Advertisment

നാലരക്കോടി ചിലവാക്കിയ മുളന്തുരുത്തിയിലെ ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നില്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇടുങ്ങിയ സ്റ്റാൻഡിൽ ബസുകൾക്ക് സുഗമമായി കയറി ഇറങ്ങാൻ പറ്റത്തില്ല എന്ന് ബസ് ഡ്രൈവർമാർ. വലിയ ഡിപ്പോസിറ്റും വാടകയും നൽകി കടമുറികൾ എടുത്തവർ കച്ചവടം ഇല്ലാതെ കടമുറികൾ ഒഴിയുന്നു. ശുചിമുറിയുടെ ദുർഗന്ധം അടിച്ച് ബസ് കാത്ത് നിൽക്കാൻ വിധിക്കപ്പെട്ട യാത്രക്കാരുടെ ഗതികേട് വേറെയും

New Update
mulanthuruthy bus stand-4

മുളന്തുരുത്തി: മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നാലരക്കോടി മുടക്കി പള്ളിത്താഴത്ത് ഇട്ടാവട്ടസ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ ഒരു ബസ് സ്റ്റാൻഡ് പണികഴിപ്പിച്ചു. കടമുറികൾ വാടകയ്ക്ക് എടുക്കാൻ സംരഭകർ മുന്നോട്ട് വന്നു.

Advertisment

മാസങ്ങളോളം ബസ് സ്റ്റാൻഡ്,  വെയിലിലും മഴയിലും ഉദ്ഘാടനം കാത്ത് കിടന്നു. നാട്ടുകാരുടെ ആവശ്യപ്രകാരം ഒടുവിൽ ബസ് സ്റ്റാൻഡ് തുറന്ന് കൊടുത്തു. കടകൾ തുറന്ന കച്ചവടക്കാർ ചിരിച്ചു. ഓരോ ദിവസം കഴിയുന്തോറും ബസ് സ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്ത് കടകൾ എടുത്തവരുടെ ചിരി കുറഞ്ഞു കുറഞ്ഞു വന്നു. 

ബസ് സ്റ്റാൻഡിൽ യാത്രക്കാർ വന്നാലല്ലേ കച്ചവടം ഉണ്ടാകൂ. യാത്രക്കാർ ഇല്ലാത്തതിന് കാരണം, ബസ്സുകൾ സ്റ്റാൻഡിൽ കയറാൻ മടികാട്ടുന്നതിനാൽ. ബസ് സ്റ്റാൻഡിൽ, ബസിന് കയറി ഇറങ്ങി പോകാൻ ആവശ്യത്തിന് സ്ഥലമില്ല എന്ന് ഡ്രൈവർമാർ പറയുന്നു. 

mulanthuruthy bus stand-7

ഷോപ്പിങ് കോംപ്ലക്സ് പണിതത് സ്റ്റാൻഡിന്റെ ഒത്ത നടുവിൽ നെടുനീളത്തിലായിപ്പോയി. ദൂരക്കാഴ്ച ഇല്ലാത്ത ആരുടെയോ താത്പര്യങ്ങൾക്ക് ഇരയായത് പൊതുജനവും. ഇത്തിരിപ്പോന്ന സ്ഥലത്തിന് നടുവിൽ കെട്ടിടം പണിയുന്നതിന് പകരം കിഴക്ക് ഭാഗത്തേക്ക് ഇറക്കി പണിതിരുന്നു എങ്കിൽ ബസുകൾക്ക് കയറി ഇറങ്ങാമായിരുന്നു. 

കടകളുടെ രണ്ട് ഭാഗവും തുറന്ന് കിടന്നാലേ കച്ചവടം വരൂ എന്ന അൽപബുദ്ധിയെ, ഒരു ഇടനാഴി കൊണ്ട് തുറക്കാമായിരുന്നു എന്ന് മറൈൻ ഡ്രൈവിലെയും മറ്റുമുള്ള കെട്ടിടങ്ങൾ പഠിപ്പിച്ചില്ല എന്നത് ഖേദകരമായിപ്പോയി. അതുമല്ലെങ്കിൽ ഒരു കടമുറി കുറച്ച് പണിതാലും മതിയായിരുന്നു.

എന്തായാലും പൊതുജനം പെരുവഴിയിൽ തന്നെ എന്ന് പറഞ്ഞാൽ മതി. വേണ്ടത്ര പഠനം നടത്താതെ പണിത കെട്ടിടവും ബസ് സ്റ്റാൻഡും കൊണ്ട് യാത്രക്കാർക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്തായി പണിത ശുചിമുറിയുടെ കാര്യം പറയുകയും വേണ്ട. 

വൃത്തിഹീനമായ ശുചിമുറിയിൽ നിന്നും വമിയ്ക്കുന്ന ദുർഗന്ധം പരിസരമാകെ പരക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു വിദ്യാർത്ഥിയ്ക്ക് ശുചിമുറിയുടെ ഭിത്തിയിൽ നിന്നും ഇലക്ട്രിക് ഷോക്ക് അടിയ്ക്കുക ഉണ്ടായി.

mulanthuruthy bus stand

പള്ളിത്താഴത്തെ ബസ് സ്റ്റോപ്പുകൾ

മുളന്തുരുത്തി പള്ളിത്താഴം കവലയിൽ നിന്നും നാല് വഴികളും തുടങ്ങുന്നിടത്തായിരുന്നു ബസ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്. അതായത് ചോറ്റാനിക്കര, നടക്കാവ്, തലയോലപ്പറമ്പ്, പിറവം തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകുന്ന ബസുകൾ നിർത്തിയിരുന്നത് കവലയോട് ചേർന്നായിരുന്നു. 

അത്കൊണ്ട് തന്നെ കവലയിൽ ഗതാഗതക്കുരുക്കുകൾ സർവ്വസാധാരണമായി. പിറവം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് താരതമ്യേന ഇടുങ്ങിയ ഭാഗത്ത് ആയതിനാൽ ഒരു ബസ് അവിടെ നിർത്തിയാൽ പുറകേ വരുന്ന വാഹനങ്ങൾ ആ ബസ് പോകുന്നത് വരെ കാത്ത് കിടന്നാലേ മുന്നോട്ട് എടുക്കാൻ കഴിയൂ.

mulanthuruthy bus stand-6

തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പിൽ ബസ്സുകൾ നിർത്തിയിരുന്നത് പിറവം റോഡിൽ നിന്നും വരുന്ന വളവിനോട് ചേർന്ന് ആയിരുന്നു. തീർത്തും വീതികുറഞ്ഞ ഈ റോഡിന്റെ ഒരു വശത്ത് ജംഗ്ഷൻ വരെ  ഓട്ടോറിക്ഷകൾ കൈയടക്കിയിരിയ്ക്കുന്നു. 

എതിർ ഭാഗത്ത് ബൈക്കുകളുടെ നീണ്ട നിരയും. കവലയിൽ ചുറ്റിത്തിരിയാൻ വരുന്ന ചില വിരുതൻമാർ, കടകളുടെ മുൻപിൽ ബൈക്കുകൾ പാർക്ക് ചെയ്തതിന് ശേഷം അപ്രത്യക്ഷമാകുന്നു. ഈ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വരുന്നവരാണ് ഈ കൂട്ടരുടെ "സൽപ്രവൃത്തികൊണ്ട്" ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

നടക്കാവ് ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റോപ്പ് ആണ് ഏറ്റവും പരിതാപകരം. ബെൽമൗത്തിൽ  ബസുകൾ നിർത്തുന്ന ശീലം എല്ലാ ഡ്രൈവർമാരും കൃത്യമായി പാലിയ്ക്കുന്നത് കാരണം ഇവിടെ വലിയ ഗതാഗത കുരുക്ക് രൂപപ്പെടുന്നു. 

mulanthuruthy bus stand-5

നടക്കാവ് ഭാഗത്ത് നിന്ന് മുളന്തുരുത്തിയിലേക്ക് വരുന്ന വാഹനങ്ങളും ചോറ്റാനിക്കര, തലയോലപ്പറമ്പ്, പിറവം ഭാഗത്ത് നിന്ന് നടക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഈ വഴിയിലൂടെയാണ് കടന്ന് പോകേണ്ടത്. 

എന്നാൽ, ഇവിടെ കവലയോട് തൊട്ട് ചേർന്ന് നിർത്തി യാത്രക്കാരെ ഇറക്കി കയറ്റുന്ന ബസുകൾ സൃഷ്ടിയ്ക്കുന്ന ഗതാഗത തടസ്സം ബസ് സ്റ്റാൻഡ് ഉണ്ടായിട്ടും തുടരുകയാണ്. 

ബസ്സുകൾ മാത്രമല്ല, യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകൾ ഓട്ടോ സ്റ്റാൻഡിലെ ഏറ്റവും മുന്നിൽ നിർത്തിയിട്ടിരിയ്ക്കുന്ന ഓട്ടോയുടെ മുൻവശത്തേ നിർത്തി ആളെ ഇറക്കൂ എന്ന ഒറ്റ വാശിയാണ്. 

അത് കാരണം നടക്കാവിലേയ്ക്ക് തിരിയേണ്ട വാഹനങ്ങൾ, ഓട്ടോ റിക്ഷ ഡ്രൈവറും യാത്രക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ തീരുന്നത് വരെ പുറകേ പുറകേ കാത്ത് കെട്ടിക്കിടക്കേണ്ടി വരുന്നു. 

ഈ കാര്യത്തിൽ ഓട്ടോ റിക്ഷകൾ മാത്രമല്ല വകതിരിവ് കാണിക്കാത്തത്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവരും ബൈക്കുകളിൽ വരുന്നവരും ഈ ബെൽ മൗത്തുകളിലാണ് പ്രിയപ്പെട്ടവരെ ഇറക്കുന്നതും കയറ്റുന്നതും. 

വലിയ തിരക്കുണ്ടാകാത്ത ബസ് സ്റ്റോപ്പ് ചോറ്റാനിക്കര ഭാഗത്തേക്ക് പോകുന്നതാണ്. അൽപം വീതിയുള്ള ഭാഗമായതിനാൽ ബ്ലോക്ക് കുറവാണ്. 

ബസ് സ്റ്റാൻഡ് പണിയുന്നതിന് മുൻപ് ഈ സ്റ്റോപ്പുകൾ കവലയിൽ നിന്നും അൽപം മാറ്റി സ്ഥാപിക്കണം എന്ന് പല ഭാഗങ്ങളിലും നിന്ന് ആവശ്യം ഉന്നയിച്ചിരുന്നു. 

എന്നാൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഈ സ്റ്റോപ്പുകൾ മാറ്റുകയും പിറവം ഭാഗത്തേക്ക് പോകുന്ന കവലയിലെ സ്റ്റോപ്പ് ഇല്ലാതാക്കുകയും ചെയ്തു.

ബസ് സ്റ്റാൻഡിന് പകരം ഈ സ്റ്റോപ്പുകൾ നാളുകൾക്ക് മുമ്പേ  മാറ്റിയിരുന്നു  എങ്കിൽ അഭികാമ്യം ആയിരുന്നേനെ. 

mulanthuruthy bus stand-2

ബസുകൾ സ്റ്റാൻഡിൽ കയറണം

മുളന്തുരുത്തിയിൽ വരുന്ന യാത്രക്കാർ അങ്കലാപ്പിൽ ആകുന്നത് ബസ് എവിടെ നിർത്തും എന്ന് ഓർത്താണ്. സ്റ്റാൻഡിൽ നിന്നാൽ ബസ് വരുമോ, കവലയിലേയ്ക്ക് മാറി നിൽക്കണോ എന്നൊക്കെയുള്ള ആശയക്കുഴപ്പത്തിലാണ് യാത്രക്കാർ.

ബസുകൾക്ക് സ്റ്റാൻഡിനകത്തെ കെട്ടിടം ചുറ്റിക്കറങ്ങി പോകാൻ നിലവിലെ സൗകര്യം അപര്യാപ്തമാണല്ലോ. എന്നാൽ റോഡിന് അഭിമുഖമായി നിൽക്കുന്ന കടകളുടെ മുന്നിലൂടെ ബസുകൾക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകത്തില്ല. 

ആ കടകളുടെ മുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് സ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്ത് പാർക്കിംഗ് ഏർപ്പെടുത്തണം. പതിനഞ്ച് മിനുട്ടിൽ കൂടുതൽ സമയം പാർക്ക് ചെയ്യുന്നവരിൽ നിന്നും യൂസർ ഫീ ഈടാക്കിയാൽ ചുമ്മാ കറങ്ങി നടക്കുന്നവരുടെ അനധികൃത പാർക്കിംഗ് ഇല്ലാതാക്കാം. ഇത് പള്ളിത്താഴം കവലയിലും ഏർപ്പെടുത്തിയാൽ ദിനം പ്രതി വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാം.

mulanthuruthy bus stand-3

കൂടാതെ, ബസ് സ്റ്റാൻഡിന് മുൻഭാഗത്ത്, പിഡബ്ല്യുഡി റോഡിന് അഭിമുഖമായി നിൽക്കുന്ന ചെറിയ മതിൽ പൊളിച്ച് റോഡിനോട് ചേർത്താൽ കൂടുതൽ വീതി ലഭിയ്ക്കും. രണ്ടിലധികം ബസുകൾക്ക് വരാനും പോകാനും കഴിയും. ബസുകൾ കയറുന്നതോടെ സ്റാൻഡിലെ കച്ചവടക്കാർക്ക് ഉപജീവനമാർഗം തുറന്ന് കിട്ടുകയും ചെയ്യും.

ബസ് സ്റ്റാൻഡിലെ ശുചിമുറി വൃത്തിയായി സൂക്ഷിയ്ക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. ഈ കാര്യങ്ങൾ നടപ്പിലാക്കാൻ ഇനിയും പഞ്ചായത്ത് അലംഭാവം കാണിച്ചാൽ ജനങ്ങൾ വലിയ പ്രക്ഷോഭ പരിപാടികൾ നടത്താൻ സാദ്ധ്യതയുണ്ട്.

Advertisment