ചമയ കലാകാരനിൽ നിന്നും 'ചാക്യാരി'ലേയ്ക്ക് ! അയ്മുറി വേണുവിന്റെ അരങ്ങേറ്റം അറുപത്തിരണ്ടാം വയസ്സിൽ !

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
H

പെരുമ്പാവൂർ: ഒട്ടനവധി രംഗവേദി കലാകാരന്മാർക്ക് ചായം തേച്ച് ചമയങ്ങളൊരുക്കിക്കൊടുത്ത് കേരളത്തിലെ അറിയപ്പെടുന്ന മേക്ക്അപ്പ് ആർട്ടിസ്റ്റുമാരിലൊരാളായ അയ്മുറി വേണു സ്വന്തം നാട്ടിലെ ക്ഷേത്രത്തിൽ ചാക്യാരായി വിദൂഷകവേഷമണിഞ്ഞെത്തിയത് കാഴ്ചക്കാർക്ക് കൗതുകമായി.

Advertisment

നാടകാഭിനയത്തിലൂടെ അരങ്ങിനെയും ആസ്വാദകരെയും നന്നായി അറിഞ്ഞിട്ടുള്ള അയ്മുറി വേണുവിന് വിദൂഷകവേഷം അവതരിപ്പിക്കാൻ ഒട്ടും ആയാസപ്പെടേണ്ടിവന്നില്ല.

publive-image

സ്വതസിദ്ധമായ അഭിനയപാടവംകൊണ്ട് ആസ്വാദകരെ കയ്യിലെടുത്ത വേണുവിന്റെ അറുപത്തിരണ്ടാമത്തെ വയസ്സിലെ കലാരംഗത്തെ പുതിയ ചുവടുവയ്പ്പിലേക്കുള്ള ആദ്യ അരങ്ങായിരുന്നു അയ്മുറി പിഷാരിയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവവേദി.

വിദൂഷകരത്നം ഡോ. എടനാട് രാജൻ നമ്പ്യാരാണ് ഗുരു. പെരുമ്പാവൂരിലെ ട്രാവൻകൂർ റയോൺസിൽ തൊഴിലാളിയായിരിയ്ക്കെ കമ്പനി അടച്ചുപൂട്ടിയതോടെ, ചമയകല മറ്റൊരു ജീവിതമാർഗ്ഗമായി സ്വീകരിച്ചതായിരുന്നു അയ്മുറി തെക്കേമേപ്പിള്ളി വേണുഗോപാൽ.

publive-image

കലാകാരിയായിരുന്ന സ്വന്തം മകളുടെ മുഖത്ത് ചായമിട്ട മുൻപരിചയമൊന്നുമാത്രം കൊണ്ട് തുടക്കമിട്ടതാണ്. മൂന്നു പതിറ്റാണ്ടിലേറെയായി പെരുമ്പാവൂരിലെ കലാ, സാംസ്കാരിക രംഗത്ത് ശ്രദ്ധേയസാന്നിധ്യമായ അയ്മുറി വേണു പെരുമ്പാവൂർ ഫൈൻ ആർട്ട്സ് സൊസൈറ്റിയടക്കമുള്ള കലാസാംസ്കാരിക കൂട്ടായ്മയുടെ ഭാഗമാണ് എന്നും.

പെരുമ്പാവൂർ സംഘകല, കൊച്ചിൻ കലാസമിതി, ആലുവ മൈത്രി, കൊച്ചിൻ സംഘവേദി, കൊച്ചിൻ സുമംഗല, അങ്കമാലി ഐശ്വര്യ, അങ്കമാലി ഗുരുസാഗര തുടങ്ങി നിരവധി നാടകസമിതികളുടെ കളരിയിൽ ലഭിച്ച പരിശീലനവും അടങ്ങാത്ത അഭിനയമോഹവുമാണ് വേണുവിനെ കൂത്തരങ്ങിലേയ്ക്ക് വഴി തിരിച്ചുവിട്ടത്.

publive-image

ഉത്സവവേദികളിലും സ്കൂൾ യുവജനോത്സവങ്ങളിലും രംഗകലാകാരന്മാർക്കായി മുഖസൗന്ദര്യമൊരുക്കുന്ന തിരക്കുകളുടെ ഇടവേളകളിലാണ് സ്വന്തം അഭിനയമോഹം സാക്ഷാത്കരിയ്ക്കാനുള്ള സമയം കണ്ടെത്തുന്നത്. 

മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷൻ, പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ, കോസ്റ്റ്യും ഷോപ്പ് ഓണേഴ്സ് അസോസ്സിയേഷൻ എന്നീ സംഘടനകളുടെ സംസ്ഥാന- ജില്ലാ ഭാരവാഹിയായും പ്രവർത്തിക്കുന്നുണ്ട്. 

Advertisment