/sathyam/media/media_files/2026/01/25/anwar-sadath-mla-2026-01-25-01-36-01.jpg)
ആലുവ: മഹാശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ മുന്നൊരുക്ക യോഗം ചേർന്നു.
ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മണപ്പുറത്തും പരിസരത്തും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിതരണവും തടയാൻ എക്സൈസ്-പോലീസ് വകുപ്പുകൾ സംയുക്തമായി കർശന പരിശോധന നടത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
ആഘോഷങ്ങൾ പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കണം നടത്തേണ്ടത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മണപ്പുറത്ത് ഉപയോഗിക്കുന്നില്ലെന്ന് നഗരസഭ ഉറപ്പുവരുത്തണം. ഹരിതചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നഗരസഭയ്ക്ക് എം.എൽ.എ നിർദ്ദേശം നൽകി.
സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കാനും ബലിതർപ്പണം നടക്കുന്ന കടവുകളിൽ രണ്ടു ദിവസത്തിനകം ബാരിക്കേഡുകൾ സ്ഥാപിച്ച് ശുചീകരണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ് യൂണിറ്റുകളും സ്‌കൂബ ഡൈവർമാരും സജ്ജമായിരിക്കും. ഭക്തരുടെ യാത്രാസൗകര്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും.
ടാക്സി വാഹനങ്ങൾ അമിത കൂലി ഈടാക്കുന്നത് തടയാൻ ആർ.ടി.ഒ സ്ക്വാഡുകൾ പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളും നടത്താൻ എം.എൽ.എ നിർദ്ദേശിച്ചു.
ആലുവ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, നഗരസഭ ചെയർപേഴ്സൺ സൈജി ജോളി മൂത്തേടൻ, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, സെക്രട്ടറി പി.ജെ. ജെസിത, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ സുജാത ഉദയൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us