Advertisment

ഉദയംപേരൂർ മത്സ്യതൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ 748 - ന് നൂറ് വയസ്സ്. നൂറാം വാർഷിക ആഘോഷം സെപ്റ്റംബർ 9 തിങ്കൾ, രാവിലെ 11 മണിയ്ക്ക് തെക്കൻ പറവൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
malsya thozhilali sangham

തൃപ്പൂണിത്തുറ: 1924 ൽ വാലസമുദായോദ്ധാരണി സഹകരണ സംഘം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച, ഇന്നത്തെ ഉദയംപേരൂർ മത്സ്യതൊഴിലാളി സഹകരണ സംഘത്തിന് നൂറാം പിറന്നാൾ.

Advertisment

നൂറാം വാർഷിക ആഘോഷം 2024  സെപ്റ്റംബർ 9 തിങ്കൾ രാവിലെ 11 മണിയ്ക്ക് തെക്കൻ പറവൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്യും. കെ.ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. സംഘം പ്രസിഡന്റ് ടി. രഘുവരൻ സ്വാഗതവും ബോർഡ് മെമ്പർ ടി. തങ്കപ്പൻ നന്ദിയും പറയും.

തെക്കുംകാവുങ്കര അയ്യപ്പൻ മകൻ, ചന്തിരി സംഘത്തിന്റെ ആദ്യ പ്രസിഡന്റും കടവിത്തറ കുഞ്ഞൻ ആദ്യ സെക്രട്ടറിയും ആയിരുന്നു. 1943 ൽ സംഘം 58 സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയത് വലിയ നേട്ടമായി.

1952 - ലെ കോ - ഓപ്പറേറ്റീവ് സൊസൈറ്റി ആക്ടും 1969 - ലെ കേരള സഹകരണ ആക്ടും അനുസരിച്ച് ഉദയംപേരൂർ മത്സ്യതൊഴിലാളി സഹകരണ സംഘം എന്ന പേരിൽ അന്നത്തെ വാലസമുദായോദ്ധാരണി സഹകരണ സംഘം അഭംഗുരം ഇന്നും പ്രവർത്തനം തുടരുന്നു. 

മത്സ്യലേല മാർക്കറ്റ്, സ്ഥിര നിക്ഷേപങ്ങൾ, സേവിംഗ്സ് ബാങ്ക്, സ്വർണ്ണപ്പണയ വായ്പ, പ്രതിമാസ സമ്പാദ്യ പദ്ധതികൾ, മത്സ്യഫെഢ് വഴി ലഭിക്കുന്ന വായ്പകൾ തുടങ്ങിയവ സഹകാരികൾക്ക് നൽകി വരുന്നുണ്ട്.

1936 മുതൽ കൃത്യമായി ഓഡിറ്റിംഗ് നടത്തി വരുന്ന സംഘത്തിന്റെ ബലം സഹകാരികളായ 3700 മത്സ്യതൊഴിലാളികളാണ്. മത്സ്യഫെഢിന്റെ സഹകരണത്തോടെ, ഉൾനാടൻ ജലാശയങ്ങളിൽ നിന്ന് തൊഴിലാളികൾ പിടിയ്ക്കുന്ന മത്സ്യം ലേലം ചെയ്ത് വിൽക്കുന്ന ജില്ലയിലെ ഏക സഹകരണ സംഘവുമാണ് ഇത്.

മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുന്നതിന് വായ്പയും മത്സ്യ വില്പന നടത്തുന്നവർക്ക് ബോണസ്സും കൃത്യമായി കൊടുത്തുവരുന്ന സംഘത്തിന്, സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മത്സ്യതൊഴിലാളികളെ സംഘത്തിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ട് വരുവാനും കഴിഞ്ഞിട്ടുണ്ട്. 

ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ സ്വന്തം പ്രസ്ഥാനമായ ഈ സഹകരണ സംഘം, ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് നൂറാം വാർഷികം അഭിമാനത്തോടെ ആഘോഷിയ്ക്കുന്നത്. ഈ വിജയം ഉദയംപേരൂർ മത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ മുൻകാല സാരഥികൾക്കും, സംഘത്തിന്റെ സഹകാരികൾക്കും അവകാശപ്പെട്ടതാണെന്ന്, നൂറാം വാർഷിക ആഘോഷ പരിപാടികൾ വിശദീകരിയ്ക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംഘം പ്രസിഡന്റ് ടി. രഘുവരൻ പറഞ്ഞു.

ഉദ്ഘാടന പരിപാടിയ്ക്ക് ശേഷം, പി.പി.ചിത്തരഞ്ജൻ എംഎൽഎ അവതരിപ്പിയ്ക്കുന്ന "മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധിയും, സാദ്ധ്യതകളും" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടക്കും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐറ്റിയുസി) സംസ്ഥാന പ്രസിഡണ്ട്  ടി.ജെ.ആഞ്ചലോസ് മോഡറേറ്റർ ആകും. 

അഖില കേരള ധീവര സഭ പ്രസിഡന്റ് വി.ദിനകരൻ, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പി.അശോകൻ, ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ തുടങ്ങിയ നേതാക്കൾ മുഖ്യ പ്രഭാഷകരാകും.

മത്സ്യത്തൊഴിലാളികൾക്കുള്ള ബോണസ്സ് വിതരണോദ്ഘാടനം മത്സ്യഫെഢ് ചെയർമാൻ ടി. മനോഹരനും, പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ടി.കെ.തങ്കപ്പൻ സ്മാരക അവാർഡ്, മത്സ്യഫെഢ് മാനേജിംഗ് ഡയറക്ടർ പി.  സഹദേവനും, ഓണക്കിറ്റ് വിതരണം ഫിഷറീസ് മദ്ധ്യമേഖല ജോ. ഡയറക്ടർ എസ്. മഹേഷും നിർവ്വഹിയ്ക്കും. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജിത മുരളി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിയ്ക്കും. 

ബോർഡ് മെമ്പർമാരായ പി.ആർ.തങ്കപ്പൻ, കെ.വി.പ്രകാശൻ, ഗിരിജ രമേശൻ, സി.പി.രമണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Advertisment