കൊച്ചി: തോന്നിയ പോലെ ആർക്കും ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിനും വ്യക്തിഗത വായ്പ നൽകുന്നതിനും തടയിട്ടിരിക്കുകയാണ് റിസർവ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തിൽ തോന്നിയ പോലെ പ്രവർത്തിക്കുന്നത് സാമ്പത്തിക അച്ചടക്കമില്ലാതാക്കുമെന്ന വിലയിരുത്തലിലാണിത്.
മതിയായ ഈടില്ലാതെ അനുവദിക്കുന്ന വ്യക്തിഗത വായ്പകളും കൺസ്യൂമർ വായ്പകളും ബാങ്കിംഗ് സിസ്റ്റത്തിന് തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞാണ് റിസർവ് ബാങ്ക് ഇടപെടൽ.
കോവിഡ് കാലത്തിനു ശേഷമാണ് ഈടില്ലാത്ത വായ്പകൾ വൻതോതിൽ കൂടിയത്. ചെറിയ തുകയ്ക്കുള്ള വായ്പകൾ കാര്യമായ നൂലാമാലകളില്ലാതെ ഉപഭോക്താക്കൾക്ക് ബാങ്കുകൾ വാരിക്കോരി നൽകുന്ന രീതി കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായി കൂടിയിരുന്നു.
ഇങ്ങനെ നൽകുന്ന വായ്പകൾക്ക് ആനുപാതികമായി കൂടുതൽ തുക മൂലധന പര്യാപ്തത അനുപാതമായി സൂക്ഷിക്കണമെന്നാണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
ഇതോടെ ഈടില്ലാതെ നൽകുന്ന വായ്പകളുടെ വിതരണത്തിൽ ബാങ്കുകളും ധനസ്ഥാപനങ്ങളും അധിക ബാധ്യത സഹിക്കേണ്ടിവരും. അതിനാൽ വരും ദിവസങ്ങളിൽ വ്യക്തിഗത വായ്പകളുടെ പലിശ കൂടാനിടയുണ്ട്.
പതിനായിരം രൂപ വരെയുള്ള ചെറുതുകകളാണ് വായ്പയായി നൽകുന്നതെങ്കിലും ബാങ്കുകളുടെ മൊത്തം വായ്പയിൽ നല്ലൊരു ശതമാനവും ഈ രംഗത്താണ്. വ്യക്തിഗത വായ്പകളുടെ വിതരണത്തിൽ മുൻവഷത്തേക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണുണ്ടായത്.
മറ്റു വായ്പകളിൽ പത്ത് മുതൽ 15 ശതമാനം വളർച്ച മാത്രമുള്ളപ്പോഴാണ് വ്യക്തിഗത വായ്പകളുടെ വിതരണത്തിൽ മികച്ച വർദ്ധനയുണ്ടാകുന്നത്.
എന്നാൽ വ്യക്തിഗത വായ്പകളുടെ വിതരണത്തെ മാത്രമാണ് റിസർവ് ബാങ്കിന്റെ പുതിയ നയം ബാധിക്കുക. അതിനാൽ ഭവന, വാഹന, വിദ്യാഭ്യാസ, സ്വർണ പണയ വായ്പകളുടെ പലിശയിൽ മാറ്റമുണ്ടാകില്ല.
സാമ്പത്തിക അരക്ഷിതത്വം നേരിടുന്നവരാണ് ചെറു വായ്പകൾ വലിയ പലിശ നിരക്ക് നൽകി വാങ്ങുന്നത്. അതിനാൽ ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങാൻ സാധ്യതയേറെയാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.
എന്തായാലും ഈടില്ലാത്ത വായ്പകൾക്ക് റിസർവ് ബാങ്ക് തടയിടുന്നത് സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ക്രെഡിറ്റ് കാഡുകൾ വൻതോതിൽ സ്വകാര്യ ബാങ്കുകൾ നൽകിത്തുടങ്ങിയതോടെയാണ് സാധാരണക്കാർക്കും ഇവ ലഭ്യമായത്. റിസർവ് ബാങ്കിന്റെ നിയന്ത്രണം വന്നതോടെ സാധാരണക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ കിട്ടാക്കനിയാവുമെന്നും വിലയിരുത്തപ്പെടുന്നു.