/sathyam/media/media_files/sSfkA63iHDQmE0utyV0A.jpg)
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെചൊല്ലി എൻ.സി.പി സംസ്ഥാന ഘടകത്തിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നു. രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ഉയർത്തി കുട്ടനാട് എം.എൽ.എ തോമസ്.കെ.തോമസ് വീണ്ടും രംഗത്തെത്തിയതാണ് ഇടവേളയ്ക്ക് ശേഷം ഭിന്നത
രൂക്ഷമാക്കിയിരിക്കുന്നത്.
മന്ത്രിസ്ഥാനം നൽകുമെന്ന ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കെ.തോമസ് ഉടൻ പാർട്ടി നേതാവ് ശരത് പവാറിനെ കാണും. ''മന്ത്രിസ്ഥാനത്തിൻെറ കാര്യത്തിൽ തീരുമാനം ഉണ്ടായേ പറ്റു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനൊപ്പം അതും ഉണ്ടാകണം. ജൂൺ4ന് മുൻപ് പവാർജിയുമായി സംസാരിക്കും.
ശരത് പവാർ നേരത്തെ ഉറപ്പ് നൽകിയ കാര്യമാണത്. അതിന് പരിഹാരം പവാർ തന്നെ കണ്ടേ ഒക്കത്തുളളു. ഇല്ലങ്കിൽ അതിനുളള മാർഗം നോക്കണം അത്രേയുളളു. വാക്ക് പറഞ്ഞ കാര്യമാണ്. വാക്കാണ് പ്രധാനം'- തോമസ്.കെ.തോമസ് ടെലിവിഷൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ.സി.പിക്ക് രണ്ട് എം.എൽ.എമാരുളളത് കൊണ്ടാണ് എ.കെ.ശശീന്ദ്രൻ ഇപ്പോഴും മന്ത്രി സ്ഥാനത്തിരിക്കുന്നത്. കുട്ടനാട്ടിൽ നിന്ന് താൻ കൂടി ജയിച്ചത് കൊണ്ടാണ് അതിന് കഴിയുന്നത്. അതുകൊണ്ട് തൻെറ ഔദാര്യത്തിലാണ് മന്ത്രിസ്ഥാനത്ത് ഇരിക്കുന്നതെന്ന് ശശീന്ദ്രൻ മറക്കരുതെന്നും തോമസ്.കെ.തോമസ് ഓർമ്മിപ്പിച്ചു.
ഒരു എം.എൽ.എയെ ഉണ്ടായിരുന്നുളളുവെങ്കിൽ രണ്ടര വർഷമേ മന്ത്രിസ്ഥാനം കിട്ടുമായിരുന്നുളളു.
തോമസ് കെ.തോമസും കുട്ടനാട്ടിൽ നിന്ന് ജയിച്ച് വന്നത് കൊണ്ടാണ് അദ്ദേഹം ഇപ്പോഴും മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത്. അദ്ദേഹം അത് ചിന്തിക്കണം. തോമസ് കെ തോമസിൻെറ ഔദാര്യത്തിലാണ് അവിടെ ഇരിക്കുന്നതെന്ന്. അല്ലാതെ കളളത്തരം പറഞ്ഞ് പരത്തുകയും അപവാദം പറഞ്ഞു പരത്തുകയോ അല്ലവേണ്ടത് തോമസ്.കെ.തോമസ് വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന ചോദ്യവും തോമസ്.കെ.തോമസ് ഉയർത്തുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരണോ എന്ന് സ്വയം തീരുമാനിക്കണമെന്നാണ് തോമസ്.കെ.തോമസിൻെറ പ്രതികരണം.
ശശീന്ദ്രന് ആരോഗ്യപ്രശ്നം ഉണ്ടെന്നത് അദ്ദേഹം തന്നെ മനസിലാക്കേണ്ട കാര്യമാണ്.എനിക്ക് പറ്റുവോ ഇല്ലയോയെന്ന് അദ്ദേഹം തീരുമാനിക്കണം.എല്ലാത്തിനും ഒരു നീതിയും ന്യായവുമുണ്ട്. അന്യായമായിട്ട് ആര് ചെയ്താലും അത് നിലനിൽക്കില്ല. ഇതാണ് ശശീന്ദ്രൻെറ ആരോഗ്യപ്രശ്നം സംബന്ധിച്ച് തോമസ്. കെ.തോമസ് നടത്തിയ പ്രതികരണം.
പ്രശ്നങ്ങളൊന്നുമില്ലാതെ തീരുമായിരുന്ന എൻ.സി.പിയിലെ മന്ത്രിസ്ഥാന കൈമാറ്റം സംഘർഷ ഭരിതമാക്കിയത് പി.സി.ചാക്കോ സംസ്ഥാന പ്രസിഡൻറ് ആയതോടെയാണെന്നാണ് തോമസിനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം.
തോമസ്.കെ. തോമസിൻെറ പ്രതികരണത്തിലും പി.സി.ചാക്കോയെ ലക്ഷ്യം വെച്ചുളള ആരോപണങ്ങളുണ്ട്. ചാക്കോയുടെ പേര് പരാമർശിക്കാതെയാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് മാത്രം.
''മന്ത്രിസ്ഥാനം വീതംവെയ്പ് പ്രശ്നമായത് പുതിയ പ്രസിഡന്റ് വന്നശേഷമാണ്. അല്ലെങ്കിൽ എൻ.സി.പി ഒരു പ്രശ്നങ്ങളുമില്ലാതെ മുന്നോട്ടുപോയിരുന്ന പാർട്ടിയാണ്. പുതുതായി പാർട്ടിയിലേക്ക് വരുന്നവർക്ക് പല ഉദ്ദേശങ്ങളുമുണ്ടാകും. അവരാരും ചുമ്മാതിങ്ങോട്ട് കയറിവന്നതല്ല ദൂരക്കാഴ്ചയിൽ ഓരോ ലക്ഷ്യങ്ങളുണ്ടാവും.
ഇവിടേക്ക് വന്നാൽ ഇന്നത് നേടാം എന്ന് വിചാരിച്ചാണ് വരുന്നത്.എൻ.സി.പിയെ വളർത്താൻ വന്നവരൊന്നുമല്ല അവരാരും. തോമസ്.കെ.തോമസ് ആഞ്ഞടിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ തോമസ്.കെ.തോമസ് മന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. മുന്നണിയെ നയിക്കുന്ന പാർട്ടിയുടെ നേതാവായ തനിക്ക് പ്രശ്നത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, എൻ.സി.പി തീരുമാനിച്ച് അറിയിച്ചാൽ തോമസിനെ മന്ത്രിയാക്കുന്നതിൽ തടസമില്ലെന്നും തോമസ്.കെ.തോമസിനെ അറിയിച്ചിട്ടുണ്ട്.
ഈ ആത്മവിശ്വാസത്തിലാണ് മന്ത്രിസ്ഥാനം ലക്ഷ്യംവെച്ച് രണ്ടും കൽപ്പിച്ചുളള നീക്കത്തിനായി തോമസ്.കെ.തോമസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനം നൽകണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് തോമസ്.കെ.തോമസ് മുഖ്യമന്ത്രിക്കും ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജനും കത്തും നൽകിയിട്ടുണ്ട്.
രണ്ടാം പിണറായി സർക്കാരിൻെറ രൂപീകരണ വേളയിൽ തന്നെ രണ്ടര വർഷക്കാലം വീതം തനിക്കും എ.കെ.ശശീന്ദ്രനുമായി മന്ത്രിസ്ഥാനം വീതം വെയ്ക്കണമെന്ന് ധാരണയുണ്ടായിരുന്നു. ഇപ്പോൾ അജിത് പവാർ പക്ഷത്തിനൊപ്പം ബി.ജെ.പി മുന്നണിയിലേക്ക് പോയ പ്രഫുൽ പട്ടേലിൻെറ സാന്നിധ്യത്തിലാണ് ധാരണയുണ്ടായത്.
ശരത് പവാറിൻെറ പ്രതിനിധിയായാണ് പ്രഫുൽ പട്ടേൽ യോഗത്തിനെത്തിയത്. യോഗത്തിലെ ധാരണ പ്രഫുൽ പട്ടേൽ, പവാറിനെ അറിയിച്ചിട്ടുളളതുമാണെന്നാണ് തോമസ്.കെ.തോമസിൻെറ വാദം. എന്നാൽ മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോയും ഇത് അംഗീകരിക്കുന്നില്ല.
മന്ത്രിസ്ഥാനം വീതം വെയ്ക്കുന്നത് സംബന്ധിച്ച് ധാരണയൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നത്. മഹാരാഷ്ട്രയിലെ പിളർപ്പോടെ എൻ.സി.പിയുടെ നില പരുങ്ങലിലാണ്. ഭൂരിപക്ഷം നേതാക്കളും എം.എൽ.മാരും ശരത് പവാറിൻെറ അനന്തിരവൻ അജിത് പവാറിനൊപ്പമാണ്.
പാർട്ടിയുടെ ചിഹ്നവും കൊടിയും എല്ലാം അജിത് വിഭാഗത്തിനാണ് ലഭിച്ചത്. ഈ നിലയിൽ അസ്ഥിത്വം നഷ്ടപ്പെട്ട് നിൽക്കുന്ന ശരത് പവാറും കൂട്ടരും കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ലോകസഭാ തിരഞ്ഞെടുപ്പിൻെറ ഫലത്തെ ആശ്രയിച്ചായിരിക്കും അതിൻെറ മുന്നോട്ടുപോക്ക്. എന്നാൽ പവാർ കോൺഗ്രസിൽ ലയിച്ചാൽ കേരളത്തിലെ എൻ.സി.പി നേതൃത്വം വീണ്ടും പ്രതിസന്ധിയിലാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us