50 ഇനം മുളകള്‍ വാങ്ങാം ബാംബൂ ഫെസ്റ്റില്‍; കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനത്ത് തുടരുന്ന ബാബൂ ഫെസ്റ്റ് വ്യാഴാഴ്ച സമാപിക്കും

New Update
bamboo fest-2

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനത്ത് തുടരുന്ന ബാബൂ ഫെസ്റ്റ് കാണാനെത്തുന്നവരെ വരവേല്‍ക്കുന്നത്  മുള ചെടിയിന കൂട്ടങ്ങളാണ്. വേദിക്കു മുന്‍പില്‍ തന്നെയാണ് മുള ചെടിയിനങ്ങള്‍ വില്‍പ്പനക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഓക്സിജന്‍ ഇത്ര അധികമായി വിട്ടുനല്‍കുന്ന മുളയിനങ്ങളെ വാങ്ങാനെത്തുന്നവരും നിരവധി.

Advertisment

അമ്പത് മുളയിനങ്ങള്‍ ചെടിത്തോട്ടത്തിലായുണ്ട്. പെന്‍സില്‍ മുള, ഇല്ലി, ബുഷ് ബാംബൂ, വെള്ളയില, ചെമ്പ് മുള, ബുദ്ധ ബാംബൂ, ആന മുള, ക്രീപ്പര്‍ മുള, കറുത്ത മുള, ഈറ്റ, ചൈനീസ് ബാംബൂ, ഉയി, ഗോള്‍ഡന്‍ ബാംബൂ, വാട്ടര്‍ ബാംബൂ തുടങ്ങിയവ ഇതിലുള്‍പ്പെടും. ഏറ്റവും അധികം ആവശ്യക്കാര്‍  ഗോള്‍ഡന്‍   ബാംബൂവിനാണെന്ന് സ്റ്റോള്‍ ഉടമകള്‍ പറയുന്നു.

bamboo fest

ഹരിത സ്വര്‍ണം എന്നറിയപ്പെടുന്ന മുളകളുടെ ചരിത്രവും ഇന വൈവിധ്യങ്ങളും ഇവിടെ നിന്നറിയാം. ചെലവ് കുറഞ്ഞ, പരിചരണം തീരെ കുറവ് ആവശ്യമുള്ള ഉത്തമ കാര്‍ഷിക വിളയായ മുള വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരുണ്ട്. 

കെട്ടിട നിര്‍മ്മാണം, വീട്ടു സാമാഗ്രികള്‍, അലങ്കാര വസ്തുക്കളുടെ നിര്‍മ്മാണം, ആഭരണ - കളിപ്പാട്ട നിര്‍മ്മാണം, മണ്ണൊലിപ്പ് തടയാനും തീര സംരക്ഷണത്തിനും, ഭക്ഷ്യോല്‍പന്ന നിര്‍മ്മാണം തുടങ്ങിയവയ്‌ക്കെല്ലാം മുളകള്‍ ഉപയോഗിക്കുന്നുണ്ട്.

മുളയരി ഉല്‍പന്നങ്ങളുടെ വിഭവങ്ങളും ഫെസ്റ്റില്‍ ലഭ്യമാണ്. ഒപ്പം കാട്ടു തേന്‍, നാടന്‍ തേന്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായവയും മറയൂര്‍ ശര്‍ക്കര ഉള്‍പ്പെടെയുള്ളവയും രക്തചന്ദനം തുടങ്ങിയ ചന്ദനപൊടികളും ഫെസ്റ്റില്‍ കിട്ടും.

bamboo fest-3

വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 22 -ാമത് കേരള ബാംബൂ ഫെസ്റ്റ് വ്യാഴാഴ്ച സമാപിക്കും. 

സന്ദര്‍ശകരുടെ തിരക്കും ആവശ്യവും പരിഗണിച്ച് അവസാന ദിവസം സന്ദര്‍ശന സമയക്രമത്തില്‍ മാറ്റം വരുത്തി. സമാപന ദിവസമായ ജനുവരി ഒന്നിനു രാവിലെ 10.30 മുതല്‍ രാത്രി 9.00 വരെയാണ് പുതുക്കിയ സമയക്രമം. 

അന്നേദിവസം വൈകുന്നേരം 6:30 മുതല്‍ രാത്രി 8: 00 മണി വരെ  കാസര്‍ഗോഡ് ജില്ലയിലെ പരമ്പരാഗത കലാരൂപമായ കൊറഗ് നൃത്ത പരിപാടി അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

Advertisment