കൂവപ്പടിയിൽ മദ്യപന്മാരുടെ അഴിഞ്ഞാട്ടം. ഒഴിഞ്ഞ മദ്യക്കുപ്പികളും മാലിന്യങ്ങളും നിറഞ്ഞ് തോട്ടയ്ക്കാട്ടിൽ പാടശേഖരം

New Update
liqure bottles collected

കൂവപ്പടി തോട്ടയ്ക്കാട്ടിൽ പാടശേഖരത്തിൽ നിന്നും കർഷകർ കണ്ടെടുത്ത ഒഴിഞ്ഞ മദ്യക്കുപ്പികൾ.

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് വാർഡ് 21-ൽ മദ്രാസ് കവലയ്ക്കു സമീപത്തെ തോട്ടയ്ക്കാട്ടിൽ പാടശേഖരത്തിനു സമീപം മദ്യപാനവും മാലിന്യം തള്ളുന്നതും പതിവാകുന്നു. 

Advertisment

കൂടാലപ്പാട് ചർച്ച് റോഡിൽ നിന്നും തോട്ടയ്ക്കാട്ടിൽ കുളത്തിലേക്ക് പോകുന്ന തോട്ടുവരമ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിൽ രാപാകലെന്നില്ലാതെ മദ്യപാനവും ചീട്ടുകളിയും ലഹരിയുപയോഗവും നടക്കുന്നതായി നാട്ടുകാർ പറയുന്നു. 

liqure bottles collected-2

ആളൊഴിഞ്ഞയിടങ്ങളിൽ തമ്പടിക്കുന്നവർക്ക് ഓട്ടോറിക്ഷകളിൽ മദ്യമെത്തിച്ചു നൽകാൻ ഇടനിലക്കാരുണ്ട്. മെയിൻ റോഡിനു സമീപത്തെ വയലുകളിലും പറമ്പിലുമെല്ലാം ഉപേക്ഷിച്ച മദ്യക്കുപ്പികൾ ഇഷ്ടം പോലെ. 

രാത്രികാലങ്ങളിൽ അപരിചിതരുടെ വാഹനങ്ങൾ ഇവിടങ്ങളിൽ പാർക്ക് ചെയ്യുന്നത് പതിവാണ്. വാഹനത്തിലിരുന്ന് മദ്യപിച്ചശേഷം കുപ്പികൾ വയലിലേയ്ക്ക് വലിച്ചെറിയും. ഉപയോഗശൂന്യമായ ക്ലോസറ്റുകൾ, ഖരമാലിന്യങ്ങൾ, ഡയപ്പറുകൾ, വീടുകളിൽ നിന്നും കൊണ്ടുവന്നിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പടെ ചീഞ്ഞളിഞ്ഞ നിലയിലായതിനാൽ സ്ഥലമുടമകൾക്ക് കൃഷിയിറക്കാൻ പോലുമാകുന്നില്ലെന്ന് പരാതിയുണ്ട്. 

liqure bottles collected-3

വയലുകളുടെ മധ്യത്തിലൂടെയുള്ള തോട്ടിൽ പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്കില്ലാതെയായി എന്ന് കൃഷിക്കാരനായ മണി കൈതക്കോട് പറഞ്ഞു.  

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്നവരെ കയ്യേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമങ്ങളുണ്ടായി. പഞ്ചായത്ത്, പൊലീസ്, എക്സൈസ് വകുപ്പുകളുടെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisment