വന്നാമി ചെമ്മീൻ കൃഷി വ്യാപകമാക്കി സംസ്ഥാനത്തെ മത്സ്യ ഉത്പാദന മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ

New Update
saji cheriyan shrimb cultivation

കൊച്ചി: വന്നാമി ചെമ്മീൻ കൃഷി വ്യാപകമാക്കി സംസ്ഥാനത്തെ മത്സ്യ ഉത്പാദന മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. 

Advertisment

എറണാകുളം ബോൾഗാട്ടി പാലസിൽ ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള സംഘടിപ്പിച്ച 'അക്വാമീറ്റ് 2026' ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

10 ലക്ഷത്തിലധികം ആളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന മത്സ്യ ഉത്പാദന മേഖലയുടെ സംരക്ഷണം സർക്കാരിന്റെ മുൻഗണനയാണെന്നും മന്ത്രി പറഞ്ഞു.

കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തിൽ അക്വാകൾച്ചർ മേഖലയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. 

2019-ൽ 26,198 ടൺ ആയിരുന്ന സംസ്ഥാനത്തെ അക്വാകൾച്ചർ ഉത്പാദനം 2025-ൽ 41,750 ടണ്ണായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്. എന്നാൽ, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചെമ്മീൻ ലഭ്യത കുറയുന്ന സാഹചര്യം മുന്നിൽ കണ്ട് കേരളം സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. 

ഇതിനായുള്ള സുപ്രധാന ചുവടുവെപ്പായി സംസ്ഥാനത്ത് വന്നാമി കൃഷിക്ക് അനുയോജ്യമായ 10,000 ഹെക്ടർ സ്ഥലം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

ഇതിൽ 2,500 ഹെക്ടറിൽ അടിയന്തരമായി കൃഷി ആരംഭിക്കാനാണ് പദ്ധതി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 50,000 ടൺ അധിക ഉത്പാദനം കൈവരിക്കാനാകും. ഇത് കേരളത്തിലെ അക്വാകൾച്ചർ ഉത്പാദനം ഇരട്ടിയാക്കാനും മത്സ്യസംസ്കരണ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.

സിബ, എൻ.ബി.ഡി.എ, എൻ.എഫ്.ഡി.ബി, കുഫോസ്  തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അക്വാമീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ അഞ്ച് വർഷമായി നടക്കുന്ന ക്രിയാത്മകമായ ചർച്ചകളുടെ തുടർച്ചയാണ് അക്വാമീറ്റ് 2026. ഇതിലൂടെ മത്സ്യമേഖലയ്ക്ക് പുതിയ ദിശാബോധം നൽകാൻ  സംഗമത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. മികച്ച വന്നാമി കർഷകരെ ചടങ്ങിൽ ഹൈബി ഈഡൻ എംപി ആദരിച്ചു.

ഫിഷറീസ് ഡയറക്ടർഇഗ്നേഷ്യസ് വി ചെൽസാസിനി, കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജു കുമാർ, അഡാക് മാനേജിംഗ് ഡയറക്ടർ ബി മൺഡ്രോ, സാങ്കേതിക വിദഗ്ധർ, വ്യവസായികൾ, കർഷകർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു. 

സാങ്കേതിക സെഷനുകൾ, കർഷകരുടെ അനുഭവം പങ്കിടൽ, ചർച്ചകൾ, പ്രദർശനം എന്നിവ അക്വാ മീറ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Advertisment