അറിയുവാനുള്ള നിയമപരമായ അവകാശമാണ് ആർടിഐ നിയമം നൽകുന്നത്: ജസ്റ്റിസ് സി. പ്രദീപ് കുമാർ

author-image
ഇ.എം റഷീദ്
New Update
right to information

ചാവറ കൾച്ചറൽ സെന്ററിൽ നടന്ന വിവരവകാശ ശില്പശാലയോടനുബന്ധിച്ചു ഡി.ബി. ബിനു എഴുതിയ വിവരാവകാശ നിയമം പുസ്തകത്തിന്റെ പ്രകാശനം കേരള  ഹൈകോടതി ജഡ്ജ് ജസ്റ്റിസ് സി.പ്രദീപ് കുമാർ , വിവരാവകാശ കമ്മീഷണർ ഡോ. എ.അബ്ദുൽ  ഹക്കിമിനു നൽകി നിർവഹിക്കുന്നു. ,അഡ്വ.എം.ആർ. രാജേന്ദ്രൻ നായർ , ശശികുമാർ മാവേലിക്കര ,അഡ്വക്കേറ്റ് കെ എസ് ഹരിഹരൻ, ഡി.ബി. ബിനു, പി.മോഹനദാസ്, അഡ്വ.ജോസ് എബ്രഹാം,ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ . എന്നിവർ സമീപം.

കൊച്ചി:  വിവരാവകാശ നിയമം ഓരോ പൗരനും സർക്കാരിൻറെ ഏതു പ്രവർത്തനത്തെ കുറിച്ചും അറിയുവാനുള്ള നിയമപരമായ അവകാശം നൽകുന്നുവെന്ന് കേരള ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് സി. പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ  സെൻറർ, ആർ.ടി.ഐ കേരള ഫെഡറേഷൻ,  പ്രവാസി ലീഗൽ സെൽ, ആൻറി കറപ്ഷൻ പീപ്പിൾസ് മൂവ്മെൻറ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡി.ബി. ബിനു എഴുതിയ വിവരാകാശ നിയമം എന്ന പുസ്തകത്തിൻറെ പ്രകാശനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഭരണം സുതാര്യമാക്കുക എന്നത് തന്നെയാണ് പരമപ്രധാന ലക്ഷ്യം. അഴിമതിയെ നേരിടാനുള്ള ഏറ്റവും വലിയ മാർഗം തന്നെയാണ് ഈ നിയമം. പക്ഷേ എത്രത്തോളം ഇത് ജനങ്ങളിലേക്ക്  എത്തിക്കുവാൻ സാധിച്ചു എന്നത്  ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിങ് ചെയർമാൻ  പി. മോഹനദാസ് അധ്യക്ഷത വഹിച്ചു.

മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് വിവരാവകാശ നിയമം (ആർടിഐ ആക്ട് ). ഒരു നീരാളിയെ പോലെ മനുഷ്യ സമൂഹത്തെ അഴിമതി വരിഞ്ഞ് പിടിച്ചിരിക്കുകയാണ് , ഇതിന് മാറ്റം വരണമെങ്കിൽ വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കണമെന്നും പുസ്തകത്തിൻറെ ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട്  സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ .അബ്ദുൽ ഹക്കീം അഭിപ്രായപ്പെട്ടു.

വിവരാവകാശ നിയമം ഉദ്യോഗസ്ഥരുടെ വകുപ്പുതല പരീക്ഷകൾക്ക് നിർബന്ധമായും ഉൾപ്പെടുത്തണമെന്നും പൊതുജനങ്ങൾ ഗുണഭോക്താക്കളായുള്ള സ്വകാര്യ മേഖലയെക്കൂടി വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സിഎംഐ, അഡ്വക്കേറ്റ് കെ എസ് ഹരിഹരൻ, അഡ്വ.എം.ആർ. രാജേന്ദ്രൻ നായർ, ശശികുമാർ മാവേലിക്കര, ഡിക്സൺ ഡിസിൽവ എന്നിവർ പ്രസംഗിച്ചു.

രാവിലെ വിവരാവകാശ നിയമ ശില്പശാല ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ ഉദ്ഘാടനം ചെയ്തു. ആർ ടി ഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിച്ചു. വിവരാവകാശ നിയമം എന്ത് എന്തിന് എന്ന് വിഷയത്തിൽ ഡിബി ബിനു മുഖ്യപ്രഭാഷണം നടത്തി.

ഓൺലൈൻ വിവരാവകാശ അപേക്ഷകൾ പ്രായോഗിക പരിശീലനം എന്ന വിഷയത്തിൽ തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ ജെയിംസ് വി. ജോർജ്, ഉപഭോക്ത നിയമം സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ച് അഡ്വക്കേറ്റ് ജി. കിരൺ എന്നിവർ ക്ലാസ് നയിച്ചു. കെജി ഇല്യാസ്, ഹരിലാൽ, റെജി വി ജോൺ, അഡ്വക്കറ്റ് ശശി കിഴക്കട എന്നിവർ പ്രസംഗിച്ചു.

Advertisment