/sathyam/media/media_files/2026/02/09/kochi-press-club-2026-02-09-22-32-26.jpg)
എറണാകുളം: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരികളിൽ നിന്നും പിരിച്ചെടുത്ത ഒരു കോടി രണ്ട് ലക്ഷത്തിൽ പരം രൂപയിൽ അറുപത് ലക്ഷം രൂപ മാത്രമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ കമ്മിറ്റി കൈമാറിയത്.
ബാക്കി തുക ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ദുരുപയോഗം ചെയ്തതിനെതിരെ പരാതി നൽകിയ ഏകോപന സമിതി ഭാരവാഹികളെ പുറത്താക്കിയ നടപടി എറണാകുളം സിവിൽ കോടതി റദ്ദാക്കി.
സംഘടനകളുടെ സംസ്ഥാന പ്രസിഡന്റിനും, ജില്ലാ പ്രസിഡന്റിനും ആരെയും നോട്ടീസ് നൽകാതെ പുറത്താക്കാം എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നും, 2003 ൽ തന്നെ IL (76) F എന്ന കരിനിയമം കോടതി റദ്ദാക്കിയിരുന്നതായി സിവിൽ കോടതി നിരീക്ഷിച്ചു.
അതുകൊണ്ടുതന്നെ ആ വകുപ്പുപ്രകാരം എടുത്ത മുഴുവൻ നടപടികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എറണാകുളം സിവിൽ കോടതി സ്റ്റേ ചെയ്തു.
ഫണ്ട് തിരിമറി ചെയ്ത വിഷയത്തിൽ സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ ജനറൽ സെക്രട്ടറി ആയിരുന്ന എ ജെ റിയാസ് പരാതി നൽകിയതോടെയാണ് കാര്യങ്ങൾ പൊതു ചർച്ചയായി മാറിയത്.
ഇതിനെ തുടർന്ന് ഫണ്ട് വിനിയോഗത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച ഭാരവാഹികളെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ പ്രസിഡണ്ട് സസ്പെൻഡ് ചെയ്തു.
സസ്പെൻഷന് എതിരെ നിലപാട് സ്വീകരിച്ച ജില്ലാ ജനറൽ സെക്രട്ടറി എ ജെ റിയാസിനെയും ഇതേ അധികാരം ഉപയോഗിച്ച് പുറത്താക്കിയിരുന്നു. ഈ നടപടികളെയാണ് ചോദ്യം ചെയ്തതെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത്തരമൊരു അധികാരം ജില്ലാ പ്രസിഡന്റിന് ഇല്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ എസ് കമറുദ്ദീൻ (പള്ളുരുത്തി) പി എ ഷാനവാസ് (പള്ളുരുത്തി) കെ എസ് നിഷാദ് (നെട്ടൂർ) അബ്ദുൽ അസീസ് (കളമശ്ശേരി) എന്നിവരെയാണ് ജില്ലാ പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ച് പുറത്താക്കിയത്.
വയനാട് ദുരിതാശ്വാസ ഫണ്ട് സമിതിയുടെ ജില്ലാ, സംസ്ഥാന നേതൃത്വം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും സമഗ്ര അന്വേഷണത്തിനായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും എസ് കമറുദ്ദീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us