ഗോപികയ്ക്ക് ക്രിസ്തുമസ് സമ്മാനം: സ്വപ്നഭവന നിർമ്മാണത്തിനുള്ള ഭൂമി  ആധാരം ചെയ്തു നൽകി.

നെടുമ്പാശ്ശേരി വില്ലേജിൽ പെട്ട ജനസേവ ശിശുഭവന്റെ ഭൂമിയിൽ നിന്ന് ഭവന നിർമ്മാണത്തിനായി 3 സെൻറ് സ്ഥലമാണ് പ്രസിഡൻറ് അഡ്വ. ചാർളി പോൾ ആധാരം ചെയ്തു നൽകിയത്

New Update
de

ജനസേവ കാരുണ്യ ഭവന പദ്ധതി പ്രകാരം കുട്ടമ്പുഴ ഉറിയംപെട്ടി സ്വദേശിനി ഗോപിക ഗോപിക്ക് ഭവന നിർമ്മാണത്തിനായി വിട്ടുനൽകിയ സ്ഥലത്തിൻ്റെ ആധാരം ചെങ്ങമനാട് രജിസ്റ്റർ ഓഫീസിൽ വച്ച് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയും പ്രസിഡൻ്റ് അഡ്വ. ചാർളി പോളും ചേർന്ന് നൽകുന്നു

നെടുമ്പാശ്ശേരി : ജനസേവ ശിശുഭവൻ 2023 ൽ ഗോപികയ്ക്ക് നൽകിയ വാഗ്ദാനം പ്രാവർത്തികമാക്കി.

Advertisment

നെടുമ്പാശ്ശേരി വില്ലേജിൽ പെട്ട ജനസേവ ശിശുഭവന്റെ ഭൂമിയിൽ നിന്ന് ഭവന നിർമ്മാണത്തിനായി 3 സെൻറ് സ്ഥലമാണ് പ്രസിഡൻറ് അഡ്വ. ചാർളി പോൾ ആധാരം ചെയ്തു നൽകിയത്. 

2016 ആരംഭിച്ച നിർധന ഭവനരഹിതർക്കായുള്ള ജനസേവ കാരുണ്യ ഭവൻ പദ്ധതി പ്രകാരമാണ് ഭൂമി നൽകിയത്.

ഇരുപതോളം കുടുംബങ്ങൾക്ക് ജനസേവ ഇത്തരത്തിൽ ഭൂമി നൽകിയിട്ടുണ്ട്.

2023 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണ്ണം നേടിയ ഗോപികയുടെ ദിനപത്രങ്ങളിലെ വാർത്ത കണ്ട ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയാണ് ഗോപികയ്ക്ക് ഭവന നിർമ്മാണത്തിന് സ്ഥലം സൗജന്യമായി നൽകാമെന്ന് വാക്കുകൊടുത്തത്. 

അന്ന് ഗോപികയ്ക്ക് 16 വയസ്സ്. രണ്ടുവർഷം കാത്തിരുന്ന മൂന്ന് സഹോദരങ്ങൾ അടങ്ങിയ ഗോപികയുടെ കുടുംബത്തിന് ഇരട്ടിമധുരമായി ലഭിച്ച ക്രിസ്മസ് സമ്മാനമാണിത്.


 2022ൽ അമ്മ മരിച്ച ഗോപിക കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിൽ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

 ഗോപിക ഇപ്പോൾ കോതമംഗലം എം. എ. കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്. കോളേജിലെ സ്പോർട്സ് ഹോസ്റ്റലിൽ താമസിക്കുന്ന ഗോപിക പി ടി ഉഷ എന്ന സ്വപ്ന താരത്തെ പോലെ ആകുവാനുള്ള കഠിന പരിശ്രമത്തിലാണ്.

Advertisment