കേരളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം തേടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് നാളെ രാവിലെ പത്ത് മണിക്ക് മുളന്തുരുത്തിയിൽ യുഡിഎഫ്, പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച വരവേൽപ് നൽകും

New Update
mulanthuruthy block congress committee

മുളന്തുരുത്തി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് യുഡിഎഫ് പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ നാളെ രാവിലെ പത്ത് മണിക്ക് വമ്പിച്ച വരവേൽപ് നൽകുമെന്ന് യുഡിഎഫ് പിറവം നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കെ ആർ ജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

കഴിഞ്ഞ പത്ത് വർഷത്തെ പിണറായി ഭരണം, അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നിറഞ്ഞതായിരുന്നു എന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. സാധാരണക്കാരായ ഇടതുപക്ഷ പാർട്ടി പ്രവർത്തകർ പോലും എൽഡിഎഫ് തുടർ ഭരണം കേരളത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല എന്ന് പുതുയുഗയാത്ര കടന്ന്പോയ സ്ഥലങ്ങളിൽ ഉണ്ടായ വമ്പിച്ച ജനപങ്കാളിത്തം വ്യക്തമാക്കുന്നു എന്ന് ജയകുമാർ വ്യക്തമാക്കി.
 
ഇടത് ദുർഭരണത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷയാണ് യുഡിഎഫും, വി ഡി സതീശനും എന്ന്  മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ആർ ഹരി പറഞ്ഞു. ഇടത് സർക്കാരിന്റെ ദുർഭരണത്തിന് അന്ത്യം കുറിക്കുകയെന്നതാണ്ജനങ്ങൾ ലക്ഷ്യമിടുന്നത് എന്ന് പുതുയുഗയാത്രയ്ക്ക് ജനങ്ങളുടെ ഇടയിലുണ്ടായ സ്വീകാര്യത വെളിവാക്കുന്നു എന്നും ഹരി പറഞ്ഞു. 

നാളെ രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര     മുളന്തുരുത്തിയിൽ എത്തുമ്പോൾ നൽകുന്ന സ്വീകരണം ചരിത്ര സംഭവമായി മാറ്റാൻ അനൂപ് ജേക്കബ്ബ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡൻ്റ് വി ജെ പൗലോസ് എന്നിവർ രക്ഷാധികാരികളായും, യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കെ ആർ ജയകുമാർ ചെയർമാനായും, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട്മാരായ ആർ ഹരി, പി സി ജോസ്, ഡിസിസി ഭാരവാഹികൾ എന്നിവർ കൺവീനർമാരായും സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.

കെ എസ് യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മറ്റ് പോഷക സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തം ഉണ്ടാകും. അതോടൊപ്പം,   നിയോജകമണ്ഡലത്തിലെ പന്ത്രണ്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അയ്യായിരത്തിലധികം  ആളുകൾ  പുതുയുഗയാത്രയിൽ അണിചേരും.  

നാളെ രാവിലെ പത്ത് മണിക്ക് മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ മുന്നിൽ യാത്രയെ സ്വീകരിച്ച്,  അവിടെ നിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളനം നടക്കുന്ന കരോട്ടേ കുരിശ് കവലയിലേക്ക് ആനയിക്കും. 

പുതുയുഗയാത്ര ഒരു രാഷ്ട്രീയ ചരിത്ര മഹാ സമ്മേളനം ആക്കി മാറ്റാൻ ആയിരങ്ങൾ ഒഴുകിയെത്തുമെന്ന് ഡിസിസി സെക്രട്ടറി വേണു മുളന്തുരുത്തി സൂചിപ്പിച്ചു. കോൺഗ്രസ് മുളന്തുരുത്തി മണ്ഡലം പ്രസിഡൻ്റ് ജെറിൻ ടി ഏലിയാസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വിളംബര ജാഥ 

പുതുയുഗയാത്രയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇരുചക്ര വാഹനങ്ങളിൽ വിളംബര ജാഥ നടത്തി.

അഞ്ചൽ പെട്ടിയിൽ നിന്ന് ആരംഭിച്ച വാഹനജാഥ മുളന്തുരുത്തിയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിത്തു പ്രദീപിന് വിളംബര പതാക കൈമാറി യുഡിഎഫ് നേതാവ് അനൂപ് ജേക്കബ്ബ് എംഎൽഎ വിളംബര ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ ആർ ജയകുമാർ അദ്ധ്യക്ഷനായിരുന്നു. 

ഡിസിസി സെക്രട്ടറിമാരായ വേണു മുളന്തുരുത്തി, വിത്സൺ കെ. ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്മാരായ ആർ ഹരി, പി സി ജോസ്, പാമ്പാക്കുട മണ്ഡലം പ്രസിഡൻ്റ് ബെന്നി സ്കറിയ, പഞ്ചായത്ത് പ്രസിഡൻ്റ് ഷില ബാബു, തോമസ് തടത്തിൽ, അരുൺ കല്ലറയ്ക്കൽ, എൽദോ ചാക്കോ , ജോഷി എന്നിവർ സംസാരിച്ചു. ഇന്ന് കലാജാഥ ഉണ്ടായിരിക്കും.

Advertisment