കൂവപ്പടി പോസ്റ്റ് ഓഫീസ്: പ്രധാനമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് നാട്ടുകാർ

ഗ്രാമത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്തിൻ്റെയും എം.എൽ.എ, എം.പി, കേന്ദ്രമന്ത്രിമാർ എന്നിവരുടെ ഇടപെടലിൽ സ്വന്തം സ്ഥലത്ത് പോസ്റ്റ് ഓഫീസ് മന്ദിരം പണിയാൻ എത്രയും വേഗം മന്ത്രാലയത്തിൻ്റെ ഇടപെടലുണ്ടാകണമെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്. 

New Update
koovappadi post office

കൂവപ്പടി പഞ്ചായത്ത് വാർഡ് 21- ൽ പോസ്റ്റ് ഓഫീസ് നിർമ്മിയ്ക്കാൻ തപാൽ വകുപ്പ് വാങ്ങിയിട്ടിരിക്കുന്ന സ്ഥലത്തിനു മുമ്പിൽ പഞ്ചായത്തംഗം ഗിരീഷ് മാധവൻ നാട്ടുകാരോടൊപ്പം.

പെരുമ്പാവൂർ: നൂറ്റാണ്ടിൻ്റെ പഴക്കമുള്ള കൂവപ്പടി പോസ്റ്റ് ഓഫീസിൻ്റെ പ്രവർത്തനം തപാൽ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേയ്ക്ക് കെട്ടിടം പണിത് മാറ്റണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് കത്തെഴുതി അനുകൂല നടപടിയ്ക്കായി കാത്തിരിക്കുകയാണ് കൂവപ്പടി പഞ്ചായത്തംഗമായ ഗിരീഷ് മാധവൻ. 

Advertisment

ബിജെപി പ്രതിനിധിയായ ഇദ്ദേഹത്തിൻ്റെ, വാർഡ് 21 പരിധിയിലാണ് തപാൽ ഓഫീസിനായുള്ള സ്ഥലം സ്ഥിതി ചെയ്യുന്നത്. 

koovappadi post office-2

വല്ലം - കോടനാട് റോഡിൽ കൂവപ്പടി പഞ്ചായത്ത് ജംഗ്ഷൻ കഴിഞ്ഞ് ഇടതുവശത്ത്  ബ്ലോക്ക്‌ നമ്പർ 7, സർവ്വെ നമ്പർ 351/12-ൽ 20 സെന്റോളം ഭൂമി തപാൽ വകുപ്പിൻ്റെതായുണ്ട്.  

കാടുകയറിയനിലയിൽ  മലമ്പാമ്പുകളെ വരെ ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട്. പരാതികളെത്തുടർന്നാണ് കാടുവെട്ടി നീക്കിയത്.  

ജനങ്ങൾക്ക് എത്തിച്ചേരാൻ ഏറ്റവും സൗകര്യപ്രദമായ ഇടത്ത് സ്വന്തം സ്ഥലമുണ്ടായിട്ടും 5 ജീവനക്കാരുമായി 40 വർഷമായി പോസ്റ്റ് ഓഫീസിൻ്റെ പ്രവർത്തനം മറ്റൊരിടത്ത് വാടകക്കെട്ടിടത്തിലാണ്. 

അയ്മുറിയിൽ പൂപ്പാനി റോഡിലെ പെരിയാർവാലി സൈഫൺ ജലസേചന തുരങ്കത്തിനു സമീപമാണ് ഇപ്പോൾ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. 

koovappadi post office-3

ബസ്  സ്റ്റോപ്പിൽ നിന്നും അകലെയായതിനാൽ  പോസ്റ്റ് ഓഫീസിൽ എത്താൻ ജനം ബുദ്ധിമുട്ടുകയാണ്.  പരാതികളും ജനപ്രതിനിധികളുടെ ഇടപെടലുകളും ഇതിനു മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും  പരിഹാരമുണ്ടായില്ല. 

നൂറു വർഷത്തിനപ്പുറം ഏറ്റവും കൂടുതൽ തപാലുരുപ്പടികളും  മണിയോർഡറുകളും  കൈകാര്യം ചെയ്തിരുന്ന പോസ്റ്റ് ഓഫീസായിരുന്നു ആദ്യ കാലത്ത് കൂവപ്പടിയിലേത്.  

തമിഴ് ബ്രാഹ്മണസമൂഹം ഏറെയുണ്ടായിരുന്ന കൂവപ്പടിയിൽ ഇവരുടെ കുടുംബങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിലേയ്ക്ക് ജോലി തേടിപ്പോയവരുടെ മണിയോർഡറുകളും കത്തുകളും വരുന്നത് പതിവായിരുന്നു. 

ഗ്രാമീണ മേഖലയിലെ തിരക്കേറിയ തപാൽ ഓഫീസുകളിലൊന്നായിരുന്നിട്ടും അധികൃതരുടെ ശ്രദ്ധ വേണ്ടത്രയുണ്ടായില്ല. 

koovappadi post office-4

ഗ്രാമത്തിൻ്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്തിൻ്റെയും എം.എൽ.എ, എം.പി, കേന്ദ്രമന്ത്രിമാർ എന്നിവരുടെ ഇടപെടലിൽ സ്വന്തം സ്ഥലത്ത് പോസ്റ്റ് ഓഫീസ് മന്ദിരം പണിയാൻ എത്രയും വേഗം മന്ത്രാലയത്തിൻ്റെ ഇടപെടലുണ്ടാകണമെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്. 

പ്രധാനമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന വാർഡംഗം കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ എല്ലാവിഭാഗം ജനങ്ങളിലേയ്ക്കും എത്തിച്ച് സമഗ്രവികസനം സാധ്യമാക്കാനാണ് ശ്രമമെന്നു ചൂണ്ടിക്കാട്ടി.

Advertisment