ഉദയംപേരൂർ: തൃപ്പൂണിത്തുറ - വൈയ്ക്കം റോഡിൽ, ഉദയംപേരൂർ സൂനഹദോസ് പള്ളികഴിഞ്ഞ് കണ്ടനാട് കവലയിലെത്തും മുൻപ് ഇടത് ഭാഗത്ത് ഉയരത്തിൽ വളർന്ന് നിൽക്കുന്ന ആൽമരവും മറ്റ് ഏതാനും മരങ്ങളും അതുവഴി കടന്നുപോകുന്നവർ കണ്ടിട്ടുണ്ടാകും.
റോഡിലാകെ തണൽ വിരിച്ച് തല ഉയർത്തി നിൽക്കുന്ന ഈ മരപ്രഭുക്കൾ, നാട്ടുകാർ കുമാരനമ്മാവനെന്ന് വിളിയ്ക്കുന്ന വെളുത്ത് ഉയരം കുറഞ്ഞ, ചന്ദനമോ കുങ്കുമമോ ചാർത്തിയ നെറ്റിയും കവിഞ്ഞ് കയറിയ കഷണ്ടിയും, മുഖത്ത് സദാ പ്രസന്നഭാവം കളിയാടുന്ന വെളിയിൽ കുമാരൻ നട്ട് നനച്ച് വളർത്തിയതാണ്.
വെളിയിൽ സ്റ്റോഴ്സ് എന്ന അദ്ദേഹത്തിന്റെ കടയുടെ മുന്നിൽ മരങ്ങൾ റോഡിന് മുകളിൽ കുടവിരിച്ച് നിൽക്കുന്നത് കണ്ണിനും മനസ്സിനും ആനന്ദം നൽകുന്നു. കടയുടെ പുറകിലെ വീട്ടിൽ അദ്ദേഹവും ഭാര്യ രാധയും മൂത്ത മകൻ സിദ്ധാർത്ഥനും ഭാര്യ ഷൈലജയ്ക്കും മക്കൾക്കും ഒപ്പം താമസിച്ച് വരികയായിരുന്നു. തനൂജ, സിന്ധു എന്ന രണ്ട് പെൺമക്കൾ വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹങ്ങളിൽ ആണ്.
/sathyam/media/media_files/8ro8AOkLFEb12sSvNO5h.jpg)
പുലർച്ചെ നാലരയോടെ അദ്ദേഹം ഉറക്കമുണർന്ന് ദിനചര്യകൾ ആരംഭിയ്ക്കും. അതിരാവിലെ പെരുംതൃക്കോവിൽ തേവരെ കണ്ട് വണങ്ങും. എളിമയും ലാളിത്യവും വിനയവും മുഖമുദ്രയാക്കിയ അദ്ദേഹം കറകളഞ്ഞ ഈശ്വരവിശ്വാസിയും ആയിരുന്നു.
സൗമ്യനും മിതഭാഷിയും ആയിരുന്നു. പ്രകൃതി സ്നേഹിയും സഹജീവി സ്നേഹിയും ശ്രീനാരായണ ഗുരുഭക്തനും ആയിരുന്നു. ഗുരുദേവ കൃതികളും ദർശനങ്ങളും അദ്ദേഹത്തെ പ്രകൃതിയുമായി ഇഴചേർത്ത് വെച്ചു. അനാരോഗ്യം മൂലം ക്ഷേത്രദർശനം ആഴ്ചയിൽ ഒരിക്കൽ ആയി. മരിയ്ക്കുന്നതിന് ഏതാനും ആഴ്ചകൾ മുമ്പ് വരെ ആ ശീലം തുടർന്നു.
/sathyam/media/media_files/6148d5j6LXyS2THJVImi.jpg)
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തിൽ കുമാരൻ അമ്മാവൻ മരങ്ങൾ നട്ട് തുടങ്ങി. വീട്ടിൽ നിന്നും വെള്ളം ബക്കറ്റുകളിൽ കൊണ്ടുവന്ന് ഓരോ തൈമരങ്ങളും നനച്ച് അവയ്ക്ക് ജീവനേകി. അദ്ദേഹം നട്ട മരങ്ങൾ മുഴുവനും ഇന്ന് ഉണ്ടായിരുന്നെങ്കിൽ സ്റ്റെല്ലാമേരിസ് കോളജും കഴിഞ്ഞ് ഏതാണ്ട് സൂനഹദോസ് പള്ളിയുടെ അടുത്ത് വരെ തണൽ വീഴ്ത്തുമായിരുന്നു.
അദ്ദേഹത്തിന്റെ നോട്ടം ചെന്നെത്തിയിരുന്ന ഈ മരങ്ങളൊഴികെ ബാക്കി എല്ലാം ആരൊക്കെയോ നശിപ്പിച്ചു. പൊരിവെയിലിൽ ടാറ് തിളച്ച് പൊങ്ങുന്ന റോഡിലെ ചൂടിന് ഇവിടെയെത്തുമ്പോൾ ചെറിയ ആശ്വാസമാകും.
അദ്ദേഹത്തിന്റെ കടയും സമീപത്തെ കടകളും, റോഡും ഈ പച്ചിലച്ചാർത്തുകൾ തീർത്ത ചെറുകുളിരും പുതച്ച് കുമാരനമ്മാവന്റെ ദീപ്തസ്മരണകൾ പേറി നിൽക്കുന്നു.