/sathyam/media/media_files/KETaVFrCAHWsIQTyG6ca.jpg)
കൊച്ചി: കേരളം ഗുണ്ടാഭീതിയിലൂടെ കടന്നുപോവുന്ന ദിനങ്ങളാണിത്. കൊലവിളിയും അക്രമവുമായി ഗുണ്ടകൾ നാടുവിറപ്പിച്ചിട്ടും പോലീസിന് കാര്യമായി ഇടപെടാനാവുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് പോലീസുകാരെ അയൽ ജില്ലകളിലേക്ക് കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. ഭൂരിഭാഗം സ്റ്റേഷനുകളിലും പുതുതായെത്തിയ പോലീസുകാരാണുള്ളത്.
ജൂൺ ആറിന് പെരുമാറ്റചട്ടം അവസാനിച്ചാൽ ഇവർക്ക് പഴയ ലാവണങ്ങളിലേക്ക് മടങ്ങാം. അതിനാൽ തത്കാലത്തേക്ക് എത്തിയ സ്ഥലത്തെ ഗുണ്ടകളെ നിരീക്ഷിക്കാനും അക്രമങ്ങൾ അടിച്ചമർത്താനും അവർ തുനിയാത്തതാണ് പ്രശ്നം വഷളാക്കിയത്. ഗുണ്ടകളുടെ അക്രമം വ്യാപകമായതോടെ ഓപ്പറേഷൻ ആഗ് എന്ന പേരിൽ ഇന്ന് രാവിലെ മുതൽ ഗുണ്ടാ വേട്ട തുടങ്ങിയിരിക്കുകയാണ് പോലീസ്.
ക്രിമിനലുകളെ നിരീക്ഷിക്കുന്നതിലെ വീഴ്ചയും കാപ്പ നിയമം ഉപയോഗിച്ച് കൊടുംക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലെ ഒത്തുകളിയും പതിവായതോടെയാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം തുടങ്ങിയത്. കൊലക്കേസ് പ്രതിയായാലും ജാമ്യത്തിലിറങ്ങിയാൽ തോന്നും പടിയാണ്. കരുതൽ തടങ്കലിലാകേണ്ട പ്രതികൾ ഭൂരിഭാഗവും നാട്ടിൽ വിലസുന്നു.
തലസ്ഥാനത്ത് കരമനയിൽ അഖിലിന്റെ (22) മൃഗീയമായ കൊലപാതകത്തിലെത്തി നിൽക്കുകയാണ് സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം. ആലുവ ചൊവ്വരയിൽ ബസ് സ്റ്റാൻഡിലിരുന്ന മുൻപഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരെ ഗുണ്ടകൾ തല്ലി ചതച്ചു, തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി. എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു.
രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് നടന്ന ഗുണ്ടാവിളയാട്ടങ്ങളും ദാരുണമായ അക്രമങ്ങളും ഇങ്ങനെ നീളുകയാണ്. കരമനയിൽ 2019ൽ സമാനമായ കൊലപാതകം നടത്തിയ ക്രിമിനൽ സംഘം നാട്ടിൽ പൂർവാധികം ശക്തിയോടെ വിലസുമ്പോൾ പൊലീസ് വെറും കാഴ്ചക്കാരായന്റെ ഫലാണിത്. സമീപകാലത്തായി ഗുണ്ടകൾക്കും ലഹരി മാഫിയാ സംഘങ്ങൾക്കും മുന്നിൽ പോലീസ് വഴങ്ങുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ ഗുണ്ട അടക്കമുള്ളവർ ആവേശം സിനിമയിലെ ഡയലോഗുമായി ഇൻസ്റ്റഗ്രാമിൽ റീൽ പുറത്തിറക്കിയ സംഭവം നടന്നത് തൃശൂരിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ഒത്തുകൂടലിന്റെ വിവരം പോലീസ് അറിഞ്ഞിട്ടും ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയില്ല.
അച്ഛന്റെ മരണാനന്തരം ഭക്ഷണം നൽകുന്നതാണെന്ന് ഗുണ്ടാനേതാവ് പറഞ്ഞതോടെ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ, ചോദ്യം ചെയ്യാനോ ശ്രമിക്കാതെ പൊലീസ് മടങ്ങി. ഇരട്ടക്കൊലപാതക കേസുകളിൽ അടക്കം പ്രതികളായവർ പുറത്തിറങ്ങുമ്പോൾ അവരെ നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിനുണ്ട്. എന്നാൽ അതുണ്ടായില്ല.
പാർട്ടിയിൽ പങ്കെടുത്തവരിൽ പലരും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്. അറുപതോളം പേർ ഒത്തുചേരാൻ തീരുമാനിച്ചിട്ടും ആ വിവരം പൊലീസിന് ലഭിച്ചില്ല. കൂട്ടത്തിൽ മറ്റ് ജില്ലകളിൽ നിന്നുള്ളവരുമുണ്ടായിരുന്നെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് സമയത്ത് ഗുണ്ടകളുടെ ഒത്തുചേരൽ നിസാരമായി തള്ളിക്കളഞ്ഞത് അതീവ ഗൗരവമായ സംഭവമാണ്. ഇരട്ടക്കൊലക്കേസിൽ പ്രതിയായ കുറ്റൂർ സ്വദേശിയാണ് പാർട്ടി നടത്തി റീൽ തയ്യാറാക്കി പുറത്തുവിട്ടതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുണ്ടകൾ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും റീലിൽ കാണാം.
ആവേശം സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറയുന്ന 'എടാ മോനേ' ഡയലോഗിട്ടാണ് റീൽ പുറത്തിറക്കിയത്. അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെ ഭീതി സൃഷ്ടിച്ച ഗുണ്ടാ ആക്രമണക്കേസുകളിൽ പങ്കെടുത്ത ഗുണ്ടാനേതാവ് ആഡംബരക്കാറിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് വരുന്നതും മറ്റുളളവർ ഓടിയെത്തി ആരാധന പ്രകടിപ്പിക്കുന്നതും കാണാം. പോലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്.
കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കുന്നതിന് തടയിടുന്നത് ഒരുകൂട്ടം പൊലീസുദ്യോഗസ്ഥരാണെന്നാണ് പ്രധാന ആക്ഷേപം. 5 വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്തുക.
7 വർഷത്തെ ക്രിമിനൽ ചരിത്രവും പരിശോധിക്കും.കരുതൽ തടങ്കലിന് ഉത്തരവിടേണ്ട കളക്ടർക്കുള്ള അപേക്ഷയിൽ തെറ്റുവരുത്തി ഗുണ്ടകളെ രക്ഷിക്കും. അപേക്ഷ കളക്ടർ നിയമവിദഗ്ദ്ധർക്ക് കൈമാറുമ്പോൾ പിശക് കണ്ടെത്തിയാൽ ഉത്തരവിറക്കില്ല. ഉത്തരവിറക്കിയാൽ ഹൈക്കോടതിയിൽ അപ്പീലിൽ നൽകി തെറ്റുകൾ ചൂണ്ടിക്കാട്ടി രക്ഷപ്പെടും. ഗുണ്ടകളുടെയും സ്ഥിരംകുറ്റവാളികളുടെയും 7വർഷത്തെ വിവരങ്ങൾ മിക്ക സ്റ്റേഷനുകളിലുമില്ല.