തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായ ബജറ്റ്: സാബു എം ജേക്കബ്

New Update
sabu m jacob

കൊച്ചി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തുടര്‍ഭരണം ലഭിക്കില്ലെന്ന്  ബജറ്റ് പ്രഖ്യാപനങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് അഭിപ്രായപ്പെട്ടു.

Advertisment

കഴിഞ്ഞ 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് മാസത്തിനപ്പുറം തിരഞ്ഞെടുപ്പ് വരാനിരിക്കെ ഈ ബജറ്റില്‍ പ്രഖ്യാപിച്ച യാതൊന്നും നടപ്പാക്കേണ്ടിവരില്ലെന്നും അടുത്ത സര്‍ക്കാര്‍ വീണ്ടും ബജറ്റ് അവതരിപ്പിക്കണമെന്നും ഇവിടുത്തെ ഓരോ സാധാരണക്കാരനും അറിയാം.

പിണറായി വിജയന്റെ കിരാത ഭരണത്തിനെതിരെ അതിശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായതാണ്.

സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഉതകുന്ന ഒരു പദ്ധതി പോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഈ സര്‍ക്കാര്‍ ആറര ലക്ഷം കോടിയുടെ കടബാധ്യതയാണ് വരുത്തി വച്ചിരിക്കുന്നത്. 

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ അടുത്ത സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തില്‍ നിന്നും അപ്രത്യക്ഷമായ  സമര കോലാഹലങ്ങള്‍ സിപിഎം വീണ്ടും പുറത്തെടുക്കും.

മിനിമം വേതനം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുന്ന സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 25 രൂപ മാത്രം വര്‍ദ്ധനവ് പ്രഖ്യാപിച്ച് ക്രൂരമായി വഞ്ചിച്ചിരിക്കുകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് കൊട്ടിഘോഷിച്ച എല്ലാ പദ്ധതികളും കേന്ദ്രത്തിന്റേതായിരുന്നു വെന്ന് ജനങ്ങള്‍ മനസിലാക്കിയതിന്റെ ജാള്യത മറയ്ക്കാനാണ് ബജറ്റവതരണത്തില്‍ ധനമന്ത്രി കടമെടുപ്പിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. കടമെടുപ്പിന്റെ എല്ലാ പരിധിയും കഴിഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും കേന്ദ്രത്തിന്റെ പദ്ധതികളല്ലാതെ യാതൊന്നും സംസ്ഥാനത്ത് വന്നിട്ടില്ല. കേന്ദ്ര പദ്ധതികളുടെ പേര് മാറ്റി പുതിയ പേര് നല്‍കി തങ്ങളുടെ ഭരണ നേട്ടമാണെന്ന് മേനി നടിക്കുകയാണ് സിപിഎം.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് സമരവും, പ്രകടന പത്രികയും ഇറക്കി ഭരണത്തിലേറി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പേര് മാറ്റി അഷ്വേര്‍ഡ് പെന്‍ഷന്‍ എന്നാക്കി വീണ്ടും സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണ്.

അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും, ജനം അത് ആഗ്രഹിക്കുന്നു വെന്നും സാബു ജേക്കബ് പറഞ്ഞു.

Advertisment