ജനജീവിതം ദുസ്സഹമാക്കുന്ന  മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ കെടുകാര്യസ്ഥത പൊതുജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടാൻ, എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി  വമ്പിച്ച രാഷ്ട്രീയ പ്രചരണ കാൽനട ജാഥയും പഞ്ചായത്ത് ഓഫീസ് മാർച്ചും കുറ്റപത്രം സമർപ്പിക്കലും നടത്തും

ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച പള്ളിത്താഴം ബസ്സ്റ്റാൻഡ് സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുകയാണ്. മുളന്തുരുത്തി പള്ളിത്താഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന ഒരു കാരണം ബസ് സ്റ്റാൻഡാണ്.

New Update
cpim mulanthuruthy

മുളന്തുരുത്തി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, പ്രകടന പത്രികയിലൂടെ  ജനങ്ങൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി  അധികാരത്തിൽ വന്ന യുഡിഎഫ്  മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഭരണസമിതി  നാളിതുവരെ, പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ലെന്ന് എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 

Advertisment

ഒന്നര പതിറ്റാണ്ടായി തുടർച്ചയായി മുളന്തുരുത്തി പഞ്ചായത്തിൻ്റെ  ഭരണം കയ്യാളുന്നത് യുഡിഎഫ് ആണ്. വികസനം എന്ന പേരിൽ ഇവർ നടത്തുന്ന പദ്ധതികൾ ഒന്നും തന്നെ ജനങ്ങൾക്ക് ഗുണപ്രദമാകുന്നില്ല എന്നതാണ് വാസ്തവം.  

പ്രഖ്യാപിച്ച പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാനോ, പൂർത്തീകരിച്ച പദ്ധതികൾ ജനങ്ങൾക്ക് വേണ്ടി പ്രാവർത്തികം ആക്കാനോ സാധിച്ചിട്ടില്ല എന്ന് സിപിഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച പള്ളിത്താഴം ബസ്സ്റ്റാൻഡ് സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുകയാണ്. മുളന്തുരുത്തി പള്ളിത്താഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന ഒരു കാരണം ബസ് സ്റ്റാൻഡാണ്.

ഇത്തിരി പോന്ന സ്ഥലത്ത് പണിത വ്യാപാര സമുച്ചയം ബസ് സ്റ്റാന്റിന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമല്ലാത്തതിനാൽ ബസ്സുകൾ സ്റ്റാൻഡിൽ കയറാൻ മടിക്കുന്നു. ബസ്സ്റ്റാൻഡിൽ വരുന്ന ജനങ്ങൾ അസൗകര്യങ്ങളാൽ വലയുകയാണ്. 

ശോചനീയാവസ്ഥയിൽ കിടക്കുന്ന മറ്റൊരു  നിർമിതിയാണ് തിരു - കൊച്ചി മാർക്കറ്റ്. ടൈലുകൾ ഇളകി പൊളിഞ്ഞ് കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. മാർക്കറ്റിന്റെ മുഴുവൻ നിർമ്മാണവും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കൂടാതെ മത്സ്യ മാർക്കറ്റിലെ മാലിന്യ സംസ്കരണവും പ്രയോജനകരമല്ല.

മുളന്തുരുത്തിയിലെയും സമീപ പഞ്ചായത്തുകളിലെയും നൂറുകണക്കിന് സാധാരണക്കാർ ആശ്രയിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ  ഡോക്ടർമാരുടെ അഭാവത്താൽ രോഗികൾ വലയുകയാണ്. കിടത്തി ചികിത്സയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഉള്ള ഈ ആശുപത്രി ഇപ്പോൾ അവഗണനയുടെ ചവറ്റുകുട്ടയിൽ ആണ് എന്ന് അവിടെ വരുന്ന ഏതൊരാൾക്കും മനസ്സിലാകും എന്ന് രമേശൻ സൂചിപ്പിച്ചു.

വെള്ളത്താൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശമായ മുളംതുരുത്തിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജൽജീവൻ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാനോ, പലയിടങ്ങളിലും ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.

പട്ടികജാതിക്കാരായ വനിതാ സംരംഭകർക്ക് തൊഴിൽ പരിശീലനം കൊടുക്കാനായി ആരക്കുന്നത്ത് സ്ഥാപിച്ച വ്യവസായ പരിശീലന കേന്ദ്രം കാടുപിടിച്ചു കിടക്കുകയാണെന്നും ഇന്നുവരെ പട്ടികജാതിക്കാരായ ഒരു വനിത പോലും ഈ സ്ഥാപനം കണ്ടിട്ട് പോലുമില്ല എന്ന്  രമേശനും, സിപിഐ  മുളന്തുരുത്തി ലോക്കൽ സെക്രട്ടറി ഒ എ മണിയും, ആർജെഡി ജില്ലാ സെക്രട്ടറി ദുർഗ്ഗാ പ്രസാദും പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു.

വെട്ടിക്കൽ നിർമ്മിച്ച സ്റ്റേഡിയവും, ആളുകൾക്ക് എത്തിച്ചേരാൻ പറ്റാത്ത സ്ഥലത്ത് അനുവദിച്ച കേരള ചിക്കൻ സെൻ്ററും, ഉപയോഗശൂന്യമായ 3ജി അംഗനവാടിയും, ഷീ ജിമ്മും പഞ്ചായത്തിലെ വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ എന്ന് രമേശൻ എടുത്ത് പറഞ്ഞു.

പെരുമ്പിള്ളി കളിക്കളത്തോടുള്ള അവഗണന പഞ്ചായത്തിലെ യുവാക്കളോടുള്ള വെല്ലുവിളിയാണ് എന്നും കാർഷിക മേഖലയായ മുളന്തുരുത്തിയിലെ ജനങ്ങളുടെ  പ്രധാന വരുമാന മാർഗമായ കൃഷിയുടെ തകർച്ചയും, ലക്ഷംവീട് പദ്ധതിയിലെ ഇരട്ട വീടുകളെ  ഒറ്റവീടുകൾ ആക്കി മാറ്റുന്നതിനുള്ള നടപടിയും പഞ്ചായത്ത് ഇതുവരെ കൈകൊണ്ടിട്ടില്ല എന്ന് യുഡിഎഫിന്റെ നിഷ്ക്രിയതയുടെ ദയനീയ അവസ്ഥ ഒ എ മണിയും എൽഡിഎഫ് കൺവീനർ ടോമി ജോർജ്ജും വരച്ചുകാട്ടി.

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് മഴവെള്ള സംഭരണികൾ ആവശ്യത്തിന് അനുസരിച്ച് നൽകാത്തതിനെ പഞ്ചായത്തംഗം, ലിജോ ജോർജ്ജ് അതിനിശിതമായി  വിമർശിച്ചു. നടന്നു പോകാൻ കൂടി സാധിക്കാത്ത പെരുമ്പിള്ളി -  മറ്റത്താൻകടവ് റോഡിലേക്ക് ഇതുവരെ പഞ്ചായത്ത് ഭരണസമിതി എത്തി നോക്കുക പോലും ചെയ്തിട്ടില്ല എന്ന് പി ഡി രമേശനും, ലിജോ ജോർജ്ജും പറഞ്ഞു. 

വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത പഞ്ചായത്താണ് മുളന്തുരുത്തി എന്ന് കേരള കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ജോൺസ് പാർപ്പാട്ടിൽ ആരോപിച്ചു. തോമസ് ചാഴികാടൻ എം പി  യുടെ വികസന ഫണ്ട് നിഷേധിച്ചവരാണ് മുളന്തുരുത്തിയിലെ യുഡിഎഫ് ഭരണസമിതി എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കുട്ടികൾ ഓടിക്കളിച്ചു നടന്ന, കാരിക്കോട് ഗവൺമെൻ്റ് സ്കൂളിൻ്റെ ഗ്രൗണ്ട് കയ്യേറി കോടികൾ ഉപയോഗിച്ച് നിർമ്മിച്ച സ്വിമ്മിംഗ് പൂൾ നടത്തിപ്പിനായി സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ച നടപടി അഴിമതിയുടെ നേരിട്ടുള്ള ദൃഷ്ടാന്തമാണെന്ന് ജോൺസും രമേശനും മണിയും ഒരുപോലെ ചൂണ്ടിക്കാട്ടി.

ദീർഘദൂര യാത്രക്കാർക്കായി പെരുമ്പിള്ളിയിൽ സ്ഥാപിച്ച ടേക്ക് എ ബ്രേക്  അസൗകര്യങ്ങൾ നിറഞ്ഞതാണ് എന്ന് ദുർഗ പ്രസാദ് ആരോപിച്ചു. പള്ളിത്താഴത്തെ ഗതാഗത കുരുക്കിന് കാരണം തകർന്നു തരിപ്പണമായ റോഡുകൾ ആണ്.

തകർന്ന ഈ റോഡുകൾ നന്നാക്കി ഗതാഗതം തടസ്സപ്പെടാതിരിക്കാൻ വേണ്ട യാതൊരു നടപടികളും പഞ്ചായത്ത് സ്വീകരിക്കാത്തതും, അതിദരിദ്രർക്ക് സ്വന്തമായി ഒരു വീട് നിർമ്മിച്ച് കൊടുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് പുറകോട്ട് ആണെന്ന് ദുർഗ പ്രസാദ് കുറ്റപ്പെടുത്തി.

പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളും ജനദ്രോഹ നടപടികളും പൊതുജനങ്ങളുടെ മുന്നിൽ അക്കമിട്ടുനിരത്തി അവരെ ബോധ്യപ്പെടുത്താനായി സെപ്റ്റംബർ 13, 14 ,15 തീയതികളിൽ, എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളുടെയും മുക്കിലും മൂലയിലും രാഷ്ട്രീയ പ്രചരണ കാൽനടജാഥ സംഘടിപ്പിക്കും. 

സെപ്റ്റംബർ 17 -ാം തീയതി രാവിലെ 10 മണിക്ക് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചും കുറ്റപത്ര സമർപ്പണവും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ മുളന്തുരുത്തി എൽഡിഎഫ് ചെയർമാൻ പി ഡി രമേശൻ, കൺവീനർ ടോമി ജോർജ്ജ്, സിപിഐ ലോക്കൽ സെക്രട്ടറി ഒ എ മണി, ആർ ജെ ഡി ജില്ലാ സെക്രട്ടറി ദുർഗ്ഗാ പ്രസാദ്, കേരള കോൺഗ്രസ് പിറവം നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ജോൺസ് പാർപ്പാട്ടിൽ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിബി ഏലിയാസ്, പഞ്ചായത്ത് അംഗം ലിജോ ജോർജ്ജ്,  തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

mulanthuruthy news cpm
Advertisment