/sathyam/media/media_files/2025/04/13/c7KLZYZAcXTQs9hatWhW.jpeg)
പെരുമ്പാവൂർ: മേടച്ചൂടേറി നിന്ന വിഷുപ്രകൃതിയിൽ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന്റെ വലിയവിളക്കുനാളായ ശനിയാഴ്ച രാവിലെ 9.30-യോടെ മതിൽക്കെട്ടിനുള്ളിൽ മുഴങ്ങിയത് മധുരഗംഭീര ഉത്സവപ്പഞ്ചാരിനാദം.
കേരളത്തിലെ പ്രഗത്ഭരായ നൂറ്റിയിരുപത്തിയാറു വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയത് മേളപ്രമാണിയായ, മലയാളികളേറെയിഷ്ടപ്പെടുന്ന ചലച്ചിത്ര നടനും പെരുമ്പാവൂരുകാരനുമായ ജയറാം.
കനമുള്ള കോലും തോൽപ്പറ്റുള്ള കൈയും കാഴ്ച്ചക്കാരുടെ പ്രോത്സാഹനവും ഒത്തുചേർന്നപ്പോൾ അഞ്ചുകാലങ്ങളിലും അനായാസമായി ആസ്വദിച്ചു കൊട്ടി രണ്ടരമണിക്കൂറോളം ചെണ്ടമേളപ്രിയരെ പതിവുപോലെ രസിപ്പിച്ചു ജയറാം. ചോറ്റാനിക്കര സതീഷ് നാരായണമാരാരും സംഘവുമായിരുന്നു വാദ്യസംയോജനം നിർവ്വഹിച്ചത്.
ചെണ്ടക്കാരുടെ ഒത്തനടുവിൽ നെറ്റിയിൽ ചന്ദന ഗോപിക്കുറി ചാർത്തി മേളപ്രമാണിയായി മലയാളത്തിന്റെ മുഖശ്രീയായ ജയറാം ആസ്വാദകശ്രദ്ധയാകർഷിച്ചു. കാണാനെത്തിയത് സ്ത്രീകളടക്കം നൂറുകണക്കിനുപേർ.
തെക്കുവശത്തെ നടവഴിയിൽ പുറത്തുനിന്നുള്ള കാഴ്ചക്കാർക്കും മേളക്കമ്പക്കാർക്കുമായി ചെറിയ താത്കാലിക ഗാലറിയും നിർമ്മിച്ചിരുന്നു സംഘാടകർ.
മാർഗ്ഗി കൃഷ്ണദാസ്, പല്ലശന നന്ദകുമാർ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയ പ്രമുഖരിൽ നിന്നും പകർന്നുകിട്ടിയ കൊട്ടിന്റെ പാഠങ്ങളും സ്വതസിദ്ധമായ കഴിവും ഒത്തുചേർന്ന് പരുവപ്പെട്ട കൊട്ടുകാരനായ ജയറാമിന്റെ മനസ്സിലേയ്ക്ക് ചെറുപ്പത്തിൽ മേളക്കമ്പം കയറിക്കൂടിയത് പെരുമ്പാവൂരമ്പലത്തിലെ ഉത്‌സവക്കാഴ്ചാനുഭവങ്ങളിൽ നിന്നാണ്.
ജയറാം സമയം കിട്ടുമ്പോഴൊക്കെ വന്നുതൊഴുതുപോകുന്ന ഇടംകൂടിയാണ് പെരുമ്പാവൂരമ്പലം. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ ടി. ജവഹർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ എന്നിവർ ചേർന്നു നൽകിയ ജന്മനാടിന്റെ ആദരം ജയറാം ഏറ്റുവാങ്ങി. 13-നാണ് ഉത്സവം സമാപിക്കുന്നത്.