കൊച്ചി: പിണറായി സർക്കാരിന് തുടർഭരണം ഉറപ്പാക്കുന്നതിൽ ഏറെ നിർണായകമായത് കോവിഡ് കാലത്തെ കിറ്റ് വിതരണമാണ്. അരി മുതൽ ഉപ്പുവരെയുള്ള സാധനങ്ങൾ തികച്ചും സൗജന്യമായി ദുരിതകാലത്ത് വീടുകളിലെത്തിച്ചെന്ന പ്രചാരണം കുറിക്കുകൊണ്ടു. എൽഡിഎഫ് അനായാസം ജയിച്ചു കയറി.
സമാനമായ തന്ത്രമാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ പയറ്റുന്നത്. ഇത്തവണയും അരി തന്നെയാണ് വിഷയം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കിലോയ്ക്ക് 29 രൂപയ്ക്ക് അരി നൽകുന്ന കേന്ദ്രപദ്ധതി കേരളത്തിൽ വ്യാപകമായി നടപ്പാക്കുകയാണ്.
അഞ്ചു പത്തും കിലോ തൂക്കമുള്ള പായ്ക്കറ്റുകളായി അരിയെത്തിക്കാൻ വാഹനങ്ങൾ സജ്ജമാക്കിയിരിക്കുകയാണ് കേന്ദ്രം. പൊതു വിപണിയിൽ അറുപതും എഴുപതും അതിലേറെയും രൂപയാണ് അരിക്കുള്ളത്. ഈ സാഹചര്യത്തിലാണ് 29 രൂപയ്ക്ക് ഗുണമേന്മയുള്ള ഭാരത് ബ്രാൻഡ് അരിയുമായി കേന്ദ്രം വരുന്നത്.
/sathyam/media/media_files/xH0jnfSBzIYnqtKUFbEW.jpg)
ബിജെപി ഏറെ വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന തൃശൂരിലാണ് അരി വിതരണം തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ വാഹനങ്ങളിലൂടെ അരിവിൽപ്പന എല്ലാ ജില്ലകളിലും തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ വിൽപ്പനയുമെല്ലാം തൃശൂരിൽ നടത്തിയതിനു പിന്നിൽ തികഞ്ഞ രാഷ്ട്രീയം തന്നെ. വോട്ട് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കമാണിത്.
ആദ്യമെത്തിച്ച 150 ചാക്ക് അരിയും വിറ്റുപോയിരുന്നു. ഗുണമേന്മയേറിയ അരിയാണ് 29 രൂപയ്ക്ക് നൽകുന്നത്. പച്ചരിയിൽ ഗുണമേന്മ കൂടിയ പൊന്നി അരിയാണ് ആദ്യം വിറ്റത്. നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് വില്പന.
നേരത്തേ സപ്ലൈകോ 25 രൂപയ്ക്കാണ് അരി നൽകിയിരുന്നത്. പക്ഷേ, സബ്സിഡിത്തുക സർക്കാർ നൽകാതായതോടെ കച്ചവടം നിലച്ചിട്ട് മാസം അഞ്ചായി. സപ്ളൈകോ സബ്സിഡി സാധന വില കൂട്ടാനുള്ള റിപ്പോർട്ട് സർക്കാരിനു മുന്നിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാവും നടപ്പാക്കുക. മാവേലി സ്റ്റോറുകളിലൂടെ 25 രൂപയ്ക്ക് അരി കിട്ടാതായത് സാധാരണക്കാർക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഈ സമയത്താണ് 29 രൂപയ്ക്ക് ഗുണമേന്മയുള്ള അരിയുമായി കേന്ദ്രം എത്തിയത്.
എഫ്.സി.ഐയുടെ അങ്കമാലി ഗോഡൗണിൽ നിന്നാണ് സംസ്ഥാനത്തിനു വേണ്ടിയുള്ള അരി ശേഖരിക്കുന്നത്. അവിടെ നിന്നും കാലടിയിലെ മില്ലിൽ എത്തിച്ച് പോളിഷ് ചെയ്ത ശേഷമാണ് പായ്ക്കറ്റുകളിലാക്കുന്നത്. ഒരാഴ്ച കഴിഞ്ഞ് ഓൺലൈൻ മുഖേനയുള്ള വിപണവും ആരംഭിക്കും. കേന്ദ്രത്തിന്റെ ഭാരത് അരി ആർക്കും വാങ്ങാം. റേഷൻ കാർഡ് വേണമെന്നില്ല. ഒറ്റത്തവണ 10 കിലോ അരിയേ നൽകൂ. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഭാരത് റൈസ് ഹിറ്റാക്കിയാൽ വോട്ടാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.