പെരുമ്പാവൂരിൽ പഞ്ചാരി കൊട്ടാൻ 111 പേർ ! ജന്മനാട്ടിൽ മേളപ്രമാണിയായി വീണ്ടും ജയറാം !

പെരുമ്പാവൂരിലെ മേളാസ്വാദകരും ജയറാം ഫാൻസും ആഹ്ലാദത്തിൽ 

New Update

പെരുമ്പാവൂർ: സ്വതസിദ്ധമായ കൈവഴക്കത്തിൽ പലവട്ടം പഞ്ചാരി കൊട്ടിക്കയറിയ സ്വന്തം തട്ടകത്തിലേയ്ക്ക് വീണ്ടും നടൻ ജയറാം എത്തുകയാണ്, കൊട്ടിന്റെ ലഹരി സ്വയം നുകരാനും മേളാസ്വാദകരിലേയ്ക്കു പടർത്താനും. 

Advertisment

111 പേർ അണിനിരക്കുന്ന അതിഗംഭീര പഞ്ചാരിയാണ് പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്  സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രവുമായി ജയറാമിനുള്ള ആത്മബന്ധം ചെറുപ്പകാലം മുതലേയുള്ളതാണ്. 

publive-image


പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 6 മുതൽ 13 വരെ


publive-image

സിനിമയിലെത്തും മുമ്പ്  കൂട്ടുകാരുമൊത്ത് സ്ഥിരമായി വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിയ്ക്കാനുള്ള ഒരിടം കൂടിയായിരുന്നു ജയറാമിന് അമ്പലത്തിനു മുമ്പിൽ പണ്ടുണ്ടായിരുന്ന ആൽത്തറ. പെരുമ്പാവൂരയ്യന്റെ  ഓരോ വിഷുവുത്സവവും ജയറാമിന് സന്തോഷത്തിന്റെ വൈകാരികത നിറഞ്ഞ കാലമാണ്. 

ആനക്കമ്പവും മേളക്കമ്പവും വ്യക്തിജീവിതത്തിൽ ലഹരിയായി മാറിയത് ഈ ഉത്സവപ്പറമ്പിലെ കാഴ്ചാനുഭവങ്ങളിൽ നിന്നാണെന്ന് ജയറാം എപ്പോഴും പറയാറുണ്ട്. അമ്പലത്തിന്റെ പടിഞ്ഞാറേ നടയിൽ എം.സി. റോഡിനോടു ചേർന്നായിരുന്നു ജയറാമിന്റെ ജന്മഗേഹം. 

publive-image


ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 9.30ന്  മേജർസെറ്റ് പഞ്ചാരിയിൽ മേളപ്രമാണിയായി ചലച്ചിത്രനടൻ ജയറാം


അഭിനയത്തിരക്കിന്റെ കാലത്ത് വീടുവിറ്റ് പെരുമ്പാവൂരിൽ നിന്നും  ചെന്നൈയിലേയ്ക്കും എറണാകുളത്തേയ്ക്കും പലവട്ടം താമസം മാറ്റിയപ്പോഴും തോട്ടുവ ധന്വന്തരി ഗ്രാമത്തിൽ സ്വന്തമായി ഫാം ഹൗസ്  തുടങ്ങിയപ്പോഴും സമയം കിട്ടുമ്പോഴെല്ലാം പെരുമ്പാവൂരമ്പലത്തിൽ തൊഴാനെത്തുമായിരുന്നു.

നഗരത്തിലെ സാംസ്കാരിക പൊതുപരിപാടികളിലേയ്ക്ക് ക്ഷണിച്ചാൽ വന്നെത്തുമായിരുന്നു. ക്ഷേത്രത്തിലെ പഴമക്കാരായ പതിവുഭക്തരെല്ലാം ജയറാമിനു അന്നും ഇന്നും ചിരപരിചിതരും സുഹൃത്തുക്കളുമാണ്. 

publive-image


പെരുമ്പാവൂരിലെ മേളാസ്വാദകരും ജയറാം ഫാൻസും ആഹ്ലാദത്തിൽ 


വിഷുവുത്സവത്തോടനുബന്ധിച്ച് ഇത്തവണ ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 9.30ന് 111 പേർ അണിനിരക്കുന്ന മേജർസെറ്റ് പഞ്ചാരിമേളമരങ്ങേറുമ്പോൾ മേളപ്രമാണിപദമലങ്കരിച്ച്  പെരുമ്പാവൂരിന്റെ സ്വന്തം പത്മശ്രീ ജയറാം അതിന്റെ മുൻനിരയിലുണ്ടാകും. 

ചോറ്റാനിക്കര സത്യൻ നാരായണമാരാരാണ് വാദ്യസംയോജനം നിർവ്വഹിക്കുന്നത്. ഏപ്രിൽ 6 മുതൽ 13 വരെയാണ് ഉത്സവം. ജയറാമിന്റെ സാന്നിധ്യം പ്രതീക്ഷിച്ച് മേളാസ്വാദകരും ഫാൻസ്‌ അസ്സോസിയേഷനുകളും ആഹ്ളാദത്തിലാണ്.

Advertisment