/sathyam/media/media_files/2025/11/07/tree-sappling-2025-11-07-21-02-36.jpg)
കൊച്ചി: സംസ്ഥാന സർക്കാർ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഒരു തൈ നടാം ഒരുകോടി വൃക്ഷ തൈ നടീൽ യജ്ഞം' ജില്ലയിൽ വിജയകരമായി പൂർത്തിയാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജില്ലയിൽ ആകെ ശേഖരിച്ച 10,06,168 തൈകളിൽ നിന്ന് 8,55,145 വൃക്ഷത്തൈകൾ നട്ടാണ് ലക്ഷ്യം പൂർത്തീകരിച്ചത്.
പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ബസോലിയോസ് ഔഗേൺ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പച്ചത്തുരുത്ത്, ഓർമ്മത്തുരുത്ത്, വൃക്ഷവൽക്കരണം എന്നിവയിലൂടെ നാടിന് അനുയോജ്യമായതും വംശനാശ ഭീഷണി നേരിടുന്നതുമായ വൃക്ഷങ്ങളാണ് നട്ടത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വിദ്യാലയങ്ങൾ, കൊച്ചി മെട്രോ, സാമൂഹ്യ വനവൽക്കരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി, ഹരിതകർമ്മ സേനാംഗങ്ങൾ, റെസിഡൻസ് അസോസിയേഷനുകൾ, ആരാധനാലയങ്ങൾ, സാമൂഹിക-രാഷ്ട്രീയ സംഘടനകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സജീവ സഹകരണമാണ് ഈ കാമ്പയിനെ വിജയത്തിലേക്ക് നയിച്ചത്.
/filters:format(webp)/sathyam/media/media_files/2025/11/07/tree-sappling-2-2025-11-07-21-03-07.jpg)
കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മായ കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷയായി. ഹരിത കേരള മിഷൻ എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ് രഞ്ജിനി വിഷയാവതരണം നടത്തി.
സ്കൂൾ പ്രിൻസിപ്പൾ ബിജി ജോൺ, ഹരിത കേരളം മിഷൻ പ്രോഗ്രാം ഓഫീസർ സുരേഷ് ഉണ്ണിരാജ്, ബ്ലോക്ക് ആർ പി അഭിലാഷ് അനിരുദ്ധൻ, ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല ജോയിൻ സെക്രട്ടറി വിനയ ബാബു എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി 90 കുട്ടികൾ തൈകൾ കൈമാറുകയും, സ്കൂളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൈകൾ നടുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us