മാന്നാര്‍ പെരുമ്പുഴ പാലത്തില്‍വച്ച് കൊലപാതകം നടന്നു, മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി സെപ്റ്റിക് ടാങ്കില്‍ സംസ്‌കരിച്ചു; കലയെ ഭർത്താവ് കൊലപ്പെടുത്തിയത് പരപുരുഷ ബന്ധം ആരോപിച്ചെന്ന് എഫ്ഐആർ

കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അനിലിന്റെ അച്ഛൻ തങ്കച്ചൻ പറഞ്ഞു. ഈ വിവരം അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്ന അനിലിനെ അറിയിച്ചു. ഇതിനുപിന്നാലെ കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

New Update
sreekala Untitledbo

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കലയെ ഭർത്താവ് കൊലപ്പെടുത്തിയത് പരപുരുഷ ബന്ധം ആരോപിച്ചെന്ന് എഫ്ഐആർ. മാന്നാർ പെരുമ്പുഴ പാലത്തിൽവച്ച് കൊലപാതകം നടന്നുവെന്നും മൃതദേഹം മാരുതി കാറിൽ കൊണ്ടുപോയി സംസ്കരിച്ചെന്നുമാണ് എഫ്ഐആറിലുള്ളത്.

Advertisment

കലയുടെ ഭർത്താവായ അനിലാണ് കേസിലെ ഒന്നാംപ്രതി. അനിലിന്റെ ബന്ധുക്കളായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റു പ്രതികൾ. 

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ സ്ത്രീയാണ് കൊല്ലപ്പെട്ടതായി തെളിഞ്ഞത്. അമ്പലപ്പുഴ പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

യുവതിയുടെ ഭർത്താവ് അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

അനിലിന്റെ ബന്ധു സുരേഷാണ് കേസിൽ നിർണായക വിവരങ്ങൾ നൽകിയത്. 2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും പെരുമ്പുഴ പാലത്തിലെത്തി. അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടുവെന്നാണ് സുരേഷ് പൊലീസിന് മൊഴി നൽകിയത്.

കല കൊല്ലപ്പെട്ടതായും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് പറഞ്ഞ് താൻ മടങ്ങി. മറ്റുള്ളവര്‍ അനിലിനൊപ്പം ചേർന്ന് മൃതദേഹം മറവു ചെയ്തു.

കൊലപാതക വിവരം ഇതുവരെ പുറത്തു പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും സുരേഷ് മൊഴി നൽകിയിരുന്നു.

അതേസമയം, കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അനിലിന്റെ അച്ഛൻ തങ്കച്ചൻ പറഞ്ഞു. ഈ വിവരം അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്ന അനിലിനെ അറിയിച്ചു. ഇതിനുപിന്നാലെ കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിൽ എത്തിയത്. വീട്ടിൽ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ലെന്നും തങ്കച്ചൻ പറഞ്ഞു.

Advertisment