കോടനാട് പൊലീസ് സ്റ്റേഷന് അഭിമാനമായി സിപിഒ എം.സി. ചന്ദ്രലേഖ

പൊതുജനങ്ങളോടുള്ള പക്വമായ ഇടപെടലുകളിലും കേസന്വേഷണമടക്കമുള്ള പ്രവർത്തനരംഗങ്ങളിലെ മികവിനും  സേനയ്ക്കകത്തു നിന്ന് നിരവധി ഗുഡ് സർവ്വീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.

New Update
chanUntitledpo

പെരുമ്പാവൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് എറണാകുളം റൂറൽ ജില്ലയിലെ കോടനാട് പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.സി. ചന്ദ്രലേഖ അർഹയായി.

Advertisment

ഔദ്യോഗികരംഗത്ത് ഇരുപതു വർഷം പൂർത്തിയാകുന്ന വേളയിലാണ് സാമൂഹികപ്രതിബദ്ധതയുള്ള ജനസേവനത്തിന് ചന്ദ്രലേഖയ്ക്ക് പൊലീസ് മെഡൽ ലഭിച്ചിരിക്കുന്നത്. തൃശ്ശൂരിലെ പൊലീസ്‌ അക്കാദമിയിൽ 10 മാസത്തെ പരിശീലനം പൂർത്തിയാക്കി 2004 ഒക്ടോബറിലാണ് ചന്ദ്രലേഖ സംസ്ഥാന പൊലീസിന്റെ ഭാഗമായത്.

അങ്കമാലി സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. സ്ഥലംമാറ്റം ലഭിച്ച് കോതമംഗലത്തേയ്ക്കെത്തിയപ്പോൾ ഷാഡോ പൊലീസ് സംഘത്തിൽ അംഗമായി. ഡ്യൂട്ടിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറാകാത്ത ചന്ദ്രലേഖയുടെ പ്രവർത്തനങ്ങൾ അവിടെ ശ്രദ്ധിയ്ക്കപ്പെട്ടു.

cUntitledpo

പിന്നീടുണ്ടായ നിയമനം കാലടിയിലും പെരുമ്പാവൂരും ട്രാഫിക് യൂണിറ്റുകളിലായിരുന്നു. പെരുമ്പാവൂരിൽ ജോലി ചെയ്ത കാലയളവിൽ സംസ്ഥാനത്തു നിന്നും സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വനിതകളിൽ ഒരാളായിരുന്നു ചന്ദ്രലേഖ.

2013 മുതൽ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ ബോധവത്‌കരണ ക്ലാസ്സുകൾ നൽകുന്നതിൽ ശ്രദ്ധപതിപ്പിച്ചു തുടങ്ങി.  ജോലി സമയം കഴിഞ്ഞും സമൂഹനന്മ ലക്ഷ്യമിട്ടുള്ള പ്രതിഫലേച്ഛയില്ലാത്ത പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമായി ഇടപെട്ടുകൊണ്ടിരിയ്ക്കുന്നു.  

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ കൂടിയതോടെ എറണാകുളം റൂറൽ ജില്ലാ പൊലീസ് നടപ്പിലാക്കിയ 'വളരട്ടെ വാടാതിരിക്കട്ടെ' എന്ന ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും ഓർഫനേജുകളിലും കുടുംബശ്രീ പ്രവർത്തകർക്കിടയിലും ആദിവാസി കോളനികളിലും ചന്ദ്രലേഖ നടത്തിയ ക്‌ളാസ്സുകൾ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

chUntitledpo

പൊതുജനങ്ങളോടുള്ള പക്വമായ ഇടപെടലുകളിലും കേസന്വേഷണമടക്കമുള്ള പ്രവർത്തനരംഗങ്ങളിലെ മികവിനും  സേനയ്ക്കകത്തു നിന്ന് നിരവധി ഗുഡ് സർവ്വീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കുവേണ്ടി ജീവകാരുണ്യപ്രവർത്തകരോടൊപ്പവും സംഘടനകളുമായും ചേർന്ന് ചികിത്സാസഹായമടക്കം ലഭ്യമാക്കുന്നതിൽ സഹകരിച്ചു പ്രവർത്തിയ്ക്കാറുണ്ടെന്ന് ചന്ദ്രലേഖ പറഞ്ഞു.

മെഡൽ നേട്ടമറിഞ്ഞ് കൂടാലപ്പാട് പ്രവർത്തിയ്ക്കുന്ന സാന്ത്വനം കാരുണ്യ കൂട്ടായ്മയുടെ പ്രവർത്തകർ കോടനാട് പൊലീസ് സ്റ്റേഷനിലെത്തി ചന്ദ്രലേഖയെ അനുമോദിച്ചു. കോടനാട് സർക്കിൾ ഇൻസ്പെക്ടർ ജി.പി. മനുരാജ് മൊമെന്റോ സമ്മാനിച്ചു.

Untitledpocha

കുറിച്ചിലക്കോടാണ് ചന്ദ്രലേഖയുടെ സ്വദേശം. തൊടാപ്പറമ്പ് സുപ്രീം ഡിസ്ട്രിബ്യുട്ടേഴ്‌സിൽ ജീവനക്കാരനായ കാഞ്ഞിരക്കാട് മാണിക്യത്താൻ വീട്ടിൽ ഡെന്നിയാണ് ഭർത്താവ്.  മക്കൾ: സ്‌കൂൾ വിദ്യാർത്ഥികളായ ഡിയ ഡെന്നി, ആൻഡ്രിയ ഡെന്നി, പിഷോൺ ഡെന്നി.

Advertisment