/sathyam/media/media_files/2025/10/20/images-1280-x-960-px420-2025-10-20-08-07-11.jpg)
അരയൻകാവ്/എറണാകുളം: അരയൻകാവിലുള്ള ജിനു റബേഴ്‌സ് എന്ന റബ്ബർ വ്യാപാര സ്ഥാപനത്തിൽ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചു.
റബ്ബർ കടയിൽ ജാതിപത്രി ആവശ്യപ്പെട്ട് ഹെൽമെറ്റ് ധരിച്ച് കടയിലെത്തിയ ആളാണ് മോഷ്ടാവ്. വിദേശത്തേക്ക് കൊണ്ടുപോകുവാനാണ് ജാതിപത്രി ആവശ്യമെന്ന് ഇയാൾ കടയുടമയായ ജോയിയെ ധരിപ്പിച്ചു.
ജോയി ജാതിപത്രി തൂക്കി എടുക്കുന്ന സമയത്താണ് മോഷ്ടാവ് മേശവലിപ്പ് തുറന്ന് പണം മോഷ്ടിച്ചത്.
മുപ്പതിനായിരം രൂപയാണ് കവർന്നത് എന്ന് ജോയി പറഞ്ഞു.
ജാതിപത്രി തൂക്കിയെടുത്ത് കൊടുത്തപ്പോൾ, തൊട്ടടുത്ത കടയിൽ പോയി സാധനങ്ങൾ വാങ്ങി ഉടൻ തിരിച്ചെത്താമെന്ന് പറഞ്ഞ് മോഷ്ടാവ് കടയിൽ നിന്ന് ഇറങ്ങുകയായിരുന്നു.
വളരെനേരം കഴിഞ്ഞിട്ടും ഇയാൾ എത്താതിരുന്നതിനാൽ ഊണ് കഴിക്കാനായി വീട്ടിലേക്ക് പോയ ജോയി, തിരികെയെത്തി മേശവലിപ്പ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സംശയത്തെ തുടർന്ന് തൊട്ടടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിൻ്റെ ചിത്രം വ്യക്തമായതും മോഷണ വിവരം പുറത്തറിയുന്നതും. മോഷണത്തെ സംബന്ധിച്ച് മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ജോയി പരാതി നൽകിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് മുളന്തുരുത്തി പോലീസ് പറയുന്നത്.