Advertisment

സ്വന്തം അമ്മയുടെ  മൃതദേഹം മറ്റൊരാളുടെ പുരയിടത്തിൽ അനുവാദമില്ലാതെ സംസ്കരിച്ചത് കോടതി ഉത്തരവിലൂടെ  പുറത്തെടുത്ത് പൊതുശ്മശാനത്തിൽ വീണ്ടും സംസ്കരിച്ചു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
c5513377-222b-4405-8982-47a1538ea1ea.jpeg

ആമ്പല്ലൂർ/എറണാകുളം. കുലയറ്റിക്കര സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹമാണ് മറ്റൊരാളുടെ പുരയിടത്തിൽ സ്ഥലം ഉടമയുടെ അനുവാദം ഇല്ലാതെ സംസ്ക്കരിച്ചത്.

Advertisment

ഉടമയുടെ പരാതിയിൽ ആണ് മൃതദേഹം പുറത്തെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കണമെന്ന് ഹൈക്കോടതി ആമ്പല്ലൂർ പഞ്ചായത്തിനോട് നിർദ്ദേശിച്ചത്.  രണ്ട് വർഷം മുൻപ് ആണ്  വീടിനടുത്തുള്ള പുരയിടത്തിൽ അമ്മയുടെ മൃതദേഹം  മകൻ്റെ നേതൃത്വത്തിൽ സംസ്കരിച്ചത്.

ഹൈക്കോടതിയുടെ  നിർദ്ദേശപ്രകാരം ബുധനാഴ്ച രാവിലെ 9 മണിയോടെ മൃതദേഹം പുറത്തെടുത്ത് പഞ്ചായത്തിൻ്റെ പൊതുശ്മശാനത്തിൽ വീണ്ടും സംസ്കരിച്ചു. 07f5ce7e-b989-4159-b07a-8ec4d8a8c036.jpeg

സ്ഥലം ഉടമ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ ജസ്റ്റീസ് വി.ജി.അരുൺ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കുലയറ്റിക്കര കോണത്തു ചാത്തങ്കരിയിൽ രാജേഷാണ് മരിച്ച സ്ത്രീയുടെ മകൻ.

ഇവരുടെ കുടുംബവക സ്ഥലം നേരത്തേ മരട് സ്വദേശി ട്രീസാ ജോസഫ് എന്നയാൾക്ക് വിറ്റിരുന്നു. ട്രീസാ ജോസഫിന് രാജേഷിന്റെ  കുടുംബം വിറ്റ സ്ഥലത്ത് അനുമതിയില്ലാതെ  സംസ്കരിച്ച മൃതദേഹം മാറ്റി സംസ്കരിക്കാൻ മകൻ രാജേഷിനോട് 2022 ഒക്ടോബർ 7 ന് ഫോർട്ടുകൊച്ചി സബ് കളക്ടർ ഉത്തരവ് നൽകി. മകൻ തയ്യാറായില്ലങ്കിൽ മൃതദേഹം ഏറ്റെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സ്ഥലം ഉടമയും ഉത്തരവിനെതിരെ മകനും ഹൈക്കോടതിയിൽ പരാതിയുമായ് എത്തി.

അനാഥ മൃതദേഹങ്ങളെ മാത്രമെ ഏറ്റെടുത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കാനാകു എന്നായിരുന്നു പഞ്ചായത്തിൻ്റെ നിലപാട്. അബദ്ധത്തിൽ അടുത്ത പുരയിടത്തിൽ സംസ്കരിച്ചു പോയതെന്നായിരുന്നു മകൻ്റെ വാദം. സബ് കളക്ടറുടെ ഉത്തരവിനെ തുടർന്ന് സ്ഥലം അളക്കുകയും അടുത്ത പുരയിടത്തിലാണ് സംസ്കരിച്ചതെന്ന് വ്യക്തമാവുകയും ചെയ്തു. എന്നിട്ടും മൃതദേഹം മാറ്റി സ്ഥാപിക്കാൻ മകൻ തയാറായില്ല. മകൻ്റെ ഈ പ്രവൃത്തിയിലൂടെ മാതാവിൻ്റെ മൃതദേഹം ഉപേക്ഷിച്ചതായേ കണക്കാക്കാൻ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു. 5aec8f44-40e7-45ea-9715-4567a037bc7d.jpeg

അതു കൊണ്ടു തന്നെ മൃതദേഹം മാറ്റി സംസ്കരിക്കാനുള്ള ഉത്തരവിൽ തെറ്റില്ലന്നും കോടതി വിലയിരുത്തി. ഇത്തരം പ്രവൃത്തികൾ മക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലന്ന് പ്രതീക്ഷിക്കാനേ കഴിയൂ എന്നും കോടതി പറഞ്ഞു. സബ് കളക്ടറുടെ ഉത്തരവിനെതിരെ മകൻ നൽകിയ ഹർജി തള്ളുകയും ചെയ്തു.

ആമ്പല്ലൂർ  പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തപ്പോൾ കണയന്നൂർ തഹസിൽദാർ വിനു  പി .സാബു, കീച്ചേരി സി.എച്ച്.സി.മെഡിക്കൽ ഓഫീസർ അപ്പു സിറിയക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത് മ്യാലിൽ, എം.എം.ബഷീർ, മെമ്പർ ജെസി ജോയി, മുളന്തുരുത്തി പോലീസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment