മുടിയേറ്റിനും കളമെഴുത്തും പാട്ടിനുമായി ജീവിതമുഴിഞ്ഞുവച്ച കൊരട്ടി ശങ്കരനാരായണക്കുറുപ്പിന് ഫോക്‌ലോർ അക്കാദമി ഗുരുപൂജാ പുരസ്‌കാരം

New Update
varanattu sankaranarayanakurupp

പെരുമ്പാവൂർ: എഴുപത്തേഴാം വയസ്സിലും മറ്റൊരു മുടിയേറ്റുത്സവകാലത്തിനായുള്ള ഊർജ്ജസ്വലനായുള്ള കാത്തിരിപ്പിലാണ് മുടിയേറ്റിനും കളമെഴുത്തും പാട്ടിനുമായി ജീവിതമുഴിഞ്ഞുവച്ച, കൂവപ്പടി ഇളമ്പകപ്പിള്ളി വാരണാട്ട് വീട്ടിൽ ശങ്കരനാരായണക്കുറുപ്പ്.

Advertisment

ഇത്തവണ കേരളാ സർക്കാറിന്റെ ഫോക്ക് ലോർ അക്കാദമി ഗുരുപൂജാ പുരസ്‌കാരത്തിന് താനർഹനായി എന്ന വാർത്ത കണ്ണൂരിലെ അക്കാദമി ആസ്ഥാനത്തു നിന്നും കേട്ട സന്തോഷത്തിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കുറുപ്പു ചേട്ടൻ.

varanattu sankaranarayanakurupp-5

1997 മുതൽ ഇളമ്പകപ്പിള്ളി തൃവേണിക്കവലയ്ക്കു സമീപമാണ് കുറുപ്പിന്റെ താമസം. കൂടിയാട്ടത്തിനൊപ്പം കേരളത്തിൽ നിന്നും യുനെസ്‌കോയുടെ പൈതൃകകലകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച മുടിയേറ്റ്, വാദ്യത്തിന്റെയും നൃത്തച്ചുവടുകളുടേയും കടുംചായക്കൂട്ടുകളുടേയും ഭക്തിയുടേയും അനുഷ്ഠാനത്തിന്റേയും എല്ലാം സമന്വയമാകുമ്പോൾ ഒരുപാസനപോലെ ഇന്നും അവയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയാണ് കൊരട്ടി വാരണാട്ട് ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ ഗുരുകാരണവരായ കുറുപ്പു ചേട്ടൻ.

varanattu sankaranarayanakurupp-7

കൊരട്ടി കേന്ദ്രസർക്കാർ പ്രസ്സിലെ ജീവനക്കാരനായിരുന്ന ശങ്കരനാരായണക്കുറുപ്പ് ക്ഷേത്രകലകളോടുള്ള അഭിനിവേശത്തിൽ ജോലിപോലും ഉപേക്ഷിയ്ക്കുകയാണുണ്ടായത്. ജീവിച്ചിരിയ്ക്കുന്നവരിൽ കൊരട്ടി ശൈലിയുടെ ഏറ്റവും മുതിർന്ന പ്രയോക്താവാണ് ഇദ്ദേഹം.

കുറുപ്പു ചേട്ടനും അദ്ദേഹത്തോടൊപ്പമുള്ള കലാകാരന്മാരും ചേർന്ന് തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും നിരവധി ഭദ്രകാളി ക്ഷേത്രങ്ങളിൽ ആചാരപരമായി മുടിയേറ്റ് അവതരിപ്പിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

varanattu sankaranarayanakurupp-2

1946-ൽ ജനിച്ച വാരണാട്ട് ശങ്കരനാരായണക്കുറുപ്പ് അമ്മവഴിയിൽ ചേരാനല്ലൂർ വടക്കിനി മാരാത്ത് കുടുംബാംഗമാണ്. കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിലായിരുന്നു പഠനം. പരേതനായ വെസ്റ്റ് കൊരട്ടി വാരണാട്ട് മാധവക്കുറുപ്പിന്റെ മകനും ശിഷ്യനുമാണ്.

v

അച്ഛന്റെ മരണശേഷം ശ്രീഭദ്ര മുടിയേറ്റ് സംഘത്തിന്റെ ചുമതല ശങ്കരനാരായണക്കുറുപ്പ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ 50 വർഷമായി അദ്ദേഹം കേരളത്തിലെ 60-ലധികം ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിൽ മുടിയേറ്റും കളമെഴുത്തും പാട്ടും നടത്തിവരികയാണ്.

varanattu sankaranarayanakurupp-3

ചെണ്ട, തിമില, ഇടയ്ക്ക , സോപാന സംഗീതം തുടങ്ങിയ പരമ്പരാഗത സ്വര, താളവാദ്യങ്ങളും മറ്റും അമ്മാവൻ പരേതനായ ചേരാനല്ലൂർ കുട്ടപ്പക്കുറുപ്പിൽ നിന്നുമാണ് ചെറുപ്പത്തിലേ സ്വായത്തമാക്കിയത്. മുടിയേറ്റിൽ ഏതു വേഷവും അവതരിപ്പിക്കുന്നതിൽ ശങ്കരനാരായണക്കുറുപ്പ് ചെറുപ്പം മുതൽ അതീവനിപുണനായിരുന്നു.

varanattu sankaranarayanakurupp-4

2019-വരെ മുടിയേറ്റിലെ കാളീവേഷം കൈകാര്യം ചെയ്തിരുന്നു. 2011-ൽ സ്വാമിനാഥൻ പുരസ്‌കാരം തേടിയെത്തുകയുണ്ടായി. ഒരു ലക്ഷം രൂപയായിരുന്നു പുരസ്‌കാരം. കേരള ലളിതകലാ അക്കാദമിയുടെ പുരസ്‍കാരം, മുടിയേറ്റിലെ കളമെഴുത്തിന്റെ മുഖമുദ്രയിൽ പ്രാവീണ്യം നേടിയതിന് കേരള സംഗീത നാടക അക്കാദമിയുടേതുൾപ്പടെ നിരവധി അംഗീകാരങ്ങൾ തുടങ്ങിയവ ഇതുവരെ ലഭിച്ചിട്ടുണ്ട്.

varanattu sankaranarayanakurupp-6

പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്നും വിരമിച്ച പരേതയായ വിജയകുമാരിയാണ് ഭാര്യ. ഏക മകൻ മധുശങ്കർ വാരണാട്ട്, അച്ഛന്റെ പാത പിന്തുടരുന്നതോടോപ്പം എം.ജി. സർവ്വകലാശാലയിൽ ബുദ്ധമതത്തെക്കുറിച്ചുള്ള പി.എച്ച്.ഡി. പഠനഗവേഷങ്ങളിലാണിപ്പോൾ. കാളീവേഷപ്പകർച്ചയിലൂടെ ഏറെ ശ്രദ്ധേയനായ കലാകാരനാണ് മധുവും. കൊരട്ടി ശങ്കരനാരായണക്കുറുപ്പ്‌  മൊബൈൽ: 9846802686.

Advertisment