കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തൃശൂര്‍ ജില്ലയില്‍ മാത്രമുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. പകരം മുന്‍ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തീരുമാനം അടുത്ത ആഴ്ചയില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം തൃശൂര്‍ ഡിസിസി പ്രസിഡന്‍റിനെ നീക്കുമ്പോള്‍ ആലത്തൂര്‍ മണ്ഡലത്തിന്‍റെ പകുതിയിലേറെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാലക്കാട് ജില്ലയിലെ ഡിസിസി പ്രസിഡന്‍റിനെയും മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്.
എന്നാല്‍ സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ പിബി അംഗം സ്ഥാനാര്‍ഥി ആയിട്ടുപോലും മുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വികെ ശ്രീകണ്ഠന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ആനുകൂല്യം പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനുണ്ട്.
പക്ഷേ ആ വിജയത്തിന്‍റെ ക്രെഡിറ്റ് ഭൂരിഭാഗവും സ്ഥാനാര്‍ഥിക്കുതന്നെ അവകാശപ്പെട്ടതാണെന്നാണ് അഭിപ്രായം. എന്തായാലും തങ്കപ്പന് കസേര തെറിച്ചില്ലെങ്കിലും ജോസ് വള്ളൂര്‍ തെറിക്കുമെന്നുറപ്പായി.