പിറവം നിയോജക മണ്ഡലത്തിലെ ട്വൻ്റി 20, ആം ആദ്മി നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക്

New Update
mulanthuruthy block congress

മുളന്തുരുത്തി: പിറവം നിയോജക മണ്ഡലത്തിലെ ട്വൻ്റി 20, ആം ആദ്മി പ്രവർത്തകർ കൂട്ടത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നു. പിറവം നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരുമാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുന്നത്. 

Advertisment

ഫെബ്രുവരി 21 ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര മുളന്തുരുത്തിയിൽ എത്തിച്ചേരുമ്പോൾ, പ്രതിപക്ഷ നേതാവ് അംഗത്വം നൽകി ഇവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് ഔദ്യോഗികമായി സ്വീകരിക്കുമെന്ന് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ആർ ഹരി പത്രസമ്മേളനത്തിൽ പറഞ്ഞു. 

ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ, ബിജെപിയെ പ്രീണിപ്പിച്ച് മൂന്നാം തവണയും കേരളത്തിൽ അധികാരത്തിൽ വരാനാണ് സിപിഎം ശ്രമിക്കുന്നത്. പിണറായി വിജയനെ ഭയപ്പെടുത്തി, സിപിഎം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി ഏതാനും  മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. 

വർഗ്ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വിഡി സതീശന് പുറകിൽ, കേരളത്തിൽ മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന, ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗമാണ് പിന്തുണയുമായി നിലകൊള്ളുന്നത്. പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറിയും നടത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളും ഈ വിഭാഗം ജനങ്ങൾ പരമ പുച്ഛത്തോടെ ആണ് കാണുന്നത്. 

ക്ഷേത്ര സ്വത്തുക്കളിൽ പോലും കൈവെച്ചവരെ  ന്യായീകരിക്കാനും, സുരക്ഷിതരാക്കാനും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പ്രവർത്തകരും കാണിക്കുന്ന മിടുക്ക് കേരളത്തിലെ പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജനങ്ങൾ അധികാരത്തിൽ നിന്നും തുടച്ച് നീക്കുമെന്ന് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ആർ ഹരി പ്രസ്താവിച്ചു.

കോൺഗ്രസ്, അതിന്റെ മതേതരത്വ കാഴ്ചപ്പാടുകൾ ഇന്നും തുടരുന്നതിനാലാണ്  ട്വൻ്റി 20, ആം ആദ്മി തുടങ്ങിയ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് എന്ന് ആർ ഹരി തുടർന്ന് പറഞ്ഞു.

ആം ആദ്മി പാർട്ടി പിറവം നിയോജക മണ്ഡലം കൺവീനറായിരുന്ന ആർ സി വിൻസെൻ്റ്, ബേബിച്ചൻ തോമസ്, ട്വൻ്റി 20 സ്ഥാനാർത്ഥിയായി മത്സരിച്ച വിനു വർഗീസ്, സ്വപ്ന നവീൻ എന്നിവരുടെ നേതൃത്വത്തിലാണ്, വിഡി സതീശനിൽ നിന്നും കോൺഗ്രസ് പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നത്. 

മതേതരത്വവും ജനാധിപത്യവും നിലനിർത്താനും പാലിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവും, ട്വൻ്റി 20 വർഗീയ പാർട്ടിയായ ബി ജെ പി മുന്നണിയുടെ ഭാഗമായി മാറിയതിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന്  ആർ സി വിൻസെന്റും ബേബിച്ചൻ തോമസും വിനു വർഗീസും സ്വപ്ന നവീനും പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് ആർഹരി, വൈസ് പ്രസിഡണ്ട് ലിജോ ചാക്കോച്ചൻ, മണ്ഡലം പ്രസിഡണ്ട് ജെറിൻ ടി ഏലിയാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment