അമ്മയും മകനും ഒരേ വേദിയിൽ; തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ സൗപർണ ശശികുമാറും മകൻ ആയുഷ് ബിനുവും ചേർന്ന് അവതരിപ്പിക്കുന്ന കഥകളി ഞായറാഴ്ച

New Update
PINARAYI MOHANLAL SATHEESAN

തൃപ്പൂണിത്തുറ: കഥകളി കലാരംഗത്ത് ശ്രദ്ധേയമായൊരു സന്ധ്യയ്ക്ക് വേദിയാകുകയാണ് ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഊട്ടുപുര മാളിക. സെപ്റ്റംബർ 21, ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സൗപർണ ശശികുമാറും, നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ആയുഷ് ബിനുവും ഒരേ വേദിയിൽ കഥകളി അവതരിപ്പിക്കും.

Advertisment

സൗപർണ, പ്രശസ്ത കഥകളി ഗുരു പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും, മോഹിനിയാട്ടത്തിന് പുതുവഴി തെളിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പൗത്രിയാണ്. പരേതനായ ശശികുമാറിന്റെയും വത്സല ശശികുമാറിന്റെയും ഏകപുത്രിയായ സൗപർണ, അന്തരിച്ച പ്രശസ്ത സിനിമാനടൻ കലാശാല ബാബുവിന്റെ സഹോദരിയാണ്.

മൂന്നാം വയസ്സിൽ അമ്മയുടെ ശിക്ഷണത്തിൽ നൃത്താഭ്യാസം ആരംഭിച്ച സൗപർണ, പിന്നീട് കലാ വിജയന്റെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച് അഞ്ചാം വയസ്സിൽ അരങ്ങേറ്റം കുറിച്ചു.

ആർഎൽവി കുമാരിയുടേയും, ആർഎൽവി പ്രഭാവതിയുടേയും പരിശീലനത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം എന്നിവയിൽ മികവ് നേടി. മൂന്നാം വയസ്സുമുതൽ സംഗീതപഠനവും ആരംഭിച്ച അവർ, പത്താം വയസ്സുമുതൽ ഇപ്പോഴും ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു.

അഞ്ചാം വയസ്സിൽ കഥകളി അഭ്യസനം ആരംഭിച്ച സൗപർണ, ഏഴാം വയസ്സിൽ കഥകളിയിൽ അരങ്ങേറ്റം കുറിച്ചു. കഥകളി ആചാര്യൻ ഏവൂർ രാജേന്ദ്രൻ പിള്ളയാണ് ഗുരു. തഞ്ചാവൂർ ബൃഹന്നാട്യാഞ്ജലി ഫെസ്റ്റിലും, ചിദംബരം ക്ഷേത്രത്തിലും സൗപർണ നിരന്തരം കലാപ്രകടനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കേരള സർക്കാരിന്റെ കലാകാരൻമാർക്കുള്ള രണ്ടുവർഷത്തെ ഫെലോഷിപ്പിന് കഴിഞ്ഞ വർഷം മോഹിനിയാട്ടത്തിന് അർഹയായി. ഇപ്പോൾ ദൂരദർശനിലെ ബി ഗ്രേഡ് ആർട്ടിസ്റ്റുമാണ്.

സൗപർണയുടെ മകൻ ആയുഷ് ബിനു, കഥകളിയിലും സംഗീതത്തിലും വാദ്യോപകരണങ്ങളിലും കഴിവ് തെളിയിച്ച് ഭാവിയിലെ വാഗ്ദാനമായി കണക്കാക്കപ്പെടുന്നു.

Advertisment