/sathyam/media/media_files/PWDxk0H0XeuDNXTC32N0.jpg)
പെരുമ്പാവൂർ: ഹിന്ദു ഐക്യവേദിയുടെ കൂവപ്പടി, മുടക്കുഴ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തിൽ പെരിയാർവാലി ഇറിഗേഷൻ വകുപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിയ്ക്കാനൊരുന്നു. കൂവപ്പടി, മുടക്കുഴ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയായ കൂവപ്പടി - ഇളമ്പകപ്പിള്ളി റോഡിലെ റേഷൻ കടയ്ക്കുസമീപത്ത് റോഡിനു കുറുകെയുള്ള ഭൗമാന്തർ ജലചാലിനി തുരംഗപാതയുടെ പുനർനിർമ്മാണവും അതോടനുബന്ധിച്ചുള്ള രണ്ടു കിണറുകളുടെ അറ്റകുറ്റപ്പണികളും ആവശ്യപ്പെട്ട് പ്രദേശവാസികളുടെ പരാതികൾക്കൊന്നും പരിഹാരമില്ലാതെ വന്ന സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങാൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചത്.
/sathyam/media/media_files/E4tJOoJJgEDVYwvUVdso.jpg)
പെരിയാർ വാലി കനാലുകളിലൂടെ ഒഴുകിയെത്തുന്ന ജലം റോഡിനു മറുവശത്തെത്തിയ്ക്കുന്നതിനായി പണിതിട്ടുള്ള ജലചാലിനികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊട്ടിപൊളിഞ്ഞ പാർശ്വഭിത്തികളിലൂടെ ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുകയാണ് ഈ വേനൽക്കാലത്ത്. ജലനിരപ്പ് താഴ്ന്ന് പ്രദേശത്തെ കിണറുകൾ വറ്റിവരണ്ടു തുടങ്ങി. മറുകരയിലേയ്ക്ക് ജലമെത്താത്തതിനാൽ കർഷകരും ആശങ്കയിലാണ്.
റോഡിന്റെ ഇരുവശത്തും രണ്ടു കിണറുകൾ ഉണ്ട്. വീതികുറഞ്ഞ വഴിയിലേയ്ക്ക് ഇറങ്ങി അപകടാവസ്ഥയിലാണ് അതിലൊരെണ്ണം. പലവട്ടം വാഹനയാത്രക്കാർ അപകടത്തിൽ പെട്ടിട്ടുണ്ട്. അടിയന്തരമായി നിർമ്മാണപ്രവർത്തനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകൾ വിവരങ്ങൾ വകുപ്പിനെ അറിയിച്ചെങ്കിലും അധികൃതർ ഇതുവരെ യാതൊരു നടപടികളും എടുത്തില്ല എന്ന് പ്രദേശവാസികൾ പറയുന്നു.
/sathyam/media/media_files/6ltocLNl5VL1JnxxBXKE.jpg)
കാലഹരണപ്പെട്ട ജലസേചനസംവിധാനങ്ങൾ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. പെരിയാർവാലി കനാലുകളിൽ വെള്ളമെത്തിയാൽ ഇവിടെ നിന്നും ആർക്കും ഒരുപകാരവുമില്ലാതെ നിത്യേന പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റർ ജലമാണ്. ഇതു കണ്ടില്ലെന്നു നടിയ്ക്കുന്ന വകുപ്പധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഹിന്ദുഐക്യവേദി പ്രവർത്തകർ കൂവപ്പടിയിൽ ഞായറാഴ്ച വൈകിട്ട് 5.30ന് യോഗം വിളിച്ചിട്ടുണ്ടെന്ന് ഭാരവാഹി ഗിരീഷ് നെടുമ്പുറത്ത് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us