/sathyam/media/media_files/2025/07/27/5a4a4f48-b8da-4e4e-a997-fce5682a0ab4-2025-07-27-22-33-22.jpg)
പെരുമ്പാവൂർ: കുറുപ്പംപടി പ്രളയക്കാട് പാറയ്ക്കൽ വാര്യം 'ആരാമത്തിൽ' നിന്നും പ്രശസ്ത ആയുർവ്വേദ ഡോക്ടർ നന്ദകുമാറിന്റെ പാട്ടിൻ്റെ ഈരടികൾ ഇനി മുഴങ്ങില്ല. ശനിയാഴ്ചയായിരുന്നു രോഗികളും സംഗീതാസ്വാദകരും ഏറെയിഷ്ടപ്പെട്ടിരുന്ന ഡോ. പി. ആർ. നന്ദകുമാറിൻ്റെ (65) ആകസ്മിക വിയോഗം.
സൗമ്യനായ, കൈപ്പുണ്യമുള്ള ഈ ആയുർവ്വേദ ഭിഷഗ്വര ശ്രേഷ്ഠന്റെ നാദസൗഭഗവും കേൾവിക്കാർക്ക് ഔഷധസമാനമായിരുന്നു. പ്രളയക്കാട് മഹാക്ഷേത്രങ്ങളുടെ കഴകക്കുടുംബത്തിലെ അംഗമായ നന്ദകുമാറിന് സംഗീതാഭിരുചി ചെറുപ്പം മുതലേയുള്ളതായിരുന്നു. ക്ഷേത്രകലകളോടും അഭിനയകലയോടും പ്രത്യേക ആഭിമുഖ്യം.
വേങ്ങൂർ മാർകൗമ ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ സ്വതസിദ്ധമായ ആലാപനശൈലിയുള്ള നല്ലൊരു ഗായകനായിരുന്നു നന്ദകുമാർ എന്ന് സ്കൂളിൽ അക്കാലത്ത് അദ്ദേഹത്തിന്റെ സംഗീതാദ്ധ്യാപികയായിരുന്ന കെ.കെ. ശാരദക്കുഞ്ഞമ്മ ടീച്ചർ ഓർത്തെടുക്കുന്നു. മാരുതി മ്യൂസിക്സ് ഭക്തിഗാനാമൃതം എന്നൊരു സംഗീതപരിപാടിയുമായി അറുപത്തഞ്ചാം വയസ്സിലും ഉത്സവവേദികളിൽ സജീവമായിരുന്നു.
ആദ്യകാലത്ത് കോടനാട് ശിവശക്തി ബാലെ സംഘത്തിനായി നിരവധി വേദികളിൽ പിന്നണിപാടിയിട്ടുണ്ട്. മലയാളചലച്ചിത്രങ്ങളിലെ പഴയതലമുറ പാട്ടുകൾ വേദികളിൽ പാടി കൈയടി നേടുന്നതിലായിരുന്നു ഡോക്ടർക്ക് ഏറെ കമ്പം. തപസ്യ കലാസാഹിത്യവേദി പെരുമ്പാവൂർ യൂണിറ്റ് പ്രസിഡൻ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ഗ്ലോബൽ മ്യൂസിക് മീഡിയ പ്ലാറ്റ്ഫോമായ സ്മ്യൂളിൽ ആസ്വാദകർക്കായി നിരവധി പാട്ടുകൾ പാടിയിട്ടായിരുന്നു അവസാനയാത്ര. ഭാവഗായകൻ ജയചന്ദ്രനെ അനുസ്മരിച്ച് നീലക്കണുകൾ എന്ന ചിത്രത്തിലെ 'കല്ലോലിനീ.. വനകല്ലോലിനീ..' എന്ന ഗാനം അദ്ദേഹം അതിമനോഹരമായാണ് സ്മ്യൂളിൽ പാടിയിട്ടിരിക്കുന്നത്.
പെരുമ്പാവൂർ ആയുർവ്വേദ ആശുപത്രിയിൽ നിന്നും 2016 നവംബറിൽ ചീഫ് മെഡിക്കൽ ഓഫീസറായി വിരമിച്ചു. വെങ്ങോല തുരുത്തിപ്പിള്ളി സർക്കാർ ആയുർവ്വേദ ആശുപത്രിയിലും വീട്ടിലും രോഗികൾക്ക് ചികിത്സ നൽകിയിരുന്ന ഇദ്ദേഹം പഞ്ചകർമ്മ ചികിത്സയിൽ പ്രത്യേക പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
ഗിരിജയാണ് ഭാര്യ. മക്കൾ: ശ്രീരാം (ബംഗലൂരു) ശ്രീലക്ഷ്മി (ബംഗലൂരു) മരുമക്കൾ: മോനിഷ, നിഖിൽ (ഇരുവരും ബംഗലൂരുവിൽ താമസം). സംസ്കാരം ഞായറാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടന്നു.