എറണാകുളം: കഴിഞ്ഞ ഒരു പതിറ്റാണ്ട് ആയി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഇന്റർനാഷണൽ കോർഡിനേറ്ററായി വിവിധ രാജ്യങ്ങളിൽ ഉള്ള പ്രവാസികൾക്ക് വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രവാസി കോൺഗ്രസ്സ് എസ് എറണാകുളം ജില്ല പ്രസിഡന്റ് കൂടിയായ ഹാഷിം പെരുമ്പാവൂരിനെ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രശസ്തി പത്രവും, മൊമെന്റൊയും നൽകി ആദരിച്ചു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
കോവിഡ് കാലത്ത് റദ്ദു ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സുപ്രീം കോടതിയിൽ നിന്നും പ്രവാസികൾക്ക് അനുകൂലമായി നിരവധി കോടതി വിധികൾ നേടിയെടുത്തിട്ടുള്ള സംഘടനകൂടിയാണ് പ്രവാസി ലീഗൽ സെൽ. കൂടാതെ പ്രവാസി മലയാളികൾക്ക് നോർക്കയിൽ അൻപത് ശതമാനം സംവരണം വേണമെന്നും പിഎൽസി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള അർഹരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ മിഷനുകളിലൂടെ സൗജന്യ നിയമ സഹായം ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കേസുകൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിലും ശക്തമായ ഇടപെടലുകൾ സംഘടന നടത്തിവരുന്നു.
അർഹതക്കുള്ള അംഗീകാരം ആണ് ഹാഷിം പെരുമ്പാവൂരിന് ലഭിച്ചതെന്നു പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ജോസ് എബ്രഹാം (അഡ്വക്കേറ്റ് ഓൺ റെക്കോർഡ് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ) പറഞ്ഞു,
എറണാകുളം ടൗൺഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോൺഗ്രസ്സ് എസ് എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ വച്ചായിരുന്നു ആദരിക്കൽ.
കോൺഗ്രസ് - എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ.എം അനിൽ കുമാർ, മുൻ മന്ത്രി ജോസ് തെറ്റയിൽ, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സിപിഎം ഏരിയ സെക്രട്ടറി സി മണി, എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുമ്പളം രവി, ആർജെഡി ജില്ലാ പ്രസിഡന്റ് ജെയ്സൺ പാനികുളങ്ങര, ഐഎൻഎൽ ജില്ലാ സെക്രട്ടറി എസ് കലാം, കോൺഗ്രസ് - എസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി വി വർഗീസ്, മാത്യൂസ് കോലഞ്ചേരി, ഐ ഷിഹാബുദീൻ, എഐസിസി - എസ് അംഗം വി വി സന്തോഷ്‌ലാൽ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ ജെ ബേസിൽ, പി അജിത്കുമാർ, ജില്ലാ ഭാരവാഹികളായ വർഗീസ് മറ്റം, എൻ ഐ പൗലോസ്, ജൂബി എം വർഗീസ്, ടി എസ് ജോൺ, പോൾ പേട്ട, എസ് വി ദിനേശ്, സുഷമ വിജയൻ, രാജു ജോസ്, സിൽവി സുനിൽ, വി ടി വിനീത്, രഞ്ജു ചെറിയാൻ, ആന്റോ മോനാച്ചേരി എന്നിവർ സംബന്ധിച്ചു.