Advertisment

ഈ മാസം 14ന് ചേരാനിരിക്കുന്ന സിറോ മലബാർ സഭ സിനഡ് തീരുമാനം നേരത്തെ പുറത്തുവിട്ട സഭാനേതൃത്വത്തിന്റെ നടപടി വിവാദത്തിൽ ! സിനഡിന് ശേഷം പുറത്തിറക്കാനിരുന്ന സർക്കുലർ സഭാ വാട്സ്ആപ്പ് ഗ്രൂപ്പുകളിലിട്ടത് നേതൃത്വത്തിലുള്ള വിവാദ വൈദീകൻ. അബദ്ധമെന്ന പേരിൽ ചെയ്തത് വിമത വിഭാഗത്തെ സഹായിക്കാൻ മനപൂർവമായിരുന്നെന്ന് ആരോപണം ? സർക്കുലർ ചോർന്നതോടെ പിന്നാലെ ഔദോഗിക സർക്കുലറാക്കി തലയൂരി ! പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ പിടിപ്പുകേടെന്നും വിമര്‍ശനം

New Update
mar rafel thattil-2

കൊച്ചി: സിറോ മലബാർ സഭയിൽ സിനഡ് ചേരുന്നതിന് മുമ്പേ സിനഡ് തീരുമാനങ്ങൾ പുറത്തായെന്ന് പുതിയ വിവാദം. എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കാനായി വിളിച്ചു ചേർത്ത ഓൺലൈൻ സിനഡിന് മുൻപ് സിനഡ് തീരുമാനമെന്ന പേരിൽ സർക്കുലർ പുറത്തിറങ്ങിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.

Advertisment

ജൂൺ 14ന് ഓൺലൈൻ സിനഡ് വിളിച്ച് ചേർക്കാനാണ് മേജർ ആർച്ച്ബിഷപ്പ് സർക്കുലർ ഇറക്കിയത്. സിനഡിന്റെ  ഏക അജണ്ട എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം മാത്രമാണെന്നും കാട്ടി സിറോ- മലബാർ സഭ ആസ്ഥാനത്ത് നിന്ന് വാർത്താ കുറിപ്പും പുറത്തിറങ്ങിയിരുന്നു.


എന്നാൽ ഇന്നലെ  മൗണ്ട് സെൻ്റ് തോമസിൽ നിന്ന് കൂരിയ തയാറാക്കിയ മേജർ ആർച്ച് ബിഷപ്പ് ൻ്റെയും, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെയും പേരിലുള്ള  സർക്കുലർ സിറോ മലബാർ സഭ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് എത്തി. സിനഡ് ചേരുകയോ, ചർച്ച ചെയ്യുകയോ ചെയ്യുന്നതിന് മുൻപ് തന്നെ   സിനഡ് തീരുമാനമെന്ന പേരിൽ  സർക്കുലർ പുറത്തിറക്കിയതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.


ഇതോടെ ഈ കരട് രൂപം പ്രചരിക്കുന്നത് തടയാനുള്ള നീക്കം കൂരിയ തുടങ്ങി. ഫോണിലൂടെയും നേരിട്ടും ഈ കരട് രൂപം കൈയിലുള്ളവരെ ബന്ധപ്പെട്ട് വൈദികർ അവ ഗ്രൂപ്പുകളിൽ ഇടരുതെന്ന് നിർദ്ദേശിച്ചു.

സഭയിലെ ഉത്തരവാദിത്തപ്പെട്ട വൈദീകനാണ് ഈ കുറിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. മുന്‍പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാ തലവനായിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയ പല നടപടികളും സ്വീകരിച്ചത് ഇതേ വൈദികനാണ്. 

നേരത്തെ വത്തിക്കാൻ നിർദ്ദേശപ്രകാരം സഭാ സിനഡ് ചേർന്ന് കുർബാന തർക്കം ചർച്ച ചെയ്തതിന് ശേഷം മേജർ ആർച്ച് ബിഷപ്പിൻ്റെയും അപ്പസ്തോലിക് അഡ് മിനിസ്ട്രേറ്ററുടെയും പേരിൽ സംയുക്ത സർക്കുലർ ഇറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ 15നായിരുന്നു. 

ഈ മാസം 16ന് എല്ലാ പള്ളികളിലും ഈ സർക്കുലർ വായിക്കാൻ കഴിയുന്ന രീതിയിൽ എത്തിക്കാനുമായിരുന്നു തീരുമാനം. ഇതിൻപ്രകാരം തയാറാക്കിയ സർക്കുലറിൻ്റെ കരടിൽ വച്ചിരുന്നതും ഈ തീയതിയായിരുന്നു. 


എന്നാൽ കാര്യങ്ങൾ വിവാദമായതോടെ 9/ 6/ 2024 എന്ന പുതിയ തീയതി രേഖപ്പെടുത്തി ഔദ്യോഗിക ലെറ്റർ ഹെഡിൽ സർക്കുലറായി തീരുമാനം പുറത്തിറക്കുകയായിരുന്നു. ഓൺലൈൻ സിനഡിൻ്റെ തീയതി മാറ്റിയതായി മറ്റൊരറിയിപ്പും ഇതുവരെ നൽകിയിട്ടുമില്ല. 


എന്നാൽ സിനഡ് ചേർന്ന് അംഗീകാരം നൽകുന്നതിന് മുൻപേ അച്ചടക്ക നടപടി നിർദ്ദേശിക്കുന്ന സർക്കുലറിൻ്റെ പി ഡി എഫ് രൂപം പുറത്ത് വന്നത് സഭാ നേതൃത്വത്തിലെ ഗ്രൂപ്പിസത്തിൻ്റെ ഭാഗമാണെന്ന് ആരോപണം ഉയരുന്നുണ്ട്.


സിനഡിനെ നോക്കുകുത്തിയാക്കി മൗണ്ട് സെൻ്റ് തോമസിലെ കൂരിയയായിലെ ചിലർ നടത്തിയ നീക്കമാണിതെന്നാണ് സൂചന. അബദ്ധമെന്ന മട്ടിൽ ഇത് പുറത്തുവിട്ടത് വിമത വിഭാഗത്തെ സഹായിക്കാനാണെന്ന ആക്ഷേപവും ശക്തമാണ്. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ സ്വപ്നം കണ്ട് ചിലര്‍ നടത്തുന്ന ഗൂഢ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ആരോപണം.


ഇനി സിനഡ് ജൂലൈ 3 -നു ശേഷം ചേരുകയും പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്താല്‍ മാത്രമേ നേതൃത്വത്തിന് ഇതില്‍ നിന്നും തലയൂരാന്‍ കഴിയൂ. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേടായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. മാര്‍ ആലഞ്ചേരിയുടെ കാലത്ത് ഇത്തരം വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.

Advertisment