/sathyam/media/media_files/2025/10/15/ankanvadi-inauguration-2025-10-15-18-27-52.jpg)
മുളന്തുരുത്തി: ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡിലുള്ള 45 -ാം നമ്പർ അങ്കണവാടി ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കും. അങ്കണവാടിയുടെ ഉദ്ഘാടനം, ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് മാണി അദ്ധ്യക്ഷനായിരുന്നു.
വാർഡ് മെമ്പർ മധുസൂദനൻ കെ പി ചടങ്ങിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്ത് സംസാരിച്ചു. അങ്കണവാടിക്ക് വേണ്ടി പത്ത് ലക്ഷം രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്ത് 12 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടവും കിണറും ചുറ്റുമതിലും തീർത്തത് എന്ന് മധുസൂദനൻ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
വാർഡ് മെമ്പർ മധുസൂദനൻ കെ പി
കുട്ടികൾക്ക് ഇരിക്കാനും, എഴുതാനും ആവശ്യമായ കസേരകളും സ്റ്റഡി ടേബിളുകളും മുളന്തുരുത്തി എസ്ബിഐ യും, അങ്കണവാടിയിലേക്കുള്ള മറ്റ് കസേരകൾ മുളന്തുരുത്തി വൈഎംസിഎ യും, വാട്ടർ പ്യൂരിഫെയർ മുളന്തുരുത്തി റോട്ടറി ക്ലബ്ബും സമ്മാനിച്ചു എന്ന് മധുസൂദനൻ അറിയിച്ചു.
ഒരു ക്ലാസ്സ് മുറിയും, അടുക്കളയും, വാഷ് റൂമും, കിണറും ഉള്ള അങ്കണവാടിയിലെ കുരുന്നുകൾക്ക് ചുറ്റുമതിലിൻ്റെ സുരക്ഷിതത്വവും ഉണ്ട്.
അങ്കണവാടിയിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ബിരിയാണി കൊടുക്കുമെന്ന സർക്കാർ പ്രഖ്യാപനം കേട്ട്, അങ്കണവാടിയിൽ എത്തുന്ന കുരുന്നുകളും രക്ഷിതാക്കളും ബിരിയാണി ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു.
സർക്കാർ പ്രഖ്യാപനം ഇനിയും നടപ്പിലാകാത്ത സാഹചര്യത്തിൽ, വാർഡ് മെമ്പർ മധുസൂദനൻ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് അദ്ദേഹത്തിൻ്റെ വാർഡിലെ 41 -ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് എല്ലാദിവസവും ബിരിയാണി നൽകാൻ തുടങ്ങി. ഇനി മുതൽ, ഇന്ന് ഉദ്ഘാടനം കഴിഞ്ഞ 45 -ാം നമ്പർ അങ്കണവാടിയിലും ബിരിയാണി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
അങ്കണവാടികളിലെ കുട്ടികൾക്ക് ബിരിയാണി കൊടുക്കുന്ന കേരളത്തിലെ ആകെയുള്ള രണ്ട് അങ്കണവാടികളും മധുസൂദനന്റെ വാർഡിലാണ് എന്നത് മധുസൂദനനെ വ്യത്യസ്തനാക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ആവശ്യങ്ങൾക്ക് മുമ്പിൽ സഹായഹസ്തവുമായി റോട്ടറി ക്ലബ്ബും വൈഎംസിഎയും വൈസ്മെനും ഉൾപ്പെടെയുള്ള സംഘടനകളും എസ്ബിഐ പോലുള്ള ബാങ്കിംഗ് സ്ഥാപനങ്ങളും മുന്നോട്ടുവരുന്നത്.
തന്റെ അധികാരത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, പരിമിതികൾ മറികടക്കാൻ ഈ ചെറുപ്പക്കാരന് കഴിയുന്നത് ഇദ്ദേഹത്തിൻ്റെ സൗമ്യതയും നാട്യങ്ങളില്ലാത്ത വിനയവും പ്രതിപക്ഷ കക്ഷികളോടുള്ള ബഹുമാനവും കൊണ്ടാണ് എന്ന് പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നു. എല്ലാവരെയും തുല്യരായി കാണുന്നതാണ് അദ്ദേഹത്തിൻ്റെ സ്ഥായിയായ സ്വഭാവം എന്ന ജനങ്ങൾ വിലയിരുത്തുന്നു.
45 -ാം നമ്പർ അങ്കണവാടിയുടെ പൂർത്തീകരണത്തിന് പിന്നിൽ, മധുസൂദനന്റെ ഇച്ഛാശക്തിയും പഞ്ചായത്ത് ഭരണസമിതിയുടെ മേലുള്ള നിരന്തരമായ സമ്മർദ്ദങ്ങളുമായിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ചടങ്ങിൽ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ, രതീഷ് കെ ദിവാകരൻ, ബിനി ഷാജി, ലതിക അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ്നി രാജു, പഞ്ചായത്ത് അംഗങ്ങളായ ഷിനി സജി, വിശ്വംഭരൻ പി എ, മഞ്ജു കൃഷ്ണൻകുട്ടി, രെഞ്ചി കുര്യൻ കൊള്ളിനാൽ, മഞ്ജു അനിൽകുമാർ റീന റെജി, ലിജോ ജോർജ്ജ്, ജെറിൻ ടി ഏലിയാസ്, ജോയൽ കെ ജോയ്, ആതിര സുരേഷ്, പഞ്ചായത്ത് സെക്രട്ടറി അഞ്ജന ദീപ്തി കെ ആർ, എൽഎസ്ജിഡി അസി. എൻജിനിയർ അഖിൽ ജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഐസിഡിഎസ് സൂപ്പർ വൈസർ നിഷ എം കെ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.