/sathyam/media/media_files/2025/10/01/edathala-gramapanchayath-gramavandi-2025-10-01-18-07-49.jpg)
എടത്തല: എടത്തല ഗ്രാമപഞ്ചായത്തിൽ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെഎസ്ആർടിസിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങി. ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ലിജി നിർവഹിച്ചു.
പഞ്ചായത്തിലെ ഗ്രാമീണ മേഖലയിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഗ്രാമവണ്ടി എന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
അശോകപുരം, ചൂണ്ടി, രാജഗിരി ആശുപത്രി എന്നീ സ്ഥലങ്ങൾ കടന്ന് നാലാം മൈൽ, ജാരം, എടത്തല , മുതിരക്കാട്, തഖ്ദീസ് ആശുപത്രി, കുഞ്ചാട്ടുകര, എൻ എ ഡി, തേവക്കൽ എന്നീ റൂട്ടുകളെ ബന്ധിപ്പിച്ച് എറണാകുളം മെഡിക്കൽ കോളേജിലേക്കും കാക്കനാട് സിവിൽ സ്റ്റേഷനിലേക്കും എത്താൻ കഴിയുന്ന വിധത്തിലാണ് ഗ്രാമവണ്ടിയുടെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ഗ്രാമവണ്ടി നിരത്തിലിറക്കുന്നത്. വാഹനത്തിൻറെ മാസം തോറുമുള്ള ഇന്ധന ചെലവും പഞ്ചായത്ത് തന്നെ വഹിക്കും.
എടത്തല ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലൂടെയും കടന്നു പോകുന്ന ഗ്രാമവണ്ടി നിരത്തിൽ സജീവമാവുന്നതോടെ എടത്തല നിവാസികളുടെ യാത്രാ ക്ലേശം കുറക്കാൻ സഹായകമാകും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം എ അബ്ദുൽ ഖാദർ പരിപാടിയിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റൈജ അമീർ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മാ ഹംസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എ അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമയ്യ സത്താർ, ഗ്രാമപഞ്ചായത്തംഗങ്ങളായ റഹ്മത്ത് ജയ്സൽ, എം എ നൗഷാദ്, സി എച്ച് ബഷീർ, എ എസ് കെ അബ്ദുൽ സലീം, അഫ്സൽ കുഞ്ഞുമോൻ, സിഡിഎസ് ചെയർപേഴ്സൺ സീന മാർട്ടിൻ, കെഎസ്ആർടിസി എ റ്റി ഒ സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി എസ് പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.