പ്രശസ്ത കവി എൻ.കെ ദേശം അന്തരിച്ചു. 87 വയസ്സായിരുന്നു

New Update
obit nk desham

ആലുവ: പ്രശസ്ത കവി എൻ. കെ ദേശം അന്തരിച്ചു. എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് കവിയുടെ ശരിയായ പേര്. 87 വയസ്സായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഞായര്‍ രാത്രി 10.30-യോടെയായിരുന്നു അന്ത്യം. കാലദേശാവബോധത്തിലിരുന്നു സ്വന്തം തൂലികകൊണ്ട് ആലുവയിലെ ദേശം ഗ്രാമത്തെ പ്രശസ്തമാക്കിയ കവി.

Advertisment

obit nk desham-2

സുവ്യക്തമായ ആശയങ്ങൾ ഹൃദായാവർജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകൾ ദേശത്തിന്റേതായുണ്ട്. ഇവയിൽ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൗമ്യമായ നർമരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. എൻ. കെ. ദേശത്തിന്റെ കവിത സ്‌കൂൾ പാഠപ്പുസ്തകങ്ങളിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയുടെ മലയാള പരിഭാഷ നടത്തിയിട്ടുണ്ട്.

1936 ഒക്ടോബർ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു എഴുത്തുകാരന്റെ ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ സേവനമനുഷ്ഠിച്ചു വിരമിച്ചു.

Advertisment