Advertisment

മുളന്തുരുത്തി പൂതൃക്കോവിൽ ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം 2024 ഏപ്രിൽ 2, 3, 4 തീയതികളിൽ.

New Update
0cfdcd06-c9b0-4518-8ec6-c88c150344b7.jpeg

മുളന്തുരുത്തി. നൂറ്റാണ്ടുകളുടെ പഴമയും പഴക്കവും വിളിച്ചോതുന്ന മുളന്തുരുത്തി പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഈ ആണ്ടിലെ തിരുവോണ മഹോത്സവം 2024 ഏപ്രിൽ 2, 3, 4 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടുമെന്ന് ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

മഹാവിഷ്ണു, അമൃതകലശധാരിയായി ധന്വന്തരി മൂർത്തി ഭാവത്തിൽ അനുഗ്രഹവർഷം ചൊരിയുന്ന പൂതൃക്കോവിൽ ക്ഷേത്രത്തിൽ എല്ലാ മതവിശ്വാസികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

മാറാരോഗങ്ങളിൽ പെട്ട് വിഷമിക്കുന്നവർ ഏത് മതത്തിൽ പെട്ടവരായാലും പൂതൃക്കോവിൽ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തി രോഗവിമുക്തി നേടുന്നു. ഇപ്പോൾ വിശ്വഹിന്ദു ദേവസ്വത്തിന്റെ കീഴിലുള്ള പൂതൃക്കോവിൽ ക്ഷേത്രം നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചി രാജവംശത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നു. 

ക്ഷേത്രകാര്യങ്ങളും പൂജയും നടത്തിയിരുന്ന ഊരാണ്മക്കാരായ ബ്രാഹ്മണർ കാലാന്തരത്തിൽ ക്ഷയിയ്ക്കുകയുണ്ടായി. 

ക്ഷേത്രം വേണ്ടപോലെ നോക്കി നടത്താൻ എന്തുകൊണ്ടോ കൊച്ചി രാജവംശത്തിന് കഴിയാതെ പോവുകയും ക്ഷേത്രവും പരിസരവും കാട് കയറി മനുഷ്യ സാന്നിദ്ധ്യം ഇല്ലാതാവുകയും ചെയ്തു.

അക്കാലത്ത്,കോട്ടയം വയസ്കര ഇല്ലത്തെ ഒരു മൂസ്സ് ഈ ക്ഷേത്രപരിസരത്ത് താമസം തുടങ്ങിയിരുന്നു. കാടുകയറിയ ക്ഷേത്രം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും കൊച്ചി രാജാവുമായി  ക്ഷേത്രകാര്യങ്ങൾ സംസാരിച്ചപ്പോൾ ക്ഷേത്രവും പരിസരവും സന്തോഷത്തോടെ അദ്ദേഹത്തിന് ദാനം നൽകുകയും ചെയ്തു.

ഓലമേഞ്ഞ മേൽക്കൂരയുള്ള ശ്രീകോവിൽ തകർന്ന് കിടന്നത് മൂസ്സിന്റെ പരിശ്രമത്തിൽ ഓട് പാകി പുതിയ ശ്രീകോവിൽ പണിത് പൂജകൾ ആരംഭിച്ചു. അദ്ദേഹമാണ് ക്ഷേത്രത്തിലെ തിരുവോണ ഊട്ട് ആരംഭിച്ചത്. പിന്നീട് ഈ ക്ഷേത്രം വിശ്വഹിന്ദു പരിഷത്ത് മൂസ്സിൽ നിന്നും വാങ്ങുകയായിരുന്നു എന്ന് ക്ഷേത്രം ജനറൽ സെക്രട്ടറി സ്നേഹജൻ എൻ എ പറഞ്ഞു.

ഗണപതിയും ക്ഷേത്രപാലകനും ശ്രീരാമനും ഹനുമാനും നരസിംഹമൂർത്തിയും നാഗരാജാവും നാഗയക്ഷിയും നാഗങ്ങളും ബ്രഹ്മരക്ഷസ്സും ക്ഷേത്രത്തിലെ ഉപദേവതകളായി അനുഗ്രഹം ചൊരിയുന്നു. പിന്നീട്, ഭക്തജനങ്ങളുടെ നിരന്തരമായ ആവശ്യം മനസ്സിലാക്കി വിശ്വഹിന്ദു പരിഷത്ത് ഒരു നവഗ്രഹക്ഷേത്രവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.

എങ്കിലും ക്ഷേത്രത്തിലെ ആദിമ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പ്രാകൃത ശൈവ ചൈതന്യങ്ങളുടെ നിഗ്രഹകലകളുടെ അദൃശ്യ സാന്നിധ്യം ക്ഷേത്ര അധഃപതനത്തിന് കാരണമായി അഷ്ടമംഗലപ്രശ്നത്തിൽ വെളിപ്പെടുകയുണ്ടായി. സമീപഭൂമികളെല്ലാം ദേവസ്വാപഹരണദുരിതമായി കാണുന്നത് മഹാദേവനിൽ ആണ്. അതുകൊണ്ട് ക്ഷേത്രത്തിൽ പ്രാകൃത ശൈവ ചൈതന്യത്തിന്റയും പാർവ്വതീകലയുടെയും

ആരാധന അനിവാര്യമായി തീർന്നിരിക്കുന്നു. 

അതിപുരാതനമായി മണ്ണിന്റെ അധിപതികളായ കിരാതമൂർത്തിയെയും (അന്തിമഹാകാളൻ) കൈരാതിയെയും (വനഭദ്ര അഥവാ ത്വരിത) ധന്വന്തരീക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പ്രതിഷ്ഠിയ്ക്കണം എന്നും ദേവപ്രശ്നത്തിൽ കണ്ടെത്തി. അഷ്ടമംഗല വിധിപ്രകാരം കോരങ്കോട്ട് ഭഗവതിയുടെയും പുതുമനക്കാവ് ദേവിയുടെയും ചൈതന്യവും ഈ ക്ഷേത്രത്തിൽ നിലനിൽക്കുന്നതായി ദേവപ്രശ്നത്തിൽ തെളിഞ്ഞു വന്നു എന്ന് ക്ഷേത്രം പ്രസിഡന്റ് മുരളീധരൻ കെ.ഡി പറഞ്ഞു.

ക്ഷേത്ര പുനരുദ്ധാരണത്തിലും പ്രതിഷ്ഠാ കർമ്മങ്ങളിലും പങ്കാളികളായി നാടിനും നാട്ടുകാർക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകാൻ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടാം തീയതി വൈകിട്ട് അഞ്ചിന് വേഴപ്പറമ്പ് പുതുമനക്കാവിൽ നിന്ന്  വടക്കുംഭാഗത്തിന്റെയും  കോരങ്കോട്ട് ക്ഷേത്രത്തിൽ നിന്ന് തെക്കുഭാഗത്തിന്റെയും  കാഴ്ചദ്രവ്യങ്ങളുമായി പള്ളിത്താഴത്ത് സംഗമിച്ച്, വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന് ഭഗവാന് സമർപ്പിയ്ക്കും.

ഏഴ് മണിയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ് മുരളീധരൻ കെ. ഡി അദ്ധ്യക്ഷനാകും.  ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ആർ. തിരുമേനി സ്വാഗതവും ക്ഷേത്രസമിതി വർക്കിംഗ് പ്രസിഡന്റ് ടി.കെ. ജയചന്ദ്രൻ നന്ദിയും പറയും. 

കെ.പി.എം.എസ് മുളന്തുരുത്തി യൂണിറ്റ് പ്രസിഡന്റ് പീതാംബരൻ, എ.കെ.വി.എം.എസ് ജില്ലാ കമ്മറ്റി അംഗം അഡ്വ.എൻ.ആർ രാജേഷ്, എൻ.എസ്.എസ് പെരുമ്പിള്ളി കരയോഗം സെക്രട്ടറി ടി.ജി.ദിവാകരൻ, പട്ടാര്യസമാജം സംസ്ഥാന സമിതി അംഗം ഇ.പി. രഘുനാഥ്,  വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന പ്രസിഡന്റ് എൻ.എ. സുരേഷ്, എസ്.എൻ.ഡിപി മുളന്തുരുത്തി ശാഖാ സെക്രട്ടറി മനോഹരൻ, വി.എച്ച്.പി കൊച്ചി മഹാനഗരം സെക്രട്ടറി പി.കെ. ജയേഷ്, എന്നിവർ ആശംസകൾ നേരും.

പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ കെ.ആർ.തിരുമേനിയും വർക്കിംഗ് പ്രസിഡന്റ് ജയചന്ദ്രൻ ടി.കെ യും പങ്കെടുത്തു.

Advertisment