/sathyam/media/media_files/img-20240622-wa0044.jpg)
പെരുമ്പാവൂർ: വായനാവാരാഘോഷത്തിൽ വളയൻചിറങ്ങര ഗവണ്മെന്റ് എൽ.പി. സ്ക്കൂളിലെ കൊച്ചുകൂട്ടുകാർക്കു മുമ്പിൽ ഇത്തവണ അതിഥിയായെത്തിയത് ബാംബൂ ഗേൾ നൈന ഫെബിനായിരുന്നു. ആട്ടവും പാട്ടും കൂട്ടിക്കലർത്തി കുട്ടികൾക്കിടയിലേയ്ക്കിറങ്ങിയ നൈന അവരെ നിമിഷനേരംകൊണ്ടാണ് കയ്യിലെടുത്തത്.
/sathyam/media/media_files/img-20240622-wa0045.jpg)
വരും തലമുറ അറിഞ്ഞിരിയ്ക്കേണ്ട പരിസ്ഥിതി പാഠങ്ങൾ സംഗീതത്തിലൂടെ കുഞ്ഞു മനസ്സുകളിലേയ്ക്ക് എത്തിയ്ക്കുക എന്നതായിരുന്നു നൈനയുടെ ലക്ഷ്യം. താളമിട്ടും കൂടെപ്പാടിയും പല കുഞ്ഞുങ്ങളും നൈനയ്ക്കൊപ്പം ചേർന്നു.
സ്‌കൂളിലെ പിടിഎയുടെ ക്ഷണം സ്വീകരിച്ചാണ് എത്തിയത്. മുളയുടെ തോഴി, ബാംബൂ ഗേൾ തുടങ്ങിയ പേരുകളിൽ കേരളക്കരയാകെ അറിയപ്പെടുന്ന ഉണ്ണിമോൾ നൈന ഫെബിന്റെ പാട്ടും നൃത്തവുമെല്ലാം മുളകൾക്കും പരിസ്ഥിതിയ്ക്കും വേണ്ടിയുള്ളതാണ്. പച്ചപ്പിനെ മാനവികതയോട് ചേർത്തു നിർത്തുന്ന പരിസ്ഥിതി രാഷ്ട്രീയമാണ് ഇവർ സമൂഹത്തോട് പാട്ടിലൂടെ പറയുന്നത്. മുളയിൽ തീർത്ത സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു കുട്ടികൾക്ക് മുമ്പിൽ മിന്നുന്ന പ്രകടനം.
/sathyam/media/media_files/img-20240622-wa0046.jpg)
മുളവർത്തമാനവും മഴപ്പെയ്ത്തും തീക്കനൽ വെയിലും നാട്ടുപാട്ടുകളും ചേർന്ന പരിസ്ഥിതി രാഷ്ട്രീയം പറഞ്ഞും പാടിയും നിരന്തരമായി ഇവിടെ ഒച്ചയുണ്ടാക്കിക്കൊണ്ടേയിരിക്കും എന്നാണ് നൈന പറയുന്നത്. വളയൻചിറങ്ങര സ്‌കൂളിലെ ഭൗതികസാഹചര്യങ്ങളും പഠനരീതികളും കുഞ്ഞുങ്ങൾ വച്ചുപുലർത്തുന്ന മികവുകളും കണ്ട് നേരുപറഞ്ഞാൽ അമ്പരന്നുപോയി എന്ന് പട്ടാമ്പി കൊപ്പം സ്വദേശിയായ ഈ യുവ പരിസ്ഥിതി പ്രവർത്തക ഫെയ്‌സ്ബുക്കിൽ കുറിച്ചു.
/sathyam/media/media_files/img-20240622-wa0047.jpg)
എട്ടാം തരത്തിൽ പഠിക്കുമ്പോൾ, പിറന്നാൾ ദിവസം മുതൽ ഒരു വർഷം കൊണ്ട് ആയിരത്തിലധികം മുളകൾ വെച്ചു പിടിപ്പിച്ച് ശ്രദ്ധേയയായിരുന്നു നൈന. മുളപ്പച്ചയെന്ന പേരിൽ മുളങ്കൂട്ടങ്ങൾ നിറഞ്ഞ ഗ്രാമങ്ങൾ ഒരുക്കാനുള്ള പരിശ്രമങ്ങളിലാണ് നൈനയിപ്പോൾ. 'ഒച്ച- ദി ബാംബൂ സെയിന്റ്' എന്ന നാടൻകലാസംഘം പ്രവർത്തനങ്ങൾക്ക് കൂട്ടായുണ്ട്. കലാപരിപാടികളിലൂടെ ശേഖരിക്കുന്നതുകകൊണ്ട് പീച്ചി മുളഗവേഷണ കേന്ദ്രത്തിൽ നിന്നും മുളന്തൈകൾ വാങ്ങി സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്.
/sathyam/media/media_files/img-20240622-wa0048.jpg)
2019-ൽ 'ആടിത്തിമിർത്ത കാൽപ്പാടുകൾ' എന്ന പേരിൽ നാടൻ കലകളുടെ പഠനവുമായി ബന്ധപ്പെട്ട ഒരു പുസ്തകവും നൈനയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. 2019-ലെ കേരള സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരവും സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 2020-ലെ ഉജ്ജ്വലബാല്യം പുരസ്‌കാരവും നേടിയിട്ടുള്ള നൈനയുടെ മാതാപിതാക്കൾ സബിതയും ഹനീഫയുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us