കൊച്ചി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് മാതാപിതാക്കളും കുട്ടികളും മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന.
ജൂണ്‍ 8-നാണ് അങ്കമാലിയില്‍ മലഞ്ചരക്ക് മൊത്തവ്യാപാരിയായിരുന്ന പാറക്കുളം അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യന്‍, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്‍ എന്നിവര്‍ മരിച്ചത്.
ഇവരുടെ കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍. തലേദിവസം ബിനീഷ് കുര്യന്‍ പെട്രോള്‍ വാങ്ങിവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ബിനീഷും ഭാര്യയും മക്കളും മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിന്റെ അമ്മ ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ മുകളിലത്തെ നിലയിലെ മുറിയില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബിനീഷിന്റെ അമ്മ ഉണര്‍ന്നത്.
മുറിയില്‍നിന്ന് തീ ഉയരുന്നത് കണ്ട അമ്മ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്.