണ്‍ മൂന്നിന് നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കായംകുളം പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ യു. പ്രതിഭ എം.എല്‍.എ. നിര്‍വഹിക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ മുന്നൊരുക്ക യോഗം ഓണ്‍ലൈനായി ചേര്‍ന്നു.
ജില്ലയിലെ 756 ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലായി 1,23,117 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി. സ്‌കൂള്‍ യൂണിഫോം വിതരണം നടന്നുവരികയാണ്.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സ്‌കൂള്‍ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്‌നസ് പരിശോധന, സ്‌കൂള്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തികള്‍, ശുചീകരണ പ്രവൃത്തികള്‍ എന്നിവയും പൂര്‍ത്തിയായി.
വിദ്യാര്‍ഥികള്‍ക്കിടിയല്‍ ലഹരി ഉപയോഗം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ ലഹരിവിരുദ്ധ സ്വാഡ് പരിശോധനയും സ്‌കൂള്‍ പരിസരത്ത് കൃത്യമായ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തും.
സ്‌കൂള്‍ പരിസരത്തെ വെള്ളകെട്ട് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലേക്കുള്ള പ്രവേശനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ല കളക്ടര്‍ നിര്‍ദേശിച്ചു.
ഓടയുടെ സ്ലാബുകള്‍ കൃത്യമായി മൂടിയിട്ടുണ്ടെന്നും സ്‌കൂളുകളില്‍ ശുദ്ധജലവും കുടിവെള്ളവും ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ വിദ്യാഭ്യാസം, പോലീസ്, എക്‌സൈസ്, ആരോഗ്യം, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us