കൊച്ചി: അതിദാരുണമായ കൊലപാതകം ആയിരുന്നു കെ. വിനോദ് എന്ന ടി.ടി.ഇ യുടേത്. ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ടി.ടി.ഇ യെ ഒഡീഷ സ്വദേശിയായ രജനികാന്ത് എന്ന മദ്യപൻ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു.
ഇന്ത്യയിലെ സകല ക്രിമിനലുകളും കേരളത്തിൽ വന്ന് ഒളിവിൽ കഴിയുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാട്ടിൻപുറത്തും നഗരത്തിലും താമസിച്ച് ജോലിചെയ്യുന്ന ഇവരിൽ നല്ലവരാരെന്നോ ക്രിമിനലുകൾ ആരെന്നോ ആഭ്യന്തരവകുപ്പിന് പോലും നിശ്ചയമില്ല. സമീപ സമയത്ത് ഒരു പോലീസ് ഓഫീസറെയും ഒരു അന്യസംസ്ഥാന തൊഴിലാളി ക്രൂരമായി മർദ്ദിച്ചിരുന്നു.
കേരളത്തിന് പുറത്ത് ടിക്കറ്റ് എടുത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നവർ കൂടുതലാണ്. റിസർവേഷൻ ബോഗികളിൽ, എ.സി. സ്ലീപ്പറുകളിൽ എല്ലാം ട്രെയിൻ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കടന്നാൽ ടിക്കറ്റില്ലാത്തവർ പലപ്പോഴും ഇരച്ചു കയറും. അനുഭവസ്ഥർ ധാരാളം ഉണ്ട്. പരാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല.
റെയിൽവേയുടെ നിയമം പാലിയ്ക്കുന്നത് മലയാളികൾ, നിവൃത്തികേട് കൊണ്ട് നിയമം ലംഘിച്ചാൽ ശിക്ഷിയ്ക്കപ്പെടുന്നതും മലയാളികൾ. പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തില്ലെങ്കിൽ മലയാളിയ്ക്ക് ശിക്ഷ ഉറപ്പ്.
അപ്പോൾ ഒരു പ്ലാറ്റ് ഫോം ടിക്കറ്റ് പോലുമില്ലാതെ രജനികാന്ത് എന്ന മദ്യപൻ എങ്ങനെ പ്ലാറ്റ് ഫോമിൽ കയറി. (അയാളുടെ കൈയ്യിൽ സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്) ഇയാൾ ഏത് സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിച്ചതെന്ന് ഇതെഴുതുന്ന സമയത്ത് വ്യക്തമായിട്ടില്ല. ട്രെയിനിൽ മദ്യപിച്ച് യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ് എന്ന് റെയിൽവേ തന്നെ പറഞ്ഞിട്ടുണ്ട്.
/sathyam/media/media_files/fKaGlAxCVl4R8aDuxA3G.jpg)
റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച് ലക്കുകെട്ട ഇയാളുടെ ചേഷ്ടകൾ ആർ.പി.എഫി ന്റെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ വിനോദ് ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു. ഇനി അഥവാ അവർ കണ്ടാലും നിസ്സാരമായി എടുത്തുകാണണം. ഇതാണ് ആദ്യമേ പറഞ്ഞ റെയിൽവേയുടെ നിരുത്തരവാദപരമായ സമീപനം.
ആർ.പി.എഫിന് എന്താ ജോലി.? പ്ലാറ്റ് ഫോമുകളിൽ നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കണ്ടേ. വിനോദിന്റെ കോലപാതകിയെപ്പോലെ പ്ലാറ്റ് ഫോം ടിക്കറ്റ് പോലും ഇല്ലാത്തവരെ കസ്റ്റഡിയിൽ എടുത്ത് ജയിലിൽ അടയ്ക്കാൻ തയ്യാറാകാത്തത് എന്താ.? വിനോദിന്റെ കൊലപാതകം പോലെ അതിദാരുണമായ സംഭവങ്ങൾക്ക് കാത്തിരിയ്ക്കുകയായിരുന്നോ.?
/sathyam/media/media_files/KS1OQBds9dqngYY9qudI.jpg)
റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്ന സ്ക്വാഡുകളും പ്രവർത്തനക്ഷമമല്ല. പ്രധാന പ്രവേശന കവാടത്തിലൂടെ അല്ലാതെയും ഇതുപോലുള്ള ക്രിമിനലുകൾ പ്ലാറ്റ് ഫോമിൽ പ്രവേശിയ്ക്കുന്നത് തടയാൻ റെയിൽവേ ഉദ്യോഗസ്ഥരും ആർ.പി.എഫും ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം.
അംഗീകാരമില്ലാത്ത കച്ചവടക്കാരുടെ ബാഹുല്യമാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ട്രെയിനുകളിൽ കച്ചവടം ചെയ്യാൻ ആരാണ് ഇവർക്ക് അനുവാദം നൽകുന്നത്.? ആർ.പി.എഫ് അല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയരുത്.
റെയിൽവേ സ്റ്റേഷനുകളിൽ തമ്പടിയ്ക്കുന്ന നാടോടികൾ പോരാഞ്ഞിട്ട് പ്രാദേശിക മോഷ്ടാക്കളും യാത്രക്കാർക്ക് ഭീഷണിയാകുന്നു. റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും വൃത്തിഹീനമാക്കിയിരുന്ന ഇക്കൂട്ടർ ആർ.പി.എഫിന്റെ നിരന്തരമായ വിരട്ടലിലൂടെ സ്ഥലം വിട്ടെങ്കിലും ജന്മനാ കുറ്റവാളികളായവർ ഏതുവിധേനയും ട്രെയിനിൽ കയറിക്കൂടും.
/sathyam/media/media_files/t1xylT5s6dBJ2cRnK8He.jpg)
ട്രെയിൻ പ്ലാറ്റ്ഫോം വിടുന്നത് വരെ ടൊയ്ലറ്റിന് സമീപം പരമസാധുവിനെപ്പോലെ കിടക്കുകയോ കുന്തിച്ചിരിയ്ക്കുകയോ ചെയ്യും. ട്രെയിൻ നീങ്ങിക്കഴിഞ്ഞാൽ പതുക്കെ എഴുന്നേറ്റ് കംപാർട്ട്മെന്റിലേയ്ക്ക് വരും. ചിലർ തറ തുടച്ച് പൈസ വാങ്ങുന്നവരാകും. സാധാരണ ടി.ടി.ഇ മാരും ആർ.പി.എഫും ഇവരെ അവഗണിയ്ക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ഉള്ളിലെ മൃഗം എപ്പോഴാണ് യാത്രക്കാരെ ആക്രമിയ്ക്കുക എന്ന് അറിയില്ല.
സൗമ്യനും കലാകാരനുമായ ടി.ടി.ഇ ആയിരുന്നു വിനോദ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. യാത്രക്കാർക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ഒരു സാമൂഹ്യ വിരുദ്ധന്റെ കൈകളിൽ ആ ജീവൻ പൊലിഞ്ഞു. ഇനിയും വിനോദ്മാരും അവരുടെ ജീവനെടുക്കുന്ന രജനീകാന്ത്മാരും ഉണ്ടാകാതിരിയ്ക്കട്ടെ.