/sathyam/media/media_files/Gg6J4egvdqhotZtn4EyW.jpg)
കൊച്ചി: രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാതെ സർവ്വീസ് നടത്തിയതിനെ തുടർന്ന് കൊച്ചിയിൽ ഏഴ് കോൺട്രാക്റ്റ് ക്യാരേജ് ബസുകളുടെ സർവീസ് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നിർത്തിവെച്ചു. കരാറടിസ്ഥാനത്തിൽ റിഫൈനറിയിലെ ജീവനക്കാരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ബസുകളാണിത്.
മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ, വാഹനങ്ങൾക്ക് രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലെന്നും, റോഡ് ടാക്സ് അടച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു.
ഗുരുതരമായ നിയമ ലംഘനങ്ങളെ തുടർന്ന് ബസുടമകൾക്ക് പിഴ ചുമത്തുകയും ചെയ്തു. വാഹനങ്ങൾ ഉടൻ തന്നെ രജിസ്ട്രേഷൻ അധികാരിക്ക് മുൻപിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ സർവീസ് പുനരാരംഭിക്കാൻ അനുവദിക്കൂ എന്ന് മോട്ടോർ വാഹന വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡ് സുരക്ഷാ നിയമങ്ങൾ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം, നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.